പരുമല മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ ജീവിതം സീരിയലാകുന്നു

കോട്ടയം: പരുമല തിരുമേനിയെന്ന് പ്രശസ്തി നേടിയ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ ജീവിതം ടെലിവിഷന്‍ സീരിയലാവുന്നു. ഷാരോണ്‍ ക്രിയേഷന്‍സ് ആന്‍ഡ് ഗോഗ് പ്രമോഷന്‍സിന്‍െറ ബാനറില്‍ സംവിധായകന്‍ തുളസീദാസാണ് ജീവചരിത്രം ആസ്പദമാക്കി മെഗാസീരിയല്‍ സംവിധാനം ചെയ്യുന്നത്. പരിശുദ്ധന്‍ എന്ന് പേരിട്ട സീരിയലിന്‍െറ നിര്‍മാതാവ് ജിജി തണുങ്ങാട്ടിലാണ്. ആര്യനാട് സത്യനാണ് തിരക്കഥയും സംഭാഷണവും. ഗാനരചന കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും സംഗീതം എഡ്വിന്‍ എബ്രഹാമും കാമറ ജോയിയും നിര്‍വഹിക്കുന്നു. പരുമല മാര്‍ ഗ്രിഗോറിയോസിന്‍െറ ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചാണ് തിരക്കഥ. ഡിസംബര്‍ ആദ്യവാരം ഷൂട്ടിങ് ആരംഭിക്കുന്ന സീരിയലില്‍ മലയാള സീരിയല്‍ രംഗത്തെ പ്രമുഖ താരങ്ങള്‍ വേഷമിടും. മാര്‍ ഗ്രിഗോറിയോസായി അഭിനയിക്കാന്‍ പുതുമുഖ താരങ്ങളെയും അന്വേഷിക്കുന്നുണ്ട്. സീരിയലിന്‍െറ സ്വിച്ചോണ്‍ കഴിഞ്ഞ ദിവസം കോട്ടയത്ത് ദേവലോകം അരമനയില്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കബാവ നിര്‍വഹിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംവിധായകന്‍ തുളസീദാസ്, തിരക്കഥാകൃത്ത് ആര്യനാട് സത്യന്‍, സംഗീത സംവിധായകന്‍ എഡ്വിന്‍ എബ്രഹാം, നിര്‍മാതാവ് ജിജി തണുങ്ങാട്ടില്‍, കൈലാസ് നാഥ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.