‘ആധുനിക ഗാരേജില്‍’ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചില്ല : കെ.എസ്.ആര്‍.ടി.സി ഗാരേജിനു നഗരസഭ പ്രവര്‍ത്തനാനുമതി നിഷേധിച്ചു

കോട്ടയം: കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡില്‍ നിര്‍മിച്ച ‘ആധുനിക ഗാരേജില്‍’ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചില്ല, പ്രവര്‍ത്തനാനുമതി ലഭിക്കാത്തിനെ തുടര്‍ന്ന് കെട്ടിടം നോക്കുകുത്തി. കെട്ടിടനിര്‍മാണച്ചട്ടങ്ങള്‍ പാലിക്കാതെയും സുരക്ഷാ സൗകര്യവും ഒരുക്കാത്ത കെട്ടിടത്തിന് നമ്പര്‍ നല്‍കാനാകില്ളെന്ന് നഗരസഭ എന്‍ജിനീയറിങ് വിഭാഗം നിലപാടെടുത്തതോടെ വൈദ്യുതി കണക്ഷനുപോലും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്ക് അപേക്ഷിക്കാനാകുന്നില്ല. കെട്ടിടത്തില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെ സുരക്ഷാ സൗകര്യവും മഴവെള്ള സംഭരണി ഉള്‍പ്പെടെയുള്ളതും സ്ഥാപിക്കാത്തത് മൂലമാണ് കെട്ടിടത്തിനു പ്രവര്‍ത്തനാനുമതി നിഷേധിച്ചത്. നിര്‍മാണത്തിലെ അപാകത മൂലം മാസങ്ങള്‍ പിന്നിടും മുമ്പെ കെട്ടിടത്തിലെ പലയിടങ്ങളിലും ഡ്രെയ്നേജിലെ പൈപ്പ്ലൈനുകള്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങി. മൂന്നു നാല് മാസങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച കെട്ടിടത്തില്‍ തൂക്കിയിട്ട ബള്‍ബുകള്‍ ഉള്‍പ്പെടെയുള്ളവ നിലം പൊത്തുകയും ബാത്റൂമിലെ പൈപ്പുകള്‍ ചോരാനും തുടങ്ങി. ബാത്റൂമില്‍നിന്നും കക്കൂസില്‍നിന്നും ഡ്രെയ്നേജിലേക്കുള്ള പൈപ്പ്ലൈന്‍ റൂമിലെ ഫാനിനരികിലൂടെയാണ് കടന്നുപോകുന്നത്. ഈ പൈപ്പുകളില്‍നിന്ന് മലിനജലം റൂമുകളിലേക്ക് ഒലിച്ചിറങ്ങുകയാണ്. ഗാരേജില്‍ വെളിച്ചം ലഭിക്കാനായി സ്ഥാപിച്ച ലൈറ്റുകള്‍ കാറ്റത്ത് ഇളകിവീഴുകയും ചെയ്തു. മുന്‍ ഗതാഗതമന്ത്രിയും നിലവില്‍ എം.എല്‍.എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ ആസ്തി വികസനഫണ്ടില്‍നിന്ന് മൂന്നുകോടി ചെലവഴിച്ചാണ് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ ഗാരേജ് നിര്‍മിച്ചിരിക്കുന്നത്. 10 ബസുകള്‍ പാര്‍ക്ക്ചെയ്യാന്‍ സൗകര്യമുള്ള ഗാരേജിന്‍െറ മുകളിലത്തെനിലയില്‍ വര്‍ക്ഷോപ് പ്രവര്‍ത്തിക്കുമെന്നായിരുന്നു അന്ന് നല്‍കിയ വാഗ്ദാനം. കോടിമതയിലെ താല്‍ക്കാലിക ഗാരേജില്‍നിന്ന് ഒരുമാസത്തിനകം ബസുകള്‍ ഇങ്ങോട്ടേക്കു മാറ്റുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, നിലവില്‍ നാല് ബസുകള്‍ മാത്രമേ ഗാരേജില്‍ ഒരേ സമയം പാര്‍ക്ക് ചെയ്ത് അറ്റകുറ്റപ്പണി നടത്താന്‍ കഴിയുകയുള്ളു. മുമ്പുണ്ടായിരുന്ന ഗാരേജില്‍ 21 ബസുകള്‍ ഒരുമിച്ച് അറ്റകുറ്റപ്പണിക്ക് കയറ്റാമായിരുന്നു. നിലവില്‍ ബസുകളുടെ പെയ്ന്‍റിങ് വര്‍ക്കുകള്‍ മാത്രമാണ് ഈ ഗാരേജില്‍ നടത്തുന്നത്. അടിസ്ഥാന സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് 101 ജീവനക്കാര്‍ ഒപ്പിട്ട് കെ.എസ്.ആര്‍.ടി.സി ചീഫ് ജനറല്‍ മാനേജര്‍ അടക്കമുള്ളവര്‍ക്ക് മാസങ്ങള്‍ക്ക് മുമ്പ് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇതുവരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ഡിപ്പോയില്‍ പുതുതായി പണിത ഗാരേജിലേക്കുള്ള വഴി ഇടിഞ്ഞിട്ടുണ്ട്. കുത്തനെയുള്ള ഇറക്കമായതും അറ്റകുറ്റപ്പണിക്ക് ബസുകള്‍ എത്തിക്കാന്‍ ബുദ്ധിമുട്ടാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.