കൈപ്പുഴ മാക്കോത്തറ പാടശേഖരത്തില്‍ നെല്ല് പഴുത്തുണങ്ങുന്നു

ഗാന്ധിനഗര്‍: കൈപ്പുഴ മാക്കോത്തറ പാടശേഖരത്തില്‍ ഇലകളില്‍ മഞ്ഞപ്പ് ബാധിച്ച് നെല്ല് പഴുത്തുണങ്ങുന്നു. 500 ഏക്കറോളം വരുന്ന പാടശേഖരത്തില്‍ നിരവധി കര്‍ഷകരുടെ കൃഷിയിടത്തില്‍ നെല്‍ചെടികളില്‍ മഞ്ഞപ്പ് ബാധിച്ച് പഴുത്തനിലയിലാണ്. സംഭവത്തെ തുടര്‍ന്ന് പുഞ്ചകൃഷിയിറക്കിയ കര്‍ഷകര്‍ ആശങ്കയിലാണ്. ആദ്യം നെല്ളോലകളില്‍ മഞ്ഞപ്പ് ബാധിക്കും. പിന്നീട് പഴുത്തുണങ്ങുന്ന രീതിയാണ് കണ്ടുവരുന്നത്. കൈപ്പുഴ അറയ്ക്കല്‍ ബാബു, ആര്‍പ്പൂക്കര സ്വദേശി ജിമ്മി, കൈപ്പുഴ സ്വദേശികളായ കൊല്ലിയില്‍ സാബു, രാജീവ് തുടങ്ങി നിരവധി പേരുടെ പാടശേഖരങ്ങളില്‍ നെല്‍ചെടികളില്‍ മഞ്ഞപ്പ് ബാധിച്ചിട്ടുണ്ട്. 70 മുതല്‍ 75 ദിവസം വരെ പ്രായമായ നെല്‍ചെടികള്‍ കതിരിട്ടു തുടങ്ങി. രോഗബാധ കതിര്‍ നന്നായി വളരുന്നതിനു ദോഷകരമാകുമോയെന്ന ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. വെള്ളത്തിലെ പുളിയാണ് രോഗബാധക്ക് കാരണമെന്ന് പറയപ്പെടുന്നു. പല കര്‍ഷകരും മഞ്ഞപ്പ് മാറ്റുന്നതിനായി മരുന്ന് തളിക്കുകയാണ്. രോഗത്തെ പ്രതിരോധിക്കാന്‍ കൃഷി ഓഫിസില്‍നിന്ന് നടപടിയുണ്ടായില്ളെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 500 ഏക്കറോളം വരുന്ന മാക്കോത്തറ പാടശേഖരത്ത് 30 ഏക്കറില്‍ തളിക്കാനുള്ള മരുന്ന് മാത്രമാണ് കൃഷി ഓഫിസില്‍നിന്ന് നല്‍കിയതെന്ന് കര്‍ഷകര്‍ പറയുന്നു. പലരും മരുന്നിനായി കൃഷി ഓഫിസിനെ സമീപിച്ചെങ്കിലും മരുന്ന് ലഭിക്കാതെ തിരിച്ചുപോരുകയായിരുന്നു. കര്‍ഷകര്‍ സ്വന്തം നിലയില്‍ മരുന്ന് വാങ്ങിയാണ് തളിച്ചത്. പാടത്തെ പുളികളയാന്‍ അടുത്തകൃഷിക്കു മുമ്പ് ഉഴുന്ന സമയത്ത് കക്കയിടുകയും പിന്നീട് വെള്ളം കയറ്റുകയും ചെയ്യുമ്പോള്‍ പുളിക്ക് ശമനം ഉണ്ടാകുമെന്ന് കര്‍ഷകര്‍ പറയുന്നു. ഇത്തരത്തില്‍ ചെയ്യാന്‍ കൃഷി ഓഫിസില്‍നിന്ന് കക്ക സബ്സിഡിയായി നല്‍കണമെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. പ്രദേശത്തെ മറ്റു പാടങ്ങളില്‍ പട്ടാളപ്പുഴുവിന്‍െറ ആക്രമണവും ഉണ്ടായിട്ടുണ്ട്. പായ്വട്ടം കറുകപ്പാടത്ത് പട്ടാളപ്പുഴുവിന്‍െറ ആക്രമണത്തില്‍നിന്ന് നെല്‍ചെടികളെ സംരക്ഷിക്കാന്‍ മരുന്ന് തളിച്ചു തുടങ്ങി. മറ്റ് പാടങ്ങളിലെ കര്‍ഷകരും പട്ടാളപ്പുഴുവിന്‍െറ ആക്രമണം ഉണ്ടാകുമോയെന്ന ഭീതിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.