കഞ്ചാവ് മാഫിയക്കെതിരെ വാര്‍ത്ത; മാധ്യമ പ്രവര്‍ത്തകന്‍െറ വീട് തകര്‍ത്തു

വൈക്കം: കഞ്ചാവ് മാഫിയക്കെതിരെ വാര്‍ത്ത നല്‍കിയ ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍െറ വീട് സമൂഹികവിരുദ്ധര്‍ അടിച്ചുതകര്‍ത്തു. ദൃശ്യ ചാനലിന്‍െറ വൈക്കത്തെ റിപ്പോര്‍ട്ടര്‍ പടിഞ്ഞാറെക്കര കമലാഭവനില്‍ പ്രവീണ്‍ ഭാസ്കറിന്‍െറ വീടാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30ഓടെ സാമൂഹികവിരുദ്ധര്‍ അടിച്ചുതകര്‍ത്തത്. അഞ്ച് ദിവസമായി കഞ്ചാവ്, മയക്കുമരുന്ന് മാഫിയകളെക്കുറിച്ച് ചാനലില്‍ വാര്‍ത്ത സംപ്രേഷണം ചെയ്തിരുന്നു. ഇവരുടെ താവളങ്ങളെക്കുറിച്ചും ചാനലില്‍ സൂചിപ്പിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ കഞ്ചാവ് മാഫിയയാണ് വീടിന്‍െറ രണ്ട് ജനലിന്‍െറ ചില്ലുകളും പിറകിലത്തെയും മുന്നിലത്തെയും വാതിലുകളും തകര്‍ത്തതെന്ന് പ്രവീണ്‍ പറഞ്ഞു. മുറ്റത്തുണ്ടായിരുന്ന പ്രവീണ്‍ ഭാസ്കറിന്‍െറ ബൈക്കും തല്ലിത്തകര്‍ത്ത സംഘം വീടിന് ചുറ്റും നടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വീട്ടിനുള്ളില്‍ കയറിയ സംഘം പ്രവീണ്‍ ഭാസ്കറിന്‍െറ അമ്മയെ പുലഭ്യംപറഞ്ഞു. വീട്ടിനുള്ളിലുണ്ടായിരുന്ന വാഷിങ് മെഷീന്‍ തല്ലിത്തകര്‍ക്കാനും ശ്രമമുണ്ടായി. ഒന്നും മൂന്നും വയസ്സുകളുള്ള മക്കളും ഭാര്യയും ആക്രമികളെകണ്ട് ഭയന്നു. പൊലീസില്‍ വിവരം അറിയിച്ചതോടെ സംഘം ഓടി രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു. വീട് തകര്‍ത്ത സംഘത്തെ അറസ്റ്റ് ചെയ്യണമെന്ന് വൈക്കം പ്രസ്ക്ളബില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.