ശബരിമല ഒരുക്കം നവംബര്‍ ആദ്യവാരം പൂര്‍ത്തിയാക്കണം –കലക്ടര്‍

കോട്ടയം: ശബരിമല തീര്‍ഥാടന കാലത്തിന് മുന്നോടിയായി നടത്തേണ്ട മുന്നൊരുക്കം നവംബര്‍ ആദ്യവാരത്തോടെ പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍ സി.എ. ലത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടറേറ്റില്‍ ഇത് സംബന്ധിച്ച് ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. എരുമേലിയിലും മറ്റ് ഇടത്താവളങ്ങളിലും തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യം ഉറപ്പുവരുത്തുന്നതിന് വിവിധ വകുപ്പുകളുടെ ശരിയായ ഏകോപനം ഉണ്ടാക്കും. തീര്‍ഥാടനകാലം ആരംഭിക്കുമ്പോള്‍ തന്നെ പൊലീസ് എരുമേലിയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കും. മൊബൈല്‍ പട്രോളിങ് ശക്തിപ്പെടുത്തുകയും ദ്രുതകര്‍മ സേനയുടെ സേവനം ഉറപ്പാക്കുകയും ചെയ്യും. സുരക്ഷയുടെ ഭാഗമായി പ്രധാന കേന്ദ്രങ്ങളില്‍ സി.സി ടി.വി സ്ഥാപിക്കും. പ്ളാസ്റ്റിക് നിരോധിത മേഖലകളില്‍ നിരോധം കര്‍ശനമായി നടപ്പാക്കും. റോഡുകളുടെ അറ്റകുറ്റപ്പണി യഥാസമയം പൂര്‍ത്തിയാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിനും ശരിയായ വൈദ്യുതി വിതരണം ഉറപ്പുവരുത്തുന്നതിന് വൈദ്യുതി ബോര്‍ഡിനും നിര്‍ദേശം നല്‍കി. തെരുവുവിളക്കുകളുടെ കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. വിവിധ ഭാഷകളില്‍ സൈന്‍ ബോര്‍ഡുകള്‍ റോഡുകളില്‍ സ്ഥാപിക്കും. കുളിക്കടവുകളില്‍ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. പ്രധാന കേന്ദ്രങ്ങളില്‍ ഹൃദ്രോഗ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും മറ്റ് ചികിത്സാ സംവിധാനങ്ങളും ഉറപ്പുവരുത്താനും നടപടി സ്വീകരിക്കും. എ.ഡി.എം പി. അജന്തകുമാരി, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.