മീനച്ചിലാര്‍ തീരം കൈയേറ്റം: ഇല്ലിക്കാടുകളും മരങ്ങളും വെട്ടിമാറ്റിയ നിലയില്‍

ഏറ്റുമാനൂര്‍: മീനച്ചിലാറിന്‍െറ തീരം കൈയേറിയവര്‍ ആറ്റുതീരത്തെ ഇല്ലിക്കാടുകളും മരങ്ങളും വെട്ടിമാറ്റിയതായി കണ്ടത്തെി. കഴിഞ്ഞദിവസം ആരംഭിച്ച സര്‍വേയുടെ ഭാഗമായി കൈയേറ്റഭൂമി അളന്നുതിരിച്ച ഉദ്യോഗസ്ഥരാണ് ഇത് കണ്ടത്തെിയത്. സ്വകാര്യവ്യക്തികള്‍ കെട്ടിയടച്ചുണ്ടാക്കിയ രണ്ട് കുളിക്കടവും പുറമ്പോക്കു ഭൂമിയിലാണെന്ന് തെളിഞ്ഞു. കാറ്ററിങ് സര്‍വിസ് നടത്തുന്ന സ്വകാര്യവ്യക്തി ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ നദിയിലും പുറമ്പോക്കിലും തള്ളിയതും ഉദ്യോഗസ്ഥര്‍ കണ്ടത്തെി. പുറമ്പോക്ക് ഭൂമിയില്‍നിന്നോ സര്‍ക്കാര്‍ ഭൂമിയെന്ന് സംശയിക്കുന്ന സ്ഥലത്തുനിന്നോ ഇനിയൊരറിയിപ്പ് ഉണ്ടാകുംവരെ മരങ്ങള്‍ മുറിക്കരുതെന്ന നിര്‍ദേശം മറികടന്നാണ് ആറ്റുതീരത്തുനിന്ന് മരങ്ങളും ഇല്ലിക്കാടുകളും മുറിച്ചുമാറ്റിയത്. വിവാദഭൂമിയുടെ അതിരില്‍ നിന്ന രണ്ട് വലിയ ആഞ്ഞിലി മരങ്ങളാണ് സ്വകാര്യവ്യക്തി മുറിച്ചെടുത്തത്. മരം മുറിച്ചുമാറ്റിയ ശേഷം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മരത്തിന്‍െറ ചെറിയ ചില്ലകളുള്‍പ്പെടെ അവശിഷ്ടങ്ങള്‍ പുറമ്പോക്ക് ഭൂമിയില്‍ കുഴിച്ചുമൂടിയതും സര്‍വേയില്‍ കണ്ടത്തെി. സര്‍വേ അവസാനിക്കുന്ന മുറക്ക് ഇത് സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് അധികൃതര്‍ക്ക് കൈമാറും. റവന്യൂ മന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന് പുനരാരംഭിച്ച സര്‍വേ രണ്ടാംദിവസം പിന്നിട്ടു. കഴിഞ്ഞ ഒക്ടോബറില്‍ പൂവത്തുംമൂട് പാലം മുതല്‍ 320 മീറ്റര്‍ ദൂരത്തില്‍ അളന്നുതിരിച്ചപ്പോഴേക്കും അഡീഷനല്‍ തഹസില്‍ദാര്‍ ഇടപെട്ട് ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചിരുന്നു. രണ്ടു മാസം കഴിഞ്ഞിട്ടും അളവ് പുനരാരംഭിക്കാത്തതിനെ തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ മന്ത്രിയെ കണ്ട് പരാതി ഉന്നയിച്ചതോടെയാണ് അളക്കല്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. വ്യാഴാഴ്ച അളക്കാനത്തെിയപ്പോള്‍ നേരത്തേ അതിര്‍ത്തി നിര്‍ണയിച്ച് നാട്ടിയ കുറ്റികളെല്ലാം പിഴുതുമാറ്റിയ അവസ്ഥയിലായിരുന്നു. ഇതേതുടര്‍ന്ന് പൂവത്തുംമൂട് പാലം മുതല്‍ വീണ്ടും അളന്നു തുടങ്ങി. വില്ളേജ് ഓഫിസറും വില്ളേജ് ഓഫിസിലെ രണ്ട് ഉദ്യോഗസ്ഥരും താലൂക്കില്‍നിന്ന് നിയോഗിച്ച സര്‍വേയറും ചെയിന്മാനുമാണ് സര്‍വേ നടത്തുന്നത്. അഡീഷനല്‍ തഹസില്‍ദാറുടെ നിര്‍ദേശപ്രകാരം നഗരസഭയില്‍നിന്ന് ഒരു ഉദ്യോഗസ്ഥനും കാടുവെട്ടിത്തെളിക്കാനായി രണ്ടു പണിക്കാരും സഹായത്തിനുണ്ട്. 900 മീറ്ററോളം ഭൂമി അളന്നുതിരിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.