ലൈസന്‍സ് റദ്ദാക്കിയ റേഷന്‍കട : അന്വേഷണം പൂര്‍ത്തിയാക്കാതെ തുറന്നുകൊടുക്കാന്‍ നീക്കം

കോട്ടയം: ഗുരുതര ക്രമക്കേടുകള്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് ലൈസന്‍സ് റദ്ദാക്കിയ റേഷന്‍കട നിയമാനുസൃതമുള്ള അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കാതെ തുറന്നുകൊടുക്കാനുള്ള നീക്കമെന്ന് ആക്ഷേപം. കോട്ടയം താലൂക്കിലെ പള്ളിക്കത്തോട്ടിലാണ് സംഭവം. കഴിഞ്ഞ ആഗസ്റ്റ് 29ന് താലൂക്ക് സപൈ്ള ഓഫിസര്‍ നേരിട്ടത്തെി പൂട്ടിച്ച റേഷന്‍കടയാണ് 10 ദിവസം തികയും മുമ്പേ അന്വേഷണം പൂര്‍ത്തിയാക്കാതെ ജില്ലാ അധികൃതരുടെ ഒത്താശയോടെ ധിറുതിപിടിച്ച് തുറക്കാന്‍ നീക്കംനടക്കുന്നത്. റേഷന്‍കട വഴി വിതരണംചെയ്യുന്ന സാധനങ്ങളുടെ അളവില്‍ ക്രമക്കേട് കാട്ടിയതും കണക്കുകളില്‍ കൃത്രിമം കാട്ടിയതുമാണ് ലൈസന്‍സ് റദ്ദാക്കാന്‍ കാരണമായത്. ഓരോ മാസവും/ആഴ്ചയിലും ഓരോ കാര്‍ഡുടമക്കും ലഭിക്കേണ്ട സാധനങ്ങളും അവയുടെ അളവും എല്ലാവരും കാണത്തക്ക രീതിയില്‍ ബോര്‍ഡില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമം. എന്നാല്‍, സാധനങ്ങളുടെ അളവു വളരെ തൂക്കംകുറച്ചാണ് കടയുടമ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചതും വിതരണം ചെയ്തുകൊണ്ടിരുന്നതും. കഴിഞ്ഞമാസം ബി.പി.എല്‍ വിഭാഗത്തിന് എട്ടുകിലോഗ്രാമും എ.പി.എല്‍ വിഭാഗത്തിന് രണ്ടുകിലോഗ്രാമും ഗോതമ്പാണ് വിതരണംചെയ്യാന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, കടയിലെ ബോര്‍ഡില്‍ ഇത് യഥാക്രമം അഞ്ചും ഒന്നും കിലോഗ്രാമായി. ഏപ്രില്‍ മുതല്‍ ബി.പി.എല്‍ വിഭാഗത്തിന് സൗജന്യമായി വിതരണംചെയ്യേണ്ട അരി കിലോക്ക് ഒരുരൂപ നിരക്കിലാണ് ഇയാള്‍ വിറ്റത്.ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് ഈ കട അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു. ആര്‍ക്കും വായിക്കാന്‍പറ്റാത്തവിധം എഴുതിയുണ്ടാക്കുന്ന ബില്‍ബുക്കുകള്‍ ഓഡിറ്റിങ്ങിനും പ്രശ്നമായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ നടന്ന പരിശോധനയില്‍ ബുക്കുകളും അനുബന്ധ രേഖകളും കൃത്യമാക്കണമെന്ന നിര്‍ദേശം നല്‍കിയെങ്കിലും കടയുടമ പാലിച്ചിരുന്നില്ല. പ്രശ്നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്നാണ് ആഗസ്റ്റ് 29ന് പരിശോധനയെ തുടര്‍ന്ന് കട സസ്പെന്‍ഡ് ചെയ്തുകൊണ്ട് താലൂക്ക് സപൈ്ള ഓഫിസര്‍ ഉത്തരവിട്ടത്. ഇതിനെതിരെ കടയുടമ അപ്പീല്‍ നല്‍കിയെങ്കിലും നിയമാനുസൃതമുള്ള നടപടി ഇനിയും പൂര്‍ത്തിയായിട്ടില്ല. ഒരുവര്‍ഷം മുമ്പ് ലൈസന്‍സ് റദ്ദാക്കപ്പെട്ട ഒട്ടേറെ കടകള്‍ അപ്പീല്‍ നല്‍കി നിയമനടപടി പൂര്‍ത്തിയാകാന്‍ കാത്തിരിക്കുമ്പോഴും ധിറുതിപിടിച്ച് ഈ കടയുടെ ലൈസന്‍സ് വളഞ്ഞവഴിയെ പുതുക്കാന്‍ ജില്ലാ സപൈ്ള അധികൃതര്‍ കാട്ടുന്ന വ്യഗ്രത ചര്‍ച്ചയായിരിക്കുകയാണ്. ഇതിനിടെ നടപടിയെടുത്ത താലൂക്ക് സപൈ്ള ഓഫിസറോട് ജില്ലാ സപൈ്ള ഓഫിസര്‍ വിശദീകരണവും തേടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.