ജീവനക്കാരുടെ ക്ഷാമം: കെ.എസ്.ആര്‍.ടി.സിയുടെ ഓണവരുമാനത്തില്‍ ഇടിവ്

കോട്ടയം: ജീവനക്കാരുടെ കുറവിനെ തുടര്‍ന്ന് സര്‍വിസുകള്‍ വ്യാപകമായി വെട്ടിച്ചുരുക്കിയത് കെ.എസ്.ആര്‍.ടി.സിയുടെ ഓണവരുമാനത്തെ ബാധിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തില്‍ വന്‍കുറവ്. മുന്‍വര്‍ഷങ്ങളില്‍ ഓണദിനങ്ങളില്‍ റെക്കോഡ് കലക്ഷന്‍ സ്വന്തമാക്കിയിരുന്ന കോട്ടയം ഡിപ്പോക്ക് ഇത്തവണ ടാര്‍ഗറ്റ് പോലും കടക്കാനായില്ല. ജില്ലയിലെ മറ്റ് ഡിപ്പോകളിലും ഇതാണ് അവസ്ഥ. കോട്ടയം ഡിപ്പോയുടെ ടാര്‍ഗറ്റ് 16.70 ലക്ഷം രൂപയായിരുന്നെങ്കിലും ഓണദിവസങ്ങളിലൊന്നും ഇത് മറികടക്കാനായില്ല. തിരുവോണത്തിനു തലേന്നുള്ള രണ്ടു ദിവസങ്ങളിലും ശേഷമുള്ള ദിവസങ്ങളിലും വരുമാനം കുതിച്ചുകയറുകയായിരുന്നു പതിവ്. ഇത്തവണ കാര്യമായി തുക ഉയര്‍ന്നിട്ടില്ല. ഓണ ആഴ്ചയില്‍ തിങ്കളാഴ്ചയാണ് ഏറ്റവും കൂടുതല്‍ വരുമാനം കോട്ടയം ഡിപ്പോക്ക് ലഭിച്ചത് -15.50 ലക്ഷം. ഉത്രാടദിനത്തി ല്‍ 13 ലക്ഷവും അവിട്ടദിനത്തില്‍ 12.29 ലക്ഷം രൂപയുമാണ് കോട്ടയം ഡിപ്പോയുടെ വരുമാനം. കഴിഞ്ഞവര്‍ഷം ഉത്രാടദിനത്തില്‍ വരുമാനം 17 ലക്ഷം കടന്നിരുന്നു. മറ്റ് ഓണദിനങ്ങളിലും മികച്ച കലക്ഷനാണ് ലഭിച്ചത്. ജീവനക്കാരുടെ കുറവുമൂലം മുഴുവന്‍ സര്‍വിസുകളും നടത്താന്‍ കഴിയാതിരുന്നതാണ് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. ജില്ലയിലെ വിവിധ ഡിപ്പോകളിലായി നൂറ്റമ്പതോളം ജീവനക്കാരുടെ കുറവാണുള്ളത്. ഓണത്തോടനുബന്ധിച്ച് നൂറിലധികം സര്‍വിസുകളാണ് ജീവനക്കാരുടെ ക്ഷാമംമൂലം വിവിധ ഡിപ്പോകളിലായി വെട്ടിച്ചുരുക്കിയത്. ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കേണ്ട സമയത്ത് ജീവനക്കാരുടെ എണ്ണത്തിലുണ്ടായ കുറവ് ഡിപ്പോകളുടെ വരുമാനത്തിലും പ്രതിഫലിച്ചു. കോട്ടയം ഡിപ്പോയില്‍ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും എണ്ണത്തില്‍ 80 പേരുടെ കുറവാണുള്ളത്. ഏറ്റവും കൂടുതല്‍ ഷെഡ്യൂള്‍ നടത്തുന്ന കോട്ടയം ഡിപ്പോയില്‍ ഇത്രയധികം ജീവനക്കാരുടെ കുറവ് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മിക്ക ദിനങ്ങളിലും നിരവധി സര്‍വിസുകള്‍ വെട്ടിച്ചുരുക്കുന്നതിനു പുറമെ പുതിയ സര്‍വിസുകള്‍ നടത്തിയിട്ട് മാസങ്ങളേറെയായെന്ന് അധികൃതര്‍ പറയുന്നു. ഇതിനിടെ നിലവിലുള്ള ജീവനക്കാരുടെ അവധിയുംകൂടി വരുന്നതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയാണ്. ചെയിന്‍ സര്‍വിസുകള്‍ ഉള്‍പ്പെടെയുള്ളവയാണ് കോട്ടയം ഡിപ്പോയില്‍നിന്ന് റദ്ദാക്കിയത്. പാലായിലും സ്ഥിതി ഭിന്നമല്ല. ഇവിടെ ഇരുപതോളം ജീവനക്കാരുടെ കുറവാണുള്ളത്. എരുമേലി സബ് ഡിപ്പോയിലാകട്ടെ 15 ഡ്രൈവര്‍മാരുടെ കുറവുണ്ട്. എംപാനലുകാരെ നിയമിച്ച് മിക്ക സര്‍വിസുകളും മുന്നോട്ടുകൊണ്ടുപോകാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫലവത്താകുന്നില്ല. അവധി ദിനങ്ങളില്‍ ഇവരില്‍ ഭൂരിപക്ഷത്തിനും ഡ്യൂട്ടി നല്‍കിയിരുന്നു. വിവിധ ട്രേഡ് യൂനിയനുകളുടെ ജീവനക്കാര്‍ അവധിയില്‍ പ്രവേശിച്ചശേഷം എംപാനലുകാരെവെച്ച് സര്‍വിസ് നടത്താനാണ് അധികൃതര്‍ ശ്രമിച്ചതെന്നും ആഷേപമുണ്ട്. ചങ്ങനാശേരി ഡിപ്പോയിലും ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ഇരുപതിലധികം ഒഴിവാണുള്ളത്. അന്തര്‍ ജില്ലാ സര്‍വിസുകള്‍ വര്‍ധിപ്പിച്ച ഈരാറ്റുപേട്ട ഡിപ്പോയിലും ആവശ്യത്തിനു ജീവനക്കാരില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.