* ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടി തൊടുപുഴ: നഗരസഭ പ്രദേശത്തെ റോഡരിലെ ഫ്ലക്സ് ബോര്‍ഡുകൾക്കും ബാനറുകൾക്കും നിരോധനം. ജനുവരി ഒന്നുമുതല്‍ നിരോധിത മേഖലയില്‍ പരസ്യ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കാനും നിരോധന മേഖലകള്‍ തീരുമാനിക്കാൻ അടിയന്തര സ്റ്റിയറിങ് കമ്മിറ്റി വിളിച്ചുചേർക്കാനും ചൊവ്വാഴ്ച ചേർന്ന കൗൺസിലിൽ ധാരണയായി. നഗരസഭ പരിധിയിലെ റോഡുകള്‍, പാലങ്ങള്‍, ഡിവൈഡറുകള്‍, നടപ്പാത, സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍, മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിൽ നേരത്തേ പ്ലാസ്റ്റിക് ഫ്ലക്സ്, പരസ്യ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ചിരുന്നു. എന്നാല്‍, നഗരത്തില്‍ പ്രധാന ജങ്ഷനുകളിലെല്ലാം പരസ്യ പ്രചാരണ ബോര്‍ഡുകളാൽ നിറഞ്ഞ സ്ഥിതിയായിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സര്‍വിസ് സംഘടനകളും നിരോധനം ലംഘിച്ച് സ്ഥാപിച്ച ബോര്‍ഡുകള്‍ മാറ്റാന്‍ തയാറാകാത്തത് ഏറെ വിവാദങ്ങള്‍ക്ക് ഇടയായിരുന്നു. ഒരു സര്‍വിസ് സംഘടന സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ മാറ്റിയത് സംഘര്‍ഷത്തിന് വഴിതെളിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയം കൗണ്‍സില്‍ ചർച്ചയിൽ വരുന്നത്. തീരുമാനം നടപ്പാക്കുന്നത് സംബന്ധിച്ച് നടന്ന ചര്‍ച്ചകള്‍ രൂക്ഷമായ വാക്കേറ്റത്തിന് ഇടയാക്കി. തീരുമാനം എടുത്താല്‍ നടപ്പാക്കണമെന്നും പിന്നോട്ടുപോകരുതെന്നും കൗൺസിലർ എ.എം. ഹാരിദ് ആവശ്യപ്പെട്ടു. എന്നാല്‍, തീരുമാനം എടുത്തവര്‍ തന്നെയാണ് ഇതുലംഘിച്ചതെന്ന പ്രതിപക്ഷത്തിെൻറ മറുപടി രൂക്ഷമായ തര്‍ക്കത്തിനിടയാക്കി. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കളെ വിളിച്ച് തീരുമാനം അറിയിക്കണമെന്ന് കൗൺസിലർ രാജീവ് പുഷ്പാംഗദന്‍ ആവശ്യപ്പെട്ടു. എന്നാല്‍, സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യണമെന്ന് കെ.കെ. ഷിംനാസ്, കെ.കെ.ആര്‍. റഷീദ് എന്നിവര്‍ ആവശ്യപ്പെട്ടു. സര്‍വക്ഷി യോഗം വിളിച്ചുചേര്‍ത്തില്ലെങ്കില്‍ മിനിറ്റ്സില്‍ തങ്ങളുടെ വിയോജനം രേഖപ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ബോര്‍ഡ് മാറ്റാന്‍ തീരുമാനിച്ചാല്‍ അതിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബി.ജെ.പി കൗണ്‍സിലര്‍ ബാബു പരമേശ്വരനും വ്യക്തമാക്കി. ധിറുതിപിടിച്ച് തീരുമാനങ്ങള്‍ നടപ്പാക്കരുതെന്നും ഫ്ലക്സ് പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പ്രത്യേകം സ്ഥലം വിശദമായ ചര്‍ച്ച നടത്തി കണ്ടെത്തണമെന്നും സി.പി.എം കൗൺസിലർ ആര്‍. ഹരി ആവശ്യപ്പെട്ടു. ഒടുവില്‍ ജനുവരി ഒന്നുമുതല്‍ പരസ്യപ്രചാരണ ബോര്‍ഡുകള്‍ നഗരത്തിലെ നിരോധിത മേഖലകളില്‍ നിരോധിക്കാന്‍ കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. ദൂരപരിധി നിശ്ചയിക്കാന്‍ സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളുടെയും പാര്‍ലമെൻററി പാര്‍ട്ടി നേതാക്കളുടെയും യോഗം ഉടൻ വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചു. തുടര്‍ന്ന് കൗണ്‍സില്‍ ചേര്‍ന്ന് നിരോധിത മേഖലകള്‍ സംബന്ധിച്ച് വ്യക്തമാക്കുമെന്നും ചെയര്‍പേഴ്സൻ കൗണ്‍സിലിനെ അറിയിച്ചു. മുട്ടത്തെ ഗതാഗതക്കുരുക്ക് അഴിക്കാൻ ട്രാഫിക് അഡ്വൈസറി യോഗം മുട്ടം:- മുട്ടത്തെ ഗതാഗതക്കുരുക്ക് അഴിക്കാൻ ട്രാഫിക് അഡ്വൈസറി യോഗം ചേർന്നു. യോഗ തീരുമാനം നടപ്പാക്കിയാൽ മുട്ടത്തെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും വ്യാപാരികളും പറഞ്ഞു. ഒരുവർഷം മുമ്പ് ചേർന്ന അഡ്വൈസറി യോഗ തീരുമാനം ഇനിയും നടപ്പാക്കാൻ സാധിക്കാത്തതിൽ പഞ്ചായത്തിെനതിരെ യോഗത്തിൽ വിമർശനം ഉണ്ടായി. ചുവപ്പുങ്കൾ ജോസ് അദാലത് കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുട്ടത്തെ ഗതാഗത സംവിധാനത്തിൽ അഴിച്ചുപണി നടത്താൻ ഒരുവർഷം മുമ്പ് കോടതി നിർദേശിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ വ്യാപാരി വ്യവസായികളെയും രാഷ്ട്രീയ പാർട്ടി നേതാക്കെളയും ട്രേഡ് യൂനിയൻ നേതാക്കളെയും പഞ്ചായത്തിൽ വിളിച്ചുവരുത്തി ചർച്ച നടത്തിയിരുന്നു. എന്നാൽ തീരുമാനം ഇതുവരെ നടപ്പാക്കിയിട്ടില്ല. ബസ് സ്റ്റോപ്, ടൗണിലെ പാർക്കിങ്, ഓട്ടോ പെർമിറ്റ്, മാലിന്യ നിർമാർജനം, ഫ്ലക്സ് ഒഴിവാക്കൽ, വഴിയോര കച്ചവടം എന്നീ കാര്യങ്ങളിലാണ് അന്ന് ചർച്ച നടത്തി തീരുമാനം കൈക്കൊണ്ടത്. ബസ് സ്റ്റോപ്പുകൾ മിക്കതും അശാസ്ത്രീയവും ഗതാഗത തടസ്സവും ഉണ്ടാക്കുന്നതിനാൽ അവ മാറ്റി സ്ഥാപിക്കാൻ യോഗം തീരുമാനമെടുത്തു. ഈരാറ്റുപേട്ട, പാല ഭാഗത്തേക്ക് പോവുകയും വരുകയും ചെയ്യുന്ന ബസുകൾ ടാക്സി സ്റ്റാൻഡിൽ കയറ്റി ഇറക്കി പോകാനും ഇക്കാര്യങ്ങൾ ബസ് ഉടമകളെ അറിയിക്കാനുള്ള നടപടിയും കൈക്കൊണ്ടു. ടൗൺ പ്രദേശത്ത് ഫ്ലക്സ് ബോഡുകൾ അധികകാലം വെക്കാതെ നീക്കം ചെയ്യാനുള്ള തീരുമാനമായി. റോഡിലെ പ്രധാന ഭാഗങ്ങളിൽ സീബ്രലൈൻ വരക്കാത്തതിനെതിരെ പി.ഡബ്ല്യു.ഡിെക്കതിരെ വിമർശനമുണ്ടായി. സീബ്രലൈനും മറ്റ് സൂചന ലൈനുകൾ വരക്കാനും ആവശ്യപ്പെട്ട് പി.ഡബ്ല്യു.ഡിക്ക് പഞ്ചായത്തിൽനിന്ന് ഉടൻ നിർദേശം നൽകും. കൂടാതെ റോഡരികിൽ അപകടകരമായി നിൽക്കുന്ന പരസ്യ ബോർഡുകൾ നീക്കംചെയ്യാനും നിർദേശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.