മൂഴിയാർ വനത്തിലെ ആദിവാസികൾ അഗർബത്തി നിർമാണ രംഗത്തേക്ക്​

പത്തനംതിട്ട: മൂഴിയാർ വനത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന ആദിവാസികൾക്കിടയിൽ സ്വയംതൊഴിൽ പദ്ധതിയുമായി സന്നദ്ധ സംഘടന. ഒരിടത്തും സ്ഥിരമായി താമസിക്കാത്ത ഇവർക്ക് സ്ഥിരം വരുമാനം ലക്ഷ്യമിട്ടാണ് കക്കാട് വികസന സൊസൈറ്റിയുടെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ അഗർബത്തി നിർമാണം പരിചയപ്പെടുത്തുന്നത്. അഗർബത്തി നിർമാണത്തിൽ വനിതകൾക്ക് പരിശീലനം നൽകി ഇവർ ഉൽപാദിപ്പിക്കുന്നവ ശബരിമലയുമായി ബന്ധപ്പെട്ട് വിൽപന നടത്തുകയാണ് ലക്ഷ്യം. അടുത്തഘട്ടത്തിൽ സോപ്പ്, സോപ്പ് പൗഡർ തുടങ്ങിയവ നിർമിക്കുന്നതിന് പരിശീലനം നൽകും. സൊസൈറ്റിയുടെ ഇലന്തുരിലുള്ള ഒാഫിസിനോടനുബന്ധിച്ച് ഇപ്പോൾ ഇത്തരം യൂനിറ്റ് പ്രവർത്തിക്കുന്നുണ്ട്. പത്ത് വർഷത്തിലേറെയായി ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ഫാ. ക്രിസ്റ്റി തേവള്ളിലി​െൻറ നേതൃത്വത്തിലാണ് കക്കാട് സൊസൈറ്റി പ്രവർത്തിക്കുന്നത്. ഇത്തവണയും മൂഴിയാർ വനത്തിലെ ആദിവാസികൾക്ക് പുതുവത്സര സമ്മാനമായി പുതുവസ്ത്രങ്ങളും കേക്കും പോഷകമൂല്യമുള്ള ഭക്ഷണവും എത്തിക്കുന്നുണ്ട്. ഇൗ മാസം 23ന് സംഘം വനത്തിലേക്ക് യാത്ര തിരിക്കും. തിരുവോണത്തിന് മൂഴിയാർ െഎബിയിൽ വർഷങ്ങളായി ഇവർക്കായി ഒാണസദ്യയും നടത്താറുണ്ട്. അരിയും മറ്റും റേഷൻ കടകളിൽനിന്ന് ലഭിക്കുന്നുവെങ്കിലും പോഷകാഹാരക്കുറവാണ് ആദിവാസികൾ നേരിടുന്ന പ്രധാന പ്രശ്നമെന്ന് ഫാ. ക്രിസ്റ്റി പറഞ്ഞു. വിദ്യാർഥികൾക്ക് പുസ്തങ്ങൾ സൗജന്യമായി നൽകുന്ന സർക്കാർ നോട്ട് ബുക്കുകൾ, പേന, പെൻസിൽ, കുട, ബാഗ് എന്നിവയെക്കുറിച്ച് അന്വേഷിക്കുന്നില്ല. എല്ലാവർഷവും വിദ്യാർഥികൾക്ക് ഇവ സൊസൈറ്റി നൽകുന്നുണ്ട്. കിഴക്കൻ മേഖലയിലെ അഞ്ച് പഞ്ചായത്തുകളിലാണ് സൊസൈറ്റിയുടെ പ്രവർത്തനം. 350ലേറെ സ്വയംസഹായ സംഘങ്ങൾ സൊസൈറ്റിയുടെ കീഴിലുണ്ട്. ബാലസംഘം, പുരുഷ സംഘം എന്നിവയും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.