അടിമാലി പഞ്ചായത്തില്‍ പ്ളാസ്റ്റിക് കാരി ബാഗുകള്‍ക്ക് നിരോധനം

അടിമാലി: ഡിസംബര്‍ ഒന്നു മുതല്‍ 50 മൈക്രോണിനു താഴെയുള്ള പ്ളാസ്റ്റിക് കാരി ബാഗുകള്‍ പഞ്ചായത്ത് പരിധിയില്‍ നിരോധിച്ച് അടിമാലി ഗ്രാമപഞ്ചായത്ത് വിജ്ഞാപനം പുറപ്പെടുവിച്ചു. പ്ളാസ്റ്റിക് മാലിന്യ സംസ്കരണത്തിനു സമഗ്രനയം നടപ്പാക്കുന്നതിന്‍െറ ഭാഗമാണിത്. 50 മൈക്രോണില്‍ കൂടുതലുള്ള പ്ളാസ്റ്റിക് കാരിബാഗുകള്‍, പ്ളാസ്റ്റിക് കൂടുകള്‍, ടെക്സ്റ്റൈല്‍, സ്റ്റേഷനറി സ്ഥാപനങ്ങളിലെയും മറ്റും പ്ളാസ്റ്റിക് ബാഗുകള്‍ തുടങ്ങി എല്ലാത്തരം പ്ളാസ്റ്റിക് ബാഗുകളും വില ഈടാക്കി മാത്രമേ ഉപഭോക്താക്കള്‍ക്ക് നല്‍കാവൂവെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 50 മൈക്രോണില്‍ കൂടുതലുള്ള ബാഗുകള്‍ ഉപയോഗിക്കുന്ന വ്യാപാരികളും തെരുവുകച്ചവടക്കാരും നവംബര്‍ 30നകം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഉപയോഗിക്കുന്ന ബാഗുകള്‍ 50 മൈക്രോണിനു മുകളിലുള്ളതാണെന്ന് നിയമപരമായി ഉറപ്പാക്കി ബില്ല് സ്ഥാപനത്തില്‍ സൂക്ഷിക്കണം. പ്ളാസ്റ്റിക് കാരിബാഗുകള്‍ ഉപയോഗിക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ ചെറുകിട വ്യാപാരികളും തെരുവുകച്ചവടക്കാരം പ്ളാസ്റ്റിക് മാലിന്യ പരിപാലന ഫീസായി പ്രതിമാസം 4,000 രൂപയും പ്രതിവര്‍ഷം 48,000 രൂപയും പഞ്ചായത്തില്‍ അടക്കണം. മൊത്ത വ്യാപാരികള്‍ക്കും മറ്റും ഈ ഫീസ് യഥാക്രമം 5000, 60,000 രൂപയാണ്. രജിസ്റ്റര്‍ ചെയ്യാതെ കാരിബാഗുകള്‍ നല്‍കുന്നവരില്‍നിന്ന് പ്രതിമാസ ഫീസും അതിന്‍െറ ഇരട്ടി പിഴയും കുറ്റം തുടരുന്ന കാലത്തേക്ക് ഈടാക്കും. 50 മൈക്രോണിനു താഴെയുള്ള കാരിബാഗുകള്‍ ഉപയോഗിക്കുന്നവരില്‍നിന്ന് നിശ്ചിതതുകയുടെ അഞ്ചിരട്ടി പിഴയീടാക്കും. 50 മൈക്രോണില്‍ കൂടുതലുള്ളതും ഉപയോഗം കഴിഞ്ഞതുമായ പ്ളാസ്റ്റിക് ബാഗുകളും പുന$സംസ്കരിക്കാവുന്ന മറ്റ് പ്ളാസ്റ്റിക്കും വീടുകളിലും സ്ഥാപനങ്ങളിലും സൂക്ഷിച്ചുവെച്ച് അറിയിച്ചാല്‍ അവ കുടുംബശ്രീയുമായി ചേര്‍ന്ന് പഞ്ചായത്ത് ശേഖരിക്കുമെന്ന് പ്രസിഡന്‍റ് സ്മിത മുനിസ്വാമി, സെക്രട്ടറി കെ.എന്‍. സഹജന്‍ എന്നിവര്‍ അറിയിച്ചു. പൊതുസ്ഥലത്തും ജലാശയങ്ങളിലും മാലിന്യം തള്ളുന്നത് അറിയിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കും. ഫോണ്‍: 9496045013, 04864-222160.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.