ലഹരിക്ക് അടിമപ്പെട്ടവരെ മടക്കിക്കൊണ്ടുവരാന്‍ പൊലീസ്

കോട്ടയം: മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ജില്ല പൊലീസിന്‍െറ നേതൃത്വത്തില്‍ ആന്‍റി നര്‍ക്കോട്ടിക് ഗ്രൂപ് രൂപവത്കരിക്കുന്നു. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ റെസി. അസോസിയേഷന്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി സന്നദ്ധ സേവകരുടെ സഹായത്തോടെയാണ് പദ്ധതി. ഓരോ പൊലീസ് സ്റ്റേഷനിലെയും കഴിവും കാര്യപ്രാപ്തിയുമുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനെ ടീം ലീഡറായി നിയോഗിക്കും. റെസി. അസോസിയേഷനില്‍നിന്ന് കുറഞ്ഞത് അഞ്ചുപേരെങ്കിലും ഈ പദ്ധതിയില്‍ പങ്കാളിയാകും. ഇവര്‍ മയക്കുമരുന്നു സ്ഥിരമായി ഉപയോഗിച്ച് ആക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, സ്കൂളുകളിലും കോളജുകളിലും കയറാതെ കറങ്ങിനടക്കുന്ന വിദ്യാര്‍ഥികള്‍ തുടങ്ങിയവരെ കണ്ടത്തെി സൈക്കോളജിസ്റ്റിന്‍െറ സഹായത്തില്‍ കൗണ്‍സലിങ്ങിന് വിധേയമാക്കും. ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തി പുനരധിവാസമാണു പദ്ധതിയുടെ ലക്ഷ്യം. കൗണ്‍സലിങ്, ചികിത്സ സൗകര്യം, ആവശ്യമുള്ളവര്‍ക്കു വിദ്യാഭ്യാസത്തിനുള്ള സാഹചര്യം മുതലായവ സബ് ഡിവിഷന്‍ തലത്തില്‍ ഏര്‍പ്പെടുത്തും. ഇതിനായി മെഡിക്കല്‍ സെന്‍ററുകളുടെയും പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളുടെയും പ്രമുഖ ആശുപത്രികളുടെയും സേവനം ആവശ്യപ്പെടും. മദ്യം, മയക്കുമരുന്ന് എന്നിവക്ക് അടിമയായി കുടുംബഭദ്രത തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയും നിരീക്ഷിക്കും. ഇതിനുപുറമേ, ബോധവത്കരണവും നടത്തുമെന്ന് ജില്ല പൊലീസ് മേധാവി എന്‍. രാമചന്ദ്രന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.