യുവാക്കളെ പൊലീസ് മര്‍ദിച്ചതായി പരാതി

പാലാ: ഈരാറ്റുപേട്ട സ്വദേശികളായ യുവാക്കളെ പൊലീസ് മര്‍ദിച്ചതായി പരാതി. ഈരാറ്റുപേട്ട നടക്കല്‍ സ്വദേശികളായ കൊല്ലംപറമ്പില്‍ അന്‍വര്‍ഷാ (19), ചേകംപറമ്പില്‍ അല്‍ഫാസ് (20), പഴയംപള്ളില്‍ ഷഫിന്‍ ഷാഹുല്‍ (21) എന്നിവര്‍ക്കാണ് പൊലീസ് മര്‍ദനമേറ്റത്. രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്. പൊലീസിനെ ഭയന്ന് മര്‍ദനമേറ്റ വിവരം പുറത്തുപറയാന്‍ ഇവര്‍ പറയാന്‍ മടിക്കുകയായിരുന്നു. ഒരേ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കള്‍ പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, പൊലീസ് പിന്തുടര്‍ന്നു. ഒന്നര കിലോമീറ്ററോളം പിന്നിട്ടപ്പോള്‍ ബൈക്ക് റബര്‍ തോട്ടത്തിലേക്ക് മറിഞ്ഞു. അവിടെ വെച്ച് ഇവരെ മര്‍ദിച്ച പൊലീസ് സാരമായി പരിക്കേറ്റ യുവാക്കളെക്കൊണ്ട് തന്നെ ബൈക്ക് ചുമപ്പിച്ച് വണ്ടിയില്‍ കയറ്റിച്ചശേഷം ഇവരെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടറോട് പൊലീസ് മര്‍ദിച്ച വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുപോകുകയും മര്‍ദനവിവരം ആരോടെങ്കിലും പറഞ്ഞാല്‍ കഞ്ചാവ് കേസില്‍ അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവാക്കള്‍ പറയുന്നു. ഇതേതുടര്‍ന്ന് ഭയന്ന യുവാക്കള്‍ വിവരം പുറത്ത് പറയാന്‍ മടിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ ഈരാറ്റുപേട്ട ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാ കുരിശുപള്ളി തിരുനാളിനോടനുബന്ധിച്ച് ഗതാഗത നിയന്ത്രണത്തിനിടെ ട്രാഫിക് എസ്.ഐ ബൈക്ക് യാത്രികനെ മര്‍ദിച്ചതും ദൃശ്യം മൊബൈലില്‍ പകര്‍ത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു മര്‍ദിച്ചതും മനസ്സില്‍ നിന്ന് മായും മുമ്പാണ് വീണ്ടും പൊലീസ് മര്‍ദനം. പീഡനത്തിനിരയായ വിദ്യാര്‍ഥികളെ ആന്‍േറാ ആന്‍റണി എം.പി, പി.സി. ജോര്‍ജ് എം.എല്‍.എ, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പില്‍, മുസ്ലിം ലീഗ് ജില്ല പ്രസിഡന്‍റ് പി.എം. ഷരീഫ് തുടങ്ങിയവര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശൃപ്പെട്ടു. മുഖ്യമന്ത്രി, ഡി.ജി.പി, ജില്ല പൊലീസ് ചീഫ്, മനുഷ്യാവകാശ കമീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പാലാ ഡിവൈ.എസ്.പിയുടെ നിര്‍ദേശപ്രകാരം പാലാ പൊലീസ് വിദ്യാര്‍ഥികളില്‍നിന്ന് മൊഴിയെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.