മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സിക്ക് റൂം ഗോഡൗണ്‍ ആയി മാറുന്നു

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാരെ ചികിത്സയില്‍ പ്രവേശിപ്പിക്കുന്ന സിക്ക് റൂം മരുന്നുകളും ഉപയോഗശൂന്യമായ ഇലക്ട്രിക് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഗോഡൗണ്‍ ആയി മാറുന്നു. മരുന്നുകളും അനുബന്ധ സാധനങ്ങളും സൂക്ഷിക്കാന്‍ വേറെ മുറികള്‍ ഉള്ളപ്പോഴാണ് രോഗം വന്നാല്‍ ജീവനക്കാരെ കിടത്തിച്ചികിത്സിക്കുന്ന സിക്ക് റൂം മരുന്നുകളുടെയും മറ്റു സാധനങ്ങളുടെയും സൂക്ഷിപ്പ് കേന്ദ്രമായി മാറുന്നത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ജനറല്‍ സര്‍ജറി പുരുഷന്മാരുടെ 14ാം വാര്‍ഡിലാണ് ഈ സ്ഥിതി. പാരമെഡിക്കല്‍ വിഭാഗത്തിലെ പുരുഷന്മാരായ ജീവനക്കാര്‍ക്ക് അസുഖം ബാധിക്കുമ്പോള്‍ കിടത്തിച്ചികിത്സിക്കുന്നതാണിവിടെ. വാര്‍ഡിന്‍െറ ഉത്തരവാദിത്തം അതാത് വാര്‍ഡുകളിലെ ഹെഡ് നഴ്സുമാര്‍ക്കാണ്. എന്നാല്‍, ബന്ധപ്പെട്ട അധികൃതരുടെ അശ്രദ്ധയാണ് സിക്ക് റൂമില്‍ മരുന്നുകളും മറ്റും സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ഇപ്പോള്‍ ഒ.പി ചീട്ട് കൗണ്ടറിലെ ഗ്രേഡ് രണ്ട് വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിക്കാരായ ഒരു ജീവനക്കാരന്‍ ചികിത്സയില്‍ കഴിയുകയാണ്. മൂന്നര അടിമാത്രം ഉയരമുള്ള ഇയാളുടെ ഇടതുകാലിന്‍െറ മുട്ടിനുതാഴെ പഴുപ്പ് ബാധിച്ചാണ് ചികിത്സക്കത്തെിയത്. എന്നാല്‍, അണുബാധയേറ്റിട്ടുള്ള ഈ രോഗിയെ കിടത്തിയിരിക്കുന്നത് മലിനീകരിക്കപ്പെട്ട ഈ സിക്ക് റൂമിലാണ്. രോഗംവരുന്നതിന് മുമ്പും പരസഹായത്തോടെയാണ് മുച്ചക്ര സ്കൂട്ടറില്‍ ഈ ജീവനക്കാരന്‍ വന്നുപോകുന്നത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് മൂന്ന് കിടക്കകള്‍ മാത്രമുള്ള ഇവിടെ മറ്റ് രോഗികള്‍വന്നാല്‍ സ്ഥലമില്ലാതെ വിഷമിക്കും. അതിനാല്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്ന മരുന്നുകള്‍ അടക്കമുള്ള എല്ലാ സാധനങ്ങളും മറ്റൊരു സ്ഥലത്തേക്ക് മാറ്റി രോഗികള്‍ക്ക് കിടക്കാനുള്ള സൗകര്യം ഉണ്ടാക്കണമെന്നാണ് പാരാമെഡിക്കല്‍ ജീവനക്കാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.