പാത ഇരട്ടിപ്പിക്കല്‍: സ്ഥലം ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നില്ളെന്ന് ആക്ഷന്‍ കൗണ്‍സില്‍

കോട്ടയം: പാത ഇരട്ടിപ്പിക്കലിന്‍െറ ഭാഗമായി ഉടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാതെ സ്ഥലം ഏറ്റെടുക്കാന്‍ റെയില്‍വേ ശ്രമിക്കുന്നതായി പരാതി. റെയില്‍വേയുടെ അനാസ്ഥമൂലം മുട്ടമ്പലം വില്ളേജിലെ നൂറോളം കുടുംബങ്ങള്‍ ദുരിതത്തിലാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. 22ലധികം കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികജാതി-വര്‍ഗ കോളനിയും ദുരിതത്തിലാണ്. പട്ടികജാതി-വര്‍ഗ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പാലിക്കാനും റെയില്‍വേ തയാറാകുന്നില്ല. ഉടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തിന് പുറമെ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കാന്‍ റെയില്‍വേ തയാറാകുന്നില്ല. സ്ഥലമുടമകളുടെ നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. 2011ല്‍ ജില്ലയില്‍ പാതയിരട്ടിപ്പിക്കലിന്‍െറ ഭാഗമായി സ്ഥലമെടുപ്പിനായി വിജ്ഞാപനം പുറപ്പെടുവിച്ചതുമുതല്‍ മുട്ടമ്പലത്തെ നൂറിലധികം കുടുംബങ്ങള്‍ ദുരിതത്തിലാണ്. സ്വന്തം ഭൂമിയില്‍ പണിപോലും ചെയ്യാനാവാത്ത സ്ഥിതിയാണ്. ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം കൈക്കൊള്ളാന്‍ ആരും തയാറാകുന്നില്ളെന്നും ഭാരവാഹികള്‍ പറഞ്ഞു. സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് പകരം വീട് അല്ളെങ്കില്‍ ഒന്നരലക്ഷത്തില്‍ കുറയാതെ തുക, 50,000 രൂപ ഗതാഗതച്ചെലവ്, കാലിത്തൊഴുത്തോ പെട്ടിക്കടകളോ പൊളിച്ചുനീക്കേണ്ടി വന്നാല്‍ 25,000 രൂപ നഷ്ടപരിഹാരം, സ്ഥലത്തുള്ള വൃക്ഷങ്ങളുടെ വില, സ്ഥലമേറ്റെടുക്കുന്നത് മൂലം ബാക്കിയുള്ള ഉടമയുടെ സ്ഥലത്തിനും ചമയങ്ങള്‍ക്കും ആദായങ്ങള്‍ക്കും സംഭവിക്കുന്ന മൂല്യശോഷണത്തിനുള്ള നഷ്ടപരിഹാരം തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നിരിക്കെ എല്ലാം റെയില്‍വേ തിരസ്കരിക്കുകയാണ്. 2012ല്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ജില്ലാതല പര്‍ച്ചേഴ്സിങ് കമ്മിറ്റി ഉടമകളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. വാര്‍ത്തസമ്മേളനത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് അഡ്വ. സക്കീര്‍ ഹുസൈന്‍, സെക്രട്ടറി പി.കെ. ആനന്ദക്കുട്ടന്‍, അലക്സാണ്ടര്‍, ഉതുപ്പ് കുരുവിള, സതീഷ് എബ്രഹാം എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.