കോട്ടയം: സ്വകാര്യ സ്കാനിങ് സെന്‍ററുകളുടെ കഴുത്തറുപ്പന്‍ ഫീസില്‍നിന്ന് സാധാരണക്കാരായ രോഗികള്‍ക്ക് ആശ്വാസമായി കോട്ടയം ജനറല്‍ ആശുപത്രിയില്‍ സ്കാനിങ് സൗകര്യം ഒരുങ്ങി. അടുത്തയാഴ്ചയോടെ രോഗികള്‍ക്ക് സ്കാനിങ് സൗകര്യം ലഭ്യമായിത്തുടങ്ങും. ആരോഗ്യമന്ത്രിയുടെ സൗകര്യമനുസരിച്ച് ഉദ്ഘാടനം നടത്താനാണ് തീരുമാനം. ഉദ്ഘാടനതീയതിയും നിരക്കും നിശ്ചയിക്കാന്‍ ഉടന്‍ ആശുപത്രി വികസനസമിതി യോഗം ചേരും. അഞ്ച് വര്‍ഷമായി ആശുപത്രിയില്‍ പെട്ടിയിലിരുന്ന സ്കാനിങ് യന്ത്രമാണ് കാത്തിരിപ്പിനൊടുവില്‍ പ്രവര്‍ത്തനസജ്ജമാകുന്നത്. യന്ത്രം സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടി പൂര്‍ത്തിയായി. ആശുപത്രിയിലേക്കുള്ള വൈദ്യുതിയുടെ പ്രസാരണശേഷി വര്‍ധിപ്പിക്കാന്‍ പുതിയ ട്രാന്‍സ്ഫോര്‍മറും അടുത്തിടെ സ്ഥാപിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ യന്ത്രം പ്രവര്‍ത്തിപ്പിച്ചുതുടങ്ങിയിട്ടുമുണ്ട്. ആശുപത്രിയിലെ എക്സ്റേ യൂനിറ്റിന്‍െറ അടുത്ത മുറിയിലാണ് ഇത്. കോട്ടയം ജനറല്‍ ആശുപത്രിക്ക് 2011 ഡിസംബറിലാണ് 5.25 കോടി വിലയുള്ള സ്കാനിങ് യന്ത്രം കേന്ദ്ര ആരോഗ്യമന്ത്രാലയം അനുവദിച്ചത്. ഇത് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് വൈദ്യുതിയുടെ പ്രസാരണശേഷി ഉയര്‍ത്തണമെന്ന് കണ്ടത്തെിയതോടെ യന്ത്രത്തിന്‍െറ ‘വിശ്രമം’ ആരംഭിച്ചു. ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണമെങ്കില്‍ ഇതിന്‍െറ ചെലവായ 40 ലക്ഷത്തോളം രൂപ കെ.എസ്.ഇ.ബിക്ക് കെട്ടിവെക്കണമായിരുന്നു. സര്‍ക്കാര്‍ തലത്തില്‍ ഇതിന് നടപടി ഉണ്ടാകാതിരുന്നതോടെ യന്ത്രം പെട്ടിയില്‍ തന്നെ ഇരിക്കുകയായിരുന്നു. ഇതിനിടെ, സ്കാനിങ് മെഷീന്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങളും നടന്നു. രോഗികള്‍ മനുഷ്യാവകാശ കമീഷനിലും ലോകായുക്തയിലുമൊക്കെ പരാതിയും നല്‍കി. സ്കാനിങ് യന്ത്രം സ്ഥാപിക്കാത്തതിനെതിരെ എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറികൂടിയായ ആശുപത്രി വികസന സമിതി അംഗം പി.കെ. ആനന്ദക്കുട്ടന്‍ 2013 നവംബര്‍ 16 മുതല്‍ അഞ്ചുദിവസം ആശുപത്രിക്കുമുന്നില്‍ നിരാഹാരസത്യഗ്രഹം നടത്തിയതോടെ പ്രശ്നം ചര്‍ച്ചയായി. അന്നത്തെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്കാനിങ് യന്ത്രം സ്ഥാപിക്കാമെന്ന് ഉറപ്പുനല്‍കിയതോടെയാണ് സമരം അവസാനിച്ചത്. എന്നാല്‍, പിന്നീട് നടപടിയുണ്ടായില്ല. അടുത്തിടെ ആശുപത്രി സൂപ്രണ്ടായി ഡോ. ആര്‍. ബിന്ദുകുമാരി എത്തിയതോടെയാണ് സ്കാനിങ് മെഷീന്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ നടപടി പുരോഗമിച്ചത്. തുടര്‍ന്ന് ഇവര്‍ നിരന്തരം ആശുപത്രി വികസന സമിതി യോഗങ്ങള്‍ വിളിച്ചുകൂട്ടി. മേലധികാരികളുടെ മുന്നിലും നിരന്തരം വിഷയം എത്തിച്ച ഇവര്‍ തടസ്സങ്ങള്‍ ഓരോന്നായി നീക്കി. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തിലത്തെിയതോടെ സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍. വാസവനും പ്രശ്നത്തില്‍ ഇടപെട്ടു. അദ്ദേഹം വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ആരോഗ്യ മന്ത്രി കെ.കെ.ശൈലജ എന്നിവരുമായി ചര്‍ച്ചയും നടത്തി. തുടര്‍ന്നുനടന്ന ഉന്നതതല ചര്‍ച്ചകളിലാണ് ഇപ്പോള്‍ സ്കാനിങ് യന്ത്രം സ്ഥാപിക്കാന്‍ നടപടിയായത്. ആശുപത്രി അധികൃതര്‍ കെ.എസ്.ഇ.ബിക്ക് നല്‍കേണ്ട 40 ലക്ഷം രൂപ സര്‍ക്കാര്‍ അടച്ചതോടെയാണ് വൈദ്യുതി പ്രസാരണശേഷി വര്‍ധിപ്പിക്കാന്‍ പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാന്‍ നടപടിയായത്. കഴിഞ്ഞയാഴ്ച പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് പ്രസാരണശേഷി ഉയര്‍ത്തി. മറ്റു പ്രവര്‍ത്തനങ്ങള്‍ക്കായി 14 ലക്ഷം രൂപ ആര്‍.എസ്.ബി.വൈ ഫണ്ടില്‍നിന്ന് സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. രോഗികളില്‍നിന്ന് ചെറിയ നിരക്ക് മാത്രം ഈടാക്കി സേവനം നല്‍കാനാണ് ധാരണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.