ഗുണ്ടാ സംഘത്തലവന്‍ പിടിയില്‍

കോട്ടയം: കൊലക്കേസിലും ക്വട്ടേഷന്‍ കേസുകളിലും പ്രതിയായ ഗുണ്ടാ സംഘത്തലവനെ ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. അയ്മനത്ത് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതി അയ്മനം മാങ്കീഴേപ്പടി വിനീത് സഞ്ജയനെയാണ് (28) വെസ്റ്റ് പൊലീസ് ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്. വിനീതിനെ ഗുണ്ടാ ലിസ്റ്റില്‍പെടുത്തി കലക്ടര്‍ സി.എ. ലത ഉത്തരവിട്ട പിന്നാലെ വെസ്റ്റ് സി.ഐ നിര്‍മല്‍ ബോസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകവും വധശ്രമവും മോഷണവും അടക്കം നിരവധികേസുകളാണ് കോട്ടയം വെസ്റ്റ്, ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇയാള്‍ക്കെതിരെയുള്ളത്. യുവാക്കളെ ചേര്‍ത്ത് ക്വട്ടേഷന്‍ സംഘം രൂപവത്കരിച്ച വിനീത് നിരവധി ഗുണ്ടാ ആക്രമണങ്ങളാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയത്. ബൈക്ക് യാത്രക്കാരനെ യുവാക്കള്‍ ആക്രമിക്കുന്നതു കണ്ടു തടയാന്‍ എത്തിയ ബസ് ജീവനക്കാരന്‍ ഒളശ്ശ പാറേപ്പറമ്പില്‍ സോജുമോനെ ആക്രമിച്ചു മാല കവര്‍ന്നത് വിനീതിന്‍െറ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഈ കേസില്‍ വിനീതിന്‍െറ സംഘാംഗങ്ങളായ ബാക്കി പ്രതികളെല്ലാം പൊലീസ് പിടിയിലായിരുന്നു. ഈ കേസിന്‍െറ അന്വേഷണത്തിന് ജില്ല പൊലീസ് മേധാവി എന്‍. രാമചന്ദ്രന്‍െറ നിര്‍ദേശാനുസരണം ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. നാഗമ്പടം പാര്‍ക്കിന് മുന്നില്‍ വ്യാപാരിയെ വടിവാളിനു വെട്ടിയ സംഭവത്തിലും ഇയാള്‍ പ്രതിയാണ്. വിനീത് സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായി വിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ പൊലീസ് സംഘം അന്വേഷണം നടത്തിയിരുന്നു. ഇതിനിടെ എറണാകുളത്തുള്ളതായി രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് ഗാന്ധിനഗര്‍ എസ്.ഐ എം.ജെ. അരുണ്‍, വെസ്റ്റ് എസ്.ഐ എം.എസ്. ഷിബു, ഷാഡോ പൊലീസിലെ എ.എസ്.ഐമാരായ ഷിബുക്കുട്ടന്‍, അജിത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഐ. സജികുമാര്‍, ബിജുമോന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ശാസ്ത്രി റോഡില്‍വെച്ച് യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ വിനീതിനെ രണ്ടു മാസം മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷമാണ് ഗുണ്ടാ ആക്ട് പ്രകാരം നടപടികള്‍ ആരംഭിച്ചത്. ക്വട്ടേഷന്‍ സംഘങ്ങളുടെ കുടിപ്പകയുടെ ഭാഗമായി അയ്മനത്ത് രാത്രി വീടിനുനേരെ പെട്രോള്‍ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും ഇയാള്‍ ഉള്‍പ്പെട്ട സംഘമായിരുന്നു. ഇയാള്‍ ഇതുവരെ പ്രതികളായ എല്ലാ കേസുകളുടെയും പട്ടിക അനുസരിച്ചാണ് പൊലീസ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. വിനീതിനെ ഇനി ആറുമാസം കരുതല്‍ തടങ്കലില്‍ സൂക്ഷിക്കും. കാപ്പ നിയമപ്രകാരം പ്രതിയെ വെള്ളിയാഴ്ച ജയിലിലേക്ക് മാറ്റും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.