അയര്‍ക്കുന്നം സാമൂഹിക ആരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥ അനാസ്ഥ; കെട്ടിടനിര്‍മാണം മുടങ്ങി

കോട്ടയം: ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം അയര്‍ക്കുന്നം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്‍െറ കെട്ടിടനിര്‍മാണം മുടങ്ങി. പള്ളം ബ്ളോക് പഞ്ചായത്തിന് കീഴില്‍ നിര്‍മിക്കുന്ന സാമൂഹിക ആരോഗ്യ കേന്ദ്രത്തെച്ചൊല്ലി രാഷ്ട്രീയ പാര്‍ട്ടികളുടെ പോസ്റ്റര്‍ വിപ്ളവം കൊഴുക്കുകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് 2.47 കോടി കെട്ടിട നിര്‍മാണത്തിന് അനുവദിച്ചതോടെയാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ സാമൂഹിക ആരോഗ്യകേന്ദ്രമായി ഉയര്‍ത്താന്‍ നടപടി ആരംഭിച്ചത്. തുടര്‍ന്ന് കെട്ടിടനിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുകയും ചെയ്തു. എന്നാല്‍, കരാര്‍ എടുത്ത കോണ്‍ട്രാക്ടര്‍ക്ക് സ്ഥലത്തെ മണ്ണ് മുഴുവനായി മാറ്റാന്‍ അനുവാദം ലഭിക്കാതിരുന്നത് പണിമുടങ്ങാന്‍ കാരണമായി. മണ്ണ് നീക്കാനും കെട്ടിടനിര്‍മാണ അനുമതിക്കുമായി ബ്ളോക് പഞ്ചായത്ത് അധികൃതര്‍ മാസങ്ങളായി വിവിധ വകുപ്പ് ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. എന്നാല്‍, സര്‍ക്കാര്‍ രേഖകളില്‍ പുറമ്പോക്ക് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കെട്ടിട നിര്‍മാണത്തിന് അനുമതി ലഭിക്കാന്‍ തടസ്സമായി. വില്ളേജ് ഓഫിസ്, പി.ഡബ്ള്യു.ഡി, മൈനിങ് ആന്‍ഡ് ജിയോളജി, ടൗണ്‍ പ്ളാനിങ്, താലൂക്ക് ഓഫിസ്, എ.ഡി.എം, ഡെപ്യൂട്ടി കലക്ടര്‍ തുടങ്ങി വിവിധ തലങ്ങളിലാണ് ഓരോ കാര്യത്തിനും തടസ്സമെന്നാണ് ബ്ളോക് പഞ്ചായത്ത് ഭരണസമിതിയുടെ നിലപാട്. ഇതത്തേുടര്‍ന്ന് ഉമ്മന്‍ ചാണ്ടി എം.എല്‍.എ വിവിധ വകുപ്പുകളുടെ യോഗം കലക്ടറുടെ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ക്കാന്‍ നിര്‍ദേശിച്ചെങ്കിലും കലക്ടറുടെ അസൗകര്യത്താല്‍ ഇതുവരെ നടന്നില്ല. ഇതോടെ ആദ്യം സി.പി.ഐ പോസ്റ്ററുകളുമായി രംഗത്തുവന്നു. ആശുപത്രിയുടെ വികസനത്തിന്‍െറ വഴിമുടക്കിയത് ആരെന്ന ചോദ്യവുമായാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. മറുപടിയായി ആശുപത്രിയുടെ അനുവാദം മുതല്‍ തെരഞ്ഞെടുപ്പിനു ശേഷം വരെയുള്ള സംഭവങ്ങള്‍ മുഴുവന്‍ നാള്‍വഴിയായി ഫ്ളക്സ് സ്ഥാപിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് അയര്‍ക്കുന്നം മണ്ഡലം കമ്മിറ്റിയും രംഗത്തുവന്നു. കെട്ടിടനിര്‍മാണം മുടങ്ങിയത് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതലാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്. രാഷ്ട്രീയ പകപോക്കലുകള്‍ മൂലം അയര്‍ക്കുന്നം പഞ്ചായത്തിലെ നൂറുകണക്കിന് പാവപ്പെട്ട രോഗികളുടെ ആശ്രയമാണ് നഷ്ടമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.