നവീകരിച്ച റോഡില്‍ വില്ലനായി കിണര്‍

പാലാ: നവീകരിച്ച പാലാ-പൊന്‍കുന്നം റോഡില്‍ അപകടഭീഷണിയുര്‍ത്തി കിണര്‍. പാലാ ടൗണിന് സമീപം പന്ത്രണ്ടാംമൈലില്‍ റോഡിലേക്ക് തള്ളിനില്‍ക്കുന്ന കിണര്‍ ഗതാഗതതടസ്സവും സൃഷ്ടിക്കുന്നുണ്ട്. മുരിക്കുംപുഴ കഴിഞ്ഞ് കൊല്ലക്കുന്നേല്‍ കയറ്റം കയറുമ്പോഴാണ് ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ച് കിണര്‍ സ്ഥിതിചെയ്യുന്നത്. പാതയുടെ എല്ലാ ഭാഗത്തും പത്ത് മീറ്ററോ അതില്‍ കൂടുതലോ വീതിയില്‍ ടാറിങ് പൂര്‍ത്തിയാക്കിയപ്പോള്‍ കിണറിന്‍െറ ഭാഗത്ത് ഏഴുമീറ്റര്‍ മാത്രമാണ് വീതി. കയറ്റത്തിനും പിന്നീടുള്ള ഇറക്കത്തിനും വളവിനുമിടയിലായി നില്‍ക്കുന്ന കിണര്‍ പൊളിച്ചുമാറ്റുന്നതിന് അധികൃതര്‍ നടപടിയെടുത്തിരുന്നെങ്കിലും സ്ഥലയുടമ കിണര്‍ സംരക്ഷിക്കുന്നതിന് കോടതിയെ സമീപിച്ചതോടെയാണ് വീതികൂട്ടല്‍ കീറാമുട്ടിയായി നില്‍ക്കുന്നത്. കെ.എസ്.ടി.പി അക്വയര്‍ ചെയ്ത ഭൂമിയില്‍ കിണര്‍ ഉള്‍പ്പെടെ പ്രദേശം ഉണ്ടായിരുന്നെങ്കിലും സ്ഥലമുടമ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു. വീതികുറഞ്ഞ ഭാഗത്ത് വഴിവിളക്കുകള്‍ സ്ഥാപിക്കാനോ മഴവെള്ളം ഒഴുകിപ്പോകാന്‍ ഓടനിര്‍മിക്കാനോ കഴിയാത്ത അവസ്ഥയാണ്. വീതി വര്‍ധിപ്പിക്കുന്നതിന് നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സിലും സമരസമിതിയും രൂപവത്കരിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയ സംഘടനകളും റെസി. അസോസിയേഷനുകളും തുടര്‍നടപടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.