കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബ്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിക്ക് കാത്ത് ലാബ് അനുവദിച്ചു. സര്‍ക്കാര്‍ പുതുതായി അനുവദിച്ച 10 കാത്ത് ലാബുകളില്‍ ഒന്നാണ് കാഞ്ഞിരപ്പള്ളിക്ക് ലഭിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ബാബു സെബാസ്റ്റ്യന്‍ പറഞ്ഞു. ഹൃദയത്തിലെ രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുണ്ടാകുന്ന തടസ്സങ്ങള്‍ കണ്ടത്തെുന്ന ആന്‍ജിയോഗ്രാം പരിശോധനയും തടസ്സങ്ങള്‍ നീക്കുന്ന ആന്‍ജിയോപ്ളാസ്റ്റി ചികിത്സയും കാത്ത് ലാബില്‍ ലഭ്യമാക്കാന്‍ കഴിയും. ആന്‍ജിയോഗ്രാമിന് 10,000 രൂപ മുതലും ആന്‍ജിയോപ്ളാസ്റ്റിക്ക് ലക്ഷം രൂപ മുതല്‍ മുകളിലോട്ടുമാണ് സ്വകാര്യ ആശുപത്രികളില്‍ ഈടാക്കുന്നത്. ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബ് പ്രവര്‍ത്തനക്ഷമമാകുന്നത് കിഴക്കന്‍ മലയോര മേഖലയിലെ നിര്‍ധന രോഗികള്‍ക്ക് ഏറെ പ്രയോജനമാകും. ശബരിമല തീര്‍ഥാടകര്‍ക്കും ഇത് പ്രയോജനമാകും. എന്നാല്‍, 10 കോടിയിലേറെ ചെലവുവരുന്ന കാത്ത് ലാബിന്‍െറ പ്രവര്‍ത്തനത്തിന് കാര്‍ഡിയോളജിസ്റ്റ്, ടെക്നിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെ ജീവനക്കാര്‍ അധികമായി വേണം. 5000 ചതുരശ്ര അടി കെട്ടിടവും പ്രത്യേക ട്രാന്‍സ്ഫോര്‍മറും ആവശ്യമാണ്. നിലവില്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാര്‍ഡിയോളജി ഐ.സി.യു പ്രവര്‍ത്തിക്കുന്ന 1500 ചതുരശ്ര അടി കെട്ടിടമാണുള്ളത്. ഇതോടനുബന്ധിച്ച് 3600 ചതുരശ്ര അടി സൗകര്യവും ഉള്ളതായി ആശുപത്രി സൂപ്രണ്ട് ഡോ. ബാബു സെബാസ്റ്റ്യന്‍ അറിയിച്ചു. കേരളത്തില്‍ കാത്ത് ലാബുകള്‍ ഉള്ള സര്‍ക്കാര്‍ ആശുപത്രികളുടെ എണ്ണം ആറായിരുന്നു. പുതുതായി 10 എണ്ണം കൂടി അനുവദിച്ചതോടെ 16 ആയി. നാല് മെഡിക്കല്‍ കോളജുകളിലും പാലക്കാട് ജില്ലാ ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും മാത്രമാണ് നിലവില്‍ കാത്ത് ലാബ് ഉള്ളത്. എറണാകുളം മെഡിക്കല്‍ കോളജ്, കൊല്ലം മെഡിക്കല്‍ കോളജ്, കൊല്ലം ജനറല്‍ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി, തൃശൂര്‍ ജനറല്‍ ആശുപത്രി, മലപ്പുറം ജില്ലാ ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശുപത്രി, കാസര്‍കോട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് കാത്ത് ലാബുകള്‍ പുതുതായി തുടങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.