മീനച്ചില്‍ ഭൂമി തട്ടിപ്പ്: നാലുപേര്‍ കൂടി അറസ്റ്റില്‍

പാലാ: എസ്.എന്‍.ഡി.പി മീനച്ചില്‍ യൂനിയന്‍െറ കീഴില്‍ കോളജ് സ്ഥാപിക്കാന്‍ ഭൂമി വാങ്ങിയതിന്‍െറ മറവില്‍ മൂന്ന് കോടി തട്ടിയ കേസില്‍ നാലുപേര്‍ കൂടി അറസ്റ്റിലായി. യൂനിയന്‍ ഭാരവാഹികളായിരുന്ന പൂവത്തോട് ഇട്ടിക്കുന്നേല്‍ ഒ.എം. സുരേഷ് (48), തലനാട് കുന്നനാകുഴിയില്‍ കെ.ആര്‍. ഷാജി (52), യൂനിയന്‍ ഓഫിസ് ജീവനക്കാരായ വള്ളീച്ചിറയില്‍ താമസമാക്കിയ കിഴതടിയൂര്‍ മൂഴിക്കല്‍ ലത വേണു (46), മേലുകാവുമറ്റം ഓലിക്കല്‍ അനീഷ് രവീന്ദ്രന്‍ (32) എന്നിവരെയാണ് പാലാ സി.ഐ ടോമി സെബാസ്റ്റ്യന്‍ അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതികളായി സെഷന്‍സ് കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ നാലുപേരും കോടതി നിര്‍ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകുകയായിരുന്നു. യൂനിയന്‍ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കണ്‍വീനറും ബി.ഡി.ജെ.എസ് നേതാവുമായ അഡ്വ. കെ.എം. സന്തോഷ്കുമാറാണ് ഒന്നാം പ്രതി. രണ്ടാം പ്രതി ഇടനിലക്കാരന്‍ തീക്കോയി പ്ളാത്തോട്ടത്തില്‍ ടോമി സെബാസ്റ്റ്യന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുകയാണ്. എസ്.എന്‍.ഡി.പി മീനച്ചില്‍ യൂനിയന്‍ മുന്‍ പ്രസിഡന്‍റ് ഗോപി ശാസ്താപുരം മൂന്നാം പ്രതിയാണ്. തട്ടിപ്പിനു കളമൊരുക്കി ഭൂമിയിടപാടിനു തീരുമാനമെടുത്ത 2010ത്തിലെ സന്തോഷ്കുമാര്‍ ജനറല്‍ സെക്രട്ടറിയായ യൂനിയന്‍ ഭരണസമിതിയുടെ പ്രസിഡന്‍റായിരുന്നു ഗോപി ശാസ്താപുരം. കേസില്‍ നേരത്തേ അറസ്റ്റിലായ സന്തോഷ്കുമാര്‍ ജാമ്യത്തിലാണ്. 2010 ഡിസംബര്‍ 23ന് തൃപ്പൂണിത്തുറ സ്വദേശികളായ ഭാസ്കരന്‍, ബാബു, ഇവരുടെ ഭാര്യമാര്‍ എന്നിവരില്‍നിന്ന് ടോമി സെബാസ്റ്റ്യന്‍െറ പേരില്‍ രണ്ട് കോടിക്ക് 20 ഏക്കര്‍ ഭൂമി വാങ്ങി. പിന്നീട് ഇത് 47 ദിവസത്തിനു ശേഷം മൂന്ന് കോടിക്ക് യൂനിയന് മറിച്ചു വിറ്റുവെന്ന് വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ഇടപാടിനായി എസ്.എന്‍.ഡി.പി മീനച്ചില്‍ യൂനിയന്‍െറ പേരിലുള്ള പാലായിലെ സഹകരണ ബാങ്കിലെ അക്കൗണ്ടില്‍നിന്ന് 37 ചെക്കുകളിലായാണ് മൂന്ന് കോടി പ്രതികള്‍ കൈപ്പറ്റിയത്. ഇതില്‍ 23 ചെക്കുകളിലൂടെ 1.63 കോടി മാത്രമാണ് ഇടനിലക്കാരനായ ടോമി സെബാസ്റ്റ്യന്‍ കൈപ്പറ്റിയത്. അഞ്ച് ചെക്കുകള്‍ മാറി 60 ലക്ഷം രൂപയാണ് ഓഫിസ് ജീവനക്കാരി ലത വേണു കൈപ്പറ്റിയത്. ഓരോ ചെക്കുകള്‍ മാറി കെ.ആര്‍. ഷാജി 20 ലക്ഷവും ഒ.എം. സുരേഷ് 18 ലക്ഷവും അനീഷ് രവീന്ദ്രന്‍ 16 ലക്ഷവും കൈപ്പറ്റിയതായാണ് കണ്ടത്തെല്‍. എസ്.എന്‍.ഡി.പി യോഗം മുന്‍ ബോര്‍ഡ് അംഗവും മീനച്ചില്‍ യൂനിയന് കീഴിലെ പുലിയൂര്‍ ശാഖാംഗവുമായ തേക്കിലക്കാട്ട് കെ.ഐ. ഗോപാലന്‍ നല്‍കിയ സ്വകാര്യ അന്യായത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യൂനിയന്‍െറ കീഴില്‍ കോളജ് സ്ഥാപിക്കാന്‍ പൂഞ്ഞാര്‍ ആലുന്തറയില്‍ 20 ഏക്കര്‍ ഭൂമി വാങ്ങിയതിന്‍െറ മറവില്‍ തട്ടിപ്പ് നടത്തിയ പ്രതികള്‍ പിടിയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.