കഞ്ചാവ് എത്തിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശി അറസ്റ്റില്‍

ചങ്ങനാശേരി: കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചെറുകിട കഞ്ചാവ് കച്ചവടക്കാര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍നിന്ന് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിയെ 120 പാക്കറ്റ് കഞ്ചാവുമായി പിടികൂടി. പശ്ചിമ ബംഗാള്‍ മാല്‍ഡജില്ലയില്‍ രത്വാ താലൂക്കില്‍ ഖൊവ്കമര്‍ വില്ളേജില്‍ താമസക്കാരനായ എസ്ബാന്‍ റഹ്മാനാണ് (24) പിടിയിലായത്. ചങ്ങനാശേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജുവര്‍ഗീസിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. വിവിധ ജില്ലകളിലെ ചെറുകിട കഞ്ചാവ് കച്ചവടക്കാര്‍ക്കിടയില്‍ കഞ്ചാവ് എത്തിക്കുന്നത് ഇതര സംസ്ഥാനക്കാരനാണെന്ന് എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ചങ്ങനാശേരിയിലെ ചെറുകിട കഞ്ചാവ് കച്ചവടക്കാരെ പിടിച്ച് ചോദ്യംചെയ്തു. ഇതോടെയാണ് ഇവര്‍ക്കിടയില്‍ കഞ്ചാവ് എത്തിക്കുന്നത് എസ്ബാന്‍ റഹ്മാനാണെന്ന് മനസ്സിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ കുറിച്ചിക്ക് സമീപമുള്ള കോളനികളിലെ ചെറുകിട കഞ്ചാവ് കച്ചവടക്കാര്‍ക്ക് സാധനം എത്തിച്ചുകൊടുക്കുന്നതിനായി എത്തിയപ്പോഴാണ് എസ്ബാന്‍ റഹ്മാനെ മന്ദിരംകവലയില്‍വെച്ച് പിടികൂടുന്നത്. ഇയാള്‍ എക്സൈസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ തന്നെ ധാരാളം പേര്‍ കഞ്ചാവ് ആവശ്യപ്പെട്ട് ഫോണിലേക്ക് വിളിച്ചതായും എക്സൈസ് പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍നിന്ന് തുച്ഛമായ വിലയ്ക്ക് ഇവിടെയത്തെിക്കുന്ന കഞ്ചാവ് 15 ഇരട്ടിവരെ വില വര്‍ധിപ്പിച്ചാണ് വില്‍ക്കുന്നത്. ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നതെന്നും ഇയാള്‍ പറഞ്ഞു. ഇയാളുടെ പിന്നില്‍ ഇതര സംസ്ഥാനതൊഴിലാളികളുടെ ഒരു സംഘം തന്നെ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് എക്സൈസിനു ലഭിച്ച വിവരം. റോയ് എം. തോമസ്, ബിനോയ് കെ. മാത്യു, രതീഷ്.കെ. നാണു, ടി. ബൈജു, ടി. സന്തോഷ്, പി.എ. മജീദ്, പി.കെ. രാജീവ്, പി. സജി, അനില്‍ എന്നിവരും അറസ്റ്റിനു നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.