മരുന്നുകള്‍ മിതമായ നിരക്കില്‍; ജന്‍ ഒൗഷധി പദ്ധതി കോട്ടയത്തും

കോട്ടയം: മരുന്നുകള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്ന കേന്ദ്രസര്‍ക്കാറിന്‍െറ ജന്‍ ഒൗഷധി പദ്ധതി കോട്ടയത്തും ആരംഭിക്കുന്നു. നവംബര്‍ ആദ്യവാരം ജില്ലാ ആശുപത്രി, നാഗമ്പടം സ്റ്റാന്‍ഡ്, നാട്ടകം പി.എച്ച് സെന്‍റര്‍ എന്നിവിടങ്ങളില്‍ ജന്‍ ഒൗഷധി മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കാനാണ് നഗരസഭാ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യ കമ്പനികളുടെ മരുന്ന് മറ്റ് മെഡിക്കല്‍ സ്റ്റോറുകളിലേക്കാള്‍ 50 മുതല്‍ 70 ശതമാനം വിലക്കുറവില്‍ ജന്‍ ഒൗഷധി മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭിക്കും. സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളിലെ മരുന്ന് വില താങ്ങാനാകാതെ വലയുന്ന രോഗികള്‍ക്ക് ആശ്വാസമാകുന്നതാണ് പദ്ധതി. കേന്ദ്ര സര്‍ക്കാറിന്‍െറ ബ്യൂറോ ഓഫ് ഫാര്‍മ പബ്ളിക് സെക്ടര്‍ അണ്ടര്‍ടേക്കിങ്സ് ഓഫ് ഇന്ത്യയാണ് (ബി.പി.പി.ഐ) ജന്‍ ഒൗഷധി മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇവര്‍ പുറത്തിറക്കുന്ന അഞ്ഞൂറോളം മരുന്നുകളാണ് ജന്‍ ഒൗഷധി മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭിക്കുന്നത്. ഇതേ മരുന്നുകള്‍ ബ്രാന്‍ഡ് നാമങ്ങളില്‍ വിപണിയിലത്തെിച്ചാണ് സ്വകാര്യ മരുന്ന് കമ്പനികള്‍ വന്‍ ലാഭം കൊയ്യുന്നത്. ഒരു മരുന്നിന്‍െറ യഥാര്‍ഥ പേരാണ് ജനറിക് നാമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ജനറിക് നാമങ്ങളിലാണ് ബി.പി.പി.ഐ മരുന്നുകള്‍ പുറത്തിറക്കുന്നത്. ഇത് ഒരേസമയം ഗുണനിലവാരം ഉറപ്പാക്കുന്നതോടൊപ്പം മരുന്ന് കമ്പനികളുടെ ചൂഷണത്തില്‍നിന്ന് രക്ഷപ്പെടാനുമാകും. 653 മരുന്നുകളാണ് ജന്‍ ഒൗഷധി മെഡിക്കല്‍ സ്റ്റോറുകള്‍ വഴി വിതരണം ചെയ്യുന്നത്. വ്യക്തികള്‍ക്ക്, എന്‍.ജി.ഒകള്‍ക്ക്, സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഏജന്‍സികള്‍ എന്നിവര്‍ക്ക് പദ്ധതി ആരംഭിക്കാനാകും. ത്രിതല പഞ്ചായത്ത് ഭരണസമിതി ആവശ്യമായ സ്ഥലം കണ്ടത്തെിയാല്‍ ഫര്‍ണിച്ചര്‍, കമ്പ്യൂട്ടര്‍, 30 ദിവസത്തേക്ക് 361 ഇനം മരുന്നുകള്‍ വായ്പയായും ബി.പി.പി.ഐ നല്‍കും. സര്‍ക്കാര്‍ ആശുപത്രിക്കുള്ളിലോ ആശുപത്രി പരിസരത്തോ ജനങ്ങള്‍ക്ക് എത്തിച്ചേരാന്‍ പറ്റുന്ന ഇടങ്ങളില്‍ 120 ചതുരശ്രയടിയില്‍ കുറയാതെ വലുപ്പമുള്ള മുറികളിലാണ് സ്റ്റോര്‍ ആരംഭിക്കേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.