കെ.എസ്.ടി.പി: പദ്ധതി റിപ്പോര്‍ട്ടും ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു

കോട്ടയം: ലോകബാങ്ക് സഹായത്തോടെ കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ടില്‍ (കെ.എസ്.ടി.പി) ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന പ്രധാന റോഡുകള്‍ക്കായി തയാറാക്കിയ വിശദ പദ്ധതി രേഖകള്‍ പോലും (ഡി.പി.ആര്‍) നിര്‍മാണ മേല്‍നോട്ട ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കരാറുകര്‍ക്കായി മാറ്റിമറിച്ചെന്ന് പൊതുമാരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗത്തിന്‍െറ റിപ്പോര്‍ട്ട്. ഇതിലൂടെ സര്‍ക്കാര്‍ ഖജനാവിനുണ്ടായ നഷ്ടം കോടികളുടേതാണെന്നും കൃത്യമായ കണക്കും കുറ്റക്കാരായ ഉദ്യോഗസ്ഥരെയും കണ്ടത്തൊന്‍ ശക്തമായ നടപടി വേണമെന്നും വിജിലന്‍സ് വിഭാഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പൊതുമരാമത്ത് വിജിലന്‍സ് വിഭാഗത്തിന്‍െറ കണ്ടത്തെലിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ റിപ്പോര്‍ട്ട് പൊലീസ് വിജിലന്‍സ് വിഭാഗത്തിനു കൈമാറാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഡി.പി.ആര്‍ അട്ടിമറിച്ചു നിര്‍മാണം നടത്തിയതിലൂടെ ഖജനാവിനുണ്ടായ നഷ്ടം ഉദ്യോഗസ്ഥരില്‍നിന്ന് തിരിച്ചുപിടിക്കണമെന്നും വഴിവിട്ട് പ്രവര്‍ത്തിച്ച കരാറുകാര്‍ക്കെതിരെ നടപടി വേണമെന്നുമാണ് പ്രധാന ആവശ്യം. അതിനാല്‍ ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നാണ് പൊതുമരാമത്ത് മന്ത്രിയടക്കമുള്ളവരുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ വൈകാതെ മുഖ്യമന്ത്രി തീരുമാനം എടുക്കുമെന്ന് പൊതുമരാമത്ത് ഉന്നതര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. റോഡ് നിര്‍മാണത്തിനായി തയാറാക്കിയ ഡി.പി.ആറിന് വിരുദ്ധമായി കോടികളുടെ പാറപൊട്ടിച്ച് വില്‍പന നടത്തിയ കരാറുകാരെ കെ.എസ്.ടി.പി ഉന്നത ഉദ്യോഗസ്ഥര്‍ സഹായിച്ചുവെന്നും അഴിമതിക്ക് അവര്‍ കൂട്ടുനിന്നെന്നുമാണ് കണ്ടത്തെിയത്. 1800 ക്യുബിക് മീറ്റര്‍ പാറ പൊട്ടിക്കേണ്ട സ്ഥാനത്ത് 90,000 ക്യുബിക് മീറ്റര്‍ പാറ കരാറുകാരന്‍ പൊട്ടിച്ചു മാറ്റിയിട്ടും ഇക്കാര്യം ഉത്തരവാദിത്തപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്തിയില്ളെന്ന ഗുരുതര ആരോപണമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ടിലുള്ളത്. ഇതുസംബന്ധിച്ച് വിവിധതലങ്ങളില്‍നിന്ന് ലഭിച്ച പരാതികള്‍ ഉദ്യോഗസ്ഥര്‍ അന്വേഷിക്കാന്‍പോലും കൂട്ടാക്കാതെ പൂഴ്ത്തി. അനധികൃത പാറപൊട്ടിക്കലിലൂടെ കോടികളാണ് കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് തട്ടിയെടുത്തതെന്നാണ് ആരോപണം. ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ റോഡിലെ തിരുവല്ല ബൈപാസ്, തൊടുപുഴ-പാലാ-പൊന്‍കുന്നം, അടൂര്‍-കഴക്കൂട്ടം റോഡുകളുടെ നിര്‍മാണത്തിലാണ് കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടത്തെല്‍. അതിനിടെ കരാറുകാരുമായി വഴിവിട്ട ബന്ധമുള്ള ചില ഉന്നത ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടിയില്‍നിന്ന് രക്ഷപ്പെട്ടെന്ന ആരോപണവും ശക്തമാണ്. മന്ത്രി ചിലരെ സസ്പെന്‍ഡ് ചെയ്തെങ്കിലും ഗുരുതര ആരോപണത്തിനു വിധേയരായ ചിലര്‍ ഇപ്പോഴും രംഗത്തുണ്ടെന്നും ആക്ഷേപമുണ്ട്. ആരോപണ വിധേയരായവരെയല്ല മന്ത്രി സസ്പെന്‍ഡ് ചെയ്തതെന്ന വിമര്‍ശവും ചിലകേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.