കഞ്ചാവുമായി പിടിയിലായത് 14ല്‍പരം കേസുകളിലെ പ്രതി

ചങ്ങനാശേരി: കഞ്ചാവുമായി കഴിഞ്ഞ ദിവസം ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്ത വെള്ളിത്തുരുത്തി കുന്നേല്‍ ആഷ്ലി സോമന്‍െറ (മോനിച്ചന്‍ -39) പേരില്‍ 14ഓളം കേസുകള്‍. നിലവില്‍ ഗാന്ധിനഗര്‍, കോട്ടയം ഈസ്റ്റ്, ഏറ്റുമാനൂര്‍ സ്റ്റേഷനുകളില്‍ വീടുകയറി ആക്രമണം നടത്തിയ മൂന്നു കേസിലെ പിടികിട്ടാപ്പുള്ളിയാണ് മോനിച്ചന്‍. ചെങ്ങളം സ്വദേശിയായ അജിന്‍െറ കാര്‍ വിനോദയാത്രക്കു പോകാനെന്ന് വ്യാജേന വാടകക്കെടുത്ത് കമ്പത്തുനിന്ന് മറ്റുമാണ് മോനിച്ചന്‍ കഞ്ചാവ് എത്തിക്കുന്നത്. ചെറിയ പൊതികളാക്കി വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ കഞ്ചാവ് വിതരണം ചെയ്യുന്ന മോനിച്ചന്‍ കോട്ടയം ജില്ലയിലെ പ്രധാന കഞ്ചാവ് വില്‍പനക്കാരനാണെന്നും പൊലീസ് പറഞ്ഞു. ചിങ്ങവനം സ്റ്റേഷന്‍െറ കീഴില്‍ ഏഴോളം കേസുകളാണ് മോനിച്ചന്‍െറ പേരിലുള്ളത്. 2011ല്‍ കഞ്ചാവ് വില്‍പന ചോദ്യംചെയ്ത അയല്‍വാസിയായ തിരുവനന്തപുരം സ്വദേശി കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലും എക്സൈസ് സംഘത്തിനു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചതും ഉള്‍പ്പെടെ, പൊതുമുതല്‍ നശിപ്പിക്കുക, അടിപിടി, കഞ്ചാവ് കേസുകളിലെ പ്രതിയാണ് ഇയാള്‍. കഴിഞ്ഞ ദിവസം ചിങ്ങവനം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് 13 ഗ്രാം കഞ്ചാവുമായിട്ടാണ് പൊലീസ് ഇയാളെ പിടികൂടിയത്. തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ കുടമാളൂരില്‍ ഇയാളുടെ മാതാവ് വാടകക്കു താമസിക്കുന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ 700 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവി പി. രാമചന്ദ്രനു ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ചങ്ങനാശേരി സി.ഐ ബിനു വര്‍ഗീസിന്‍െറ നേതൃത്വത്തില്‍ ചിങ്ങവനം എസ്.ഐ എം.സ്. ഷിബു, എ.എസ്.ഐമാരായ തോമസ് ജോണ്‍, വിജയകുമാര്‍, ഷാഡോ പൊലീസുമാരായ കെ.കെ. റെജി, സിബിച്ചന്‍ ജോസഫ്, പ്രദീപ് ലാല്‍, ആന്‍റണി, അജിത്, സജി ജോസഫ്, ബിജുമോന്‍, ഷിബുക്കുട്ടന്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോനിച്ചനെ കോടതിയില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.