ചൂട് കനത്തു; ചിക്കന്‍പോക്സ് പടരുന്നു

കോട്ടയം: പകല്‍ ചൂട് കനത്തതോടെ ജില്ലയില്‍ ചിക്കന്‍പോക്സ് പടരുന്നു. നൂറുകണക്കിനുപേരാണ് ചിക്കന്‍പോക്സ് ബാധിച്ചു ചികിത്സ തേടുന്നത്. ആശുപത്രികളില്‍ ചികിത്സ തേടാതെ സ്വയം ചികിത്സ നടത്തുന്നവര്‍ ഇതിലേറെയാണ്. ഞായറാഴ്ച മാത്രം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ 11 പേര്‍ ചികിത്സ തേടി. മീനടം, കാണക്കാരി, മാഞ്ഞൂര്‍, കുറിച്ചി, അതിരമ്പുഴ പഞ്ചായത്തുകളിലും നിരവധി പേര്‍ രോഗബാധിതരായുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി 15 പേര്‍ ചികിത്സതേടി. ഇതിന്‍െറ മൂന്നിരട്ടിയോളംപേരാണ് സ്വകാര്യ ആശുപത്രികളെ സമീപിച്ചത്. മീനടം, കാണക്കാരി, മാഞ്ഞൂര്‍, കുറിച്ചി, അതിരമ്പുഴ, മുണ്ടക്കയം, മീനച്ചില്‍, കടനാട് പഞ്ചായത്തുകളിലാണ് രോഗബാധിതര്‍ കൂടുതല്‍. കോട്ടയം നഗരസഭയില്‍ ഒരാഴ്ചക്കിടെ മുപ്പതോളം പേരാണ് ചിക്കന്‍ പോക്സ് ബാധിച്ച് വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയത്. ജില്ലയുടെ മലയോര മേഖലകളിലും രോഗം പടരുന്നുണ്ട്. ചൂടിന്‍െറ വര്‍ധനക്കൊപ്പം രോഗത്തിനു കാരണമാകുന്ന വൈറസിന്‍െറ ജനിതക മാറ്റം ഉള്‍പ്പെടെയുള്ളവ രോഗം വ്യാപകമാകാന്‍ കാരണമാകുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ചൂടു കൂടുന്നതാണ് രോഗം വ്യാപകമാകാനുള്ള പ്രധാന കാരണമെന്നും അധികൃതര്‍ പറയുന്നു. വരും ദിവസങ്ങളില്‍ ചൂടുകൂടുമെന്ന സൂചനകളാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം നല്‍കുന്നത്. ഇതു വീണ്ടും രോഗം വര്‍ധിക്കാന്‍ കാരണമാകും. ശക്തമായ പനിയും ചൊറിച്ചിലുമാണ് രോഗത്തിന്‍െറ പ്രധാന അസ്വസ്ഥതകള്‍. യഥാസമയം ചികിത്സ തേടിയില്ളെങ്കില്‍ ശരീരത്തിലുണ്ടാകുന്ന കുമിളകള്‍ പൊട്ടുകയും അസ്വസ്ഥത വര്‍ധിക്കുകയും ചെയ്യും. മുമ്പ് ചിക്കന്‍പോക്സിനു ചികിത്സ തേടുന്നവരുടെ എണ്ണം കുറവായിരുന്നു. കുളിക്കാതെയും ആഹാര നിയന്ത്രണം ഏര്‍പ്പെടുത്തിയുമാണ് രോഗത്തെ നിയന്ത്രിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ചികിത്സ തേടിയത്തെുന്ന ചിക്കന്‍പോക്സ് ബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ശക്തമായ പനിയും തലവേദനയും ശരീരത്തു കുമിളകള്‍ രൂപപ്പെടുന്നതിന്‍െറ ലക്ഷണങ്ങള്‍ കാണപ്പെടുകയും ചെയ്യുമ്പോള്‍ തന്നെ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. മരുന്നിനൊപ്പം കൃത്യമായ വിശ്രമവും കൂടിയാകുമ്പോള്‍ വേഗം രോഗം ശമിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ, പനിബാധിതരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. പകല്‍ കനത്തചൂടും രാത്രിയിലെ മഞ്ഞുമാണ് വില്ലന്‍. ഇത് പലരിലും അസ്വസ്ഥത സൃഷ്ടിക്കുന്നുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.