കോട്ടയം: അത്തച്ചമയ നിറവില്‍ ഓണത്തിലേക്ക് ചുവടുവെച്ച് നഗരം. വര്‍ണംവിതറി കോട്ടയത്ത് ഞായറാഴ്ച നടന്ന അത്തച്ചമയ ഘോഷയാത്ര നഗരത്തിന് കാഴ്ചവിരുന്നായി. ഫ്ളോട്ടുകളും വിവിധ വേഷക്കാരും താളക്കാരും ചേര്‍ന്ന് മൂന്നുമണിക്കൂറോളും അത്തച്ചമയ കാഴ്ചകളൊരുക്കി. ഓണാഘോഷത്തിന്‍െറ വരവറിയിച്ച് സംഘടിപ്പിച്ച ഘോഷയാത്ര കാണാന്‍ റോഡിനിരുവശവും നൂറുകണക്കിനുപേര്‍ തടിച്ചുകൂടി. മന്നം സാംസ്കാരിക സമിതി, കോട്ടയം നഗരസഭ, കോട്ടയം പ്രസ്ക്ളബ് എന്നിവ സംയുക്തമായാണ് ഘോഷയാത്ര അണിയിച്ചൊരുക്കിയത്. ചെണ്ടക്കും നാസിക് ധോലിനുമൊപ്പം സംസ്ഥാനത്തിന്‍െറ വിവിധ ജില്ലകളില്‍നിന്നത്തെിയ കലാസംഘങ്ങള്‍ അവതരിപ്പിച്ച നാടന്‍ കലാരൂപങ്ങള്‍, പഞ്ചവാദ്യം, അര്‍ധനാരീശ്വര നൃത്തം, അര്‍ജുന നൃത്തം, തിരുവാതിര, പാവക്കൂത്ത് തുടങ്ങിയവ ഘോഷയാത്രക്ക് കൊഴുപ്പേകി. ഇതിനൊപ്പം കുട്ടികളുടെ റോളര്‍സ്കേറ്റിങ്ങും യാത്രക്ക് മിഴിവേകി. കലാവിഷ്കാരങ്ങളുടെ സൗന്ദര്യത്തില്‍ മതസൗഹാര്‍ദത്തിന്‍െറ സന്ദേശം പകര്‍ന്നാണ് ഘോഷയാത്ര നീങ്ങിയത്. ഇതിനൊപ്പം താളംപിടിച്ച് നിരവധിപേര്‍ അണിനിരന്നു. വൈകീട്ട് അഞ്ചരക്ക് പൊലീസ് പരേഡ് ഗ്രൗണ്ടില്‍നിന്ന് ആരംഭിച്ച അത്തച്ചമയ ഘോഷയാത്ര കാണാന്‍ കെ കെ റോഡിനിരുവശവും സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ തടിച്ചുകൂടി. രാത്രി എട്ടരയോടെ ഘോഷയാത്ര തിരുനക്കര ക്ഷേത്രമൈതാനത്ത് സമാപിക്കുമ്പോഴും വന്‍ ജനക്കൂട്ടം കാത്തുനിന്നിരുന്നു. ഘോഷയാത്രക്ക് മുന്നോടിയായി പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ഓണവിളംബര സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അത്തച്ചമയ ഘോഷയാത്ര സംഘാടക സമിതി ചെയര്‍മാന്‍ വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. കലക്ടര്‍ സി.എ. ലത മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്, മന്നം സാംസ്കാരിക സമിതി പ്രസിഡന്‍റ് എസ്. ജയകൃഷ്ണന് അത്തപതാക നല്‍കി. കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍. സോന ഓണവിളംബരം നടത്തി. കോട്ടയം നഗരസഭാ പ്രതിപക്ഷ നേതാവ് സി.എന്‍. സത്യനേശന്‍, അര്‍ബന്‍ ബാങ്ക് പ്രസിഡന്‍റ് അഡ്വ. കെ. അനില്‍ കുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് അഡ്വ. എം.പി. ഗോവിന്ദന്‍ നായര്‍, ദര്‍ശന ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ കാളിയാനിയില്‍, ജില്ലാ റെസിഡന്‍റ്സ് അപക്സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ.എം. രാധാകൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു. ഘോഷയാത്ര ജില്ലാ പൊലീസ് മേധാവി എന്‍. രാമചന്ദ്രന്‍ ഫ്ളാഗ്ഓഫ് ചെയ്തു. കലക്ടര്‍ സി.എ. ലത, മുന്‍ എം.എല്‍.എ വി.എന്‍. വാസവന്‍, പ്രസ്ക്ളബ് പ്രസിഡന്‍റ് എസ്. മനോജ്, ഘോഷയാത്ര ജനറല്‍ കോഓഡിനേറ്റര്‍ ടി.സി. ഗണേഷ്, ജനറല്‍ സെക്രട്ടറി ആര്‍. വേണുഗോപാല്‍, ജയകുമാര്‍ തിരുനക്കര എന്നിവര്‍ ഘോഷയാത്ര നയിച്ചു. രാവിലെ മുതല്‍ വിവിധ മത്സരങ്ങളും നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.