ഈരാറ്റുപേട്ട മുനിസിപ്പല്‍ ചെയര്‍മാനെ മാറ്റണമെന്ന ആവശ്യവുമായി പി.സി. ജോര്‍ജ് അനുകൂലികള്‍

ഈരാറ്റുപേട്ട: പി.സി. ജോര്‍ജ് എം.എല്‍.എയും ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാന്‍ ടി.എം. റഷീദും തമ്മില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായതോടെ ജോര്‍ജിനെ അനുകൂലിക്കുന്നവര്‍ ചെയര്‍മാനെ മാറ്റണമെന്ന ആവശ്യവുമായി രംഗത്ത്. പി.സി. ജോര്‍ജിന്‍െറ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് സി.പി.എം നഗരസഭ ഭരണം നടത്തുന്നത്. അഭിപ്രായഭിന്നത മറനീക്കി പുറത്തുവന്ന പിന്നാലെ പി.സി. ജോര്‍ജ് എം.എല്‍.എ ചെയര്‍മാനെ മാറ്റണമെന്നാവശ്യപ്പെട്ട് സി.പി.എം പൂഞ്ഞാര്‍ എരിയ കമ്മിറ്റിക്ക് കത്തു നല്‍കി. നേതൃമാറ്റമെന്ന ആവശ്യമാണ് കത്തില്‍ ഉയര്‍ത്തിയിരിക്കുന്നത്. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. റഷീദും പി.സി. ജോര്‍ജ് എം.എല്‍.എയും തമ്മില്‍ അടുത്തിടെ വാക്കുതര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. ഇതേതുടര്‍ന്ന് ആരെയും ഭയന്നുകൊണ്ടുള്ള ഭരണവും അധികാരവും തനിക്കാവശ്യമില്ളെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. റഷീദ് വ്യക്തമാക്കിയിരുന്നു. കടുവാമുഴിയില്‍ തോടുപുറമ്പോക്കു കൈയേറിയ സ്വകാര്യ വ്യക്തിയെ ഒഴിപ്പിച്ചതാണ് എം.എല്‍.എക്ക് അതൃപ്തി ഉണ്ടാകാന്‍ കാരണമെന്ന് ചെയര്‍മാനെ അനുകൂലിക്കുന്നവര്‍ പറയുന്നു. ഇതില്‍നിന്ന് പിന്തിരിയണമെന്ന എം.എല്‍.എയുടെ അഭ്യര്‍ഥന ടി.എം. റഷീദ് മാനിച്ചില്ളെന്ന് പറയപ്പെടുന്നു. കുറച്ചു കാലം മുമ്പ് മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിനു സമീപം മീനച്ചിലാര്‍ കൈയേറി സ്വകാര്യ വ്യക്തി കെട്ടിടം വെച്ചത് പൊളിപ്പിക്കുന്ന കാര്യത്തിലും ഇരുവരും രണ്ടു തട്ടിലായിരുന്നു. ഇതാണ് ഇപ്പോള്‍ ചെയര്‍മാനെ മാറ്റണമെന്ന ആവശ്യവുമായി പി.സി. ജോര്‍ജ് രംഗത്ത് എത്താന്‍ കാരണമത്രേ. എന്നാല്‍, ഭരണസമിതിയുടെ തീരുമാനങ്ങളൊന്നും നടപ്പാക്കാതെ തന്നിഷ്ടപ്രകാരമാണ് ചെയര്‍മാന്‍ മുന്നോട്ടുപോകുന്നതെന്ന് പി.സി. ജോര്‍ജിനൊപ്പമുള്ളവര്‍ ആരോപിക്കുന്നു. ഇത് എം.എല്‍.എ ചോദ്യം ചെയ്തതാണ് ചെയര്‍മാനെ ചൊടിപ്പിച്ചതെന്നും ഇവര്‍ പറയുന്നു. ഭരണം കാര്യക്ഷമമായി പോകാത്തതില്‍ മറ്റ് ഘടകകക്ഷികള്‍ക്കും അമര്‍ഷമുണ്ടെന്നും ഇവര്‍ പറയുന്നു. ആകെയുള്ള 27 സീറ്റില്‍ സി.പി.എം -ഏഴ്, സി.പി.ഐ -ഒന്ന്, എസ്.ഡി.പി.ഐ -നാല്, ജോര്‍ജിന്‍െറ സെക്കുലര്‍ -നാല് എന്നിങ്ങനെ 16 കൗണ്‍സിലര്‍മാരുടെ പിന്തുണയോടെയാണ് എല്‍.ഡി.എഫ് ഭരണം. മുസ്ലിംലീഗ് -എട്ട്, കോണ്‍ഗ്രസ് -മൂന്ന് എന്നിങ്ങനെയാണ് 11 അംഗപ്രതിപക്ഷത്തെ നില. അതേസമയം, കത്ത് നല്‍കിയ വിവരം അറിഞ്ഞിട്ടില്ലന്നും എം.എല്‍.എ പറയുന്നത് അനുസരിക്കുമെന്നും ജോര്‍ജിനൊപ്പമുള്ള കൗണ്‍സിലര്‍മാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.