വീട്ടുജോലിക്കുപോയ യുവതി സൗദിയില്‍ ദുരിതത്തില്‍

കോട്ടയം: സൗദിയില്‍ വീട്ടുജോലിക്കുപോയ യുവതി നാട്ടിലത്തൊന്‍ സാധിക്കാതെ കുഴയുന്നു. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം ഭാഗത്ത് പൂവണികുന്നേല്‍ കുട്ടപ്പായിയുടെ ഭാര്യ ഷീജ(32)നാട്ടിലത്തൊനാവാതെ ദുരിതത്തിലാണെന്ന് ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ 23നാണ് ഷീജ 25,000 രൂപ ശമ്പളത്തില്‍ സൗദി അറേബ്യയിലെ റിയാദിലേക്ക് വീട്ടുജോലിക്കായി നാട്ടിലെ രണ്ട് ഏജന്‍റുമാരുടെ സഹായത്തോടെ മുംബൈയിലെ ഏജന്‍സി വഴി എത്തുന്നത്. എന്നാല്‍, പറഞ്ഞ ജോലിക്കല്ല ഇവരെ ഇവിടെ എത്തിച്ചതെന്നും വീടിനുപകരം വലിയ ഒരു കെട്ടിടത്തിലെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും കുട്ടപ്പായി പറഞ്ഞു. നാട്ടിലേക്ക് തിരിച്ചുവിടണമെന്ന് പറഞ്ഞപ്പോള്‍ അറബി ഉപദ്രവിച്ചു. ഇടക്ക് അസുഖംബാധിച്ച ഷീജയെ അറബി ആശുപത്രിയിലാക്കിയിരുന്നു. അതേസമയം, നാട്ടിലുള്ള സുഹൃത്ത് വഴി അറബിയുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ 25,000 റിയാലിനാണ് ഷീജയെ താന്‍ വാങ്ങിയതെന്നാണ് പറഞ്ഞത്. ഇത് നല്‍കിയാല്‍ തിരിച്ചുവിടാമെന്നാണ് പറയുന്നതെന്നും കൂലിപ്പണിക്കാരനായ തനിക്ക് അതിനു സാധിക്കാത്ത സാഹചര്യമാണെന്നും കുട്ടപ്പായി പറഞ്ഞു. മാത്രമല്ല, അവശയായിക്കിടക്കുന്ന ഷീജയുടെ നാല് ഫോട്ടോ അയച്ചുകൊടുക്കുകയും ചെയ്തു. കേരളത്തില്‍നിന്ന് ഇവരെ വിട്ടവര്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ടെന്നും അതു നല്‍കുകയാണെങ്കില്‍ വിടാന്‍ പറയാമെന്നുമാണ് ഏജന്‍റുമാര്‍ പറഞ്ഞത്. കഴിഞ്ഞ ശനിയാഴ്ചവരെ ഫോണില്‍ വിളിച്ചിരുന്ന ഷീജയെ ഇപ്പോള്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. തനിക്കു സ്വന്തമായി വീടോ ഭൂമിയോ ഇല്ല. ബന്ധുവീട്ടിലാണ് താമസം. മൂന്നു മക്കളുണ്ട്. കുട്ടികളെ പഠിപ്പിക്കുന്നതിനും മറ്റും സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ മൂത്ത രണ്ട് പെണ്‍മക്കള്‍ കാഞ്ഞിരപ്പള്ളിയിലെ അഗതിമന്ദിരത്തില്‍നിന്നാണ് പഠിക്കുന്നത്. വിദേശകാര്യമന്ത്രിക്കും മുഖ്യമന്ത്രിക്കും എം.പിക്കും ഇന്ത്യന്‍ എംബസിക്കും സൗദി എംബസിക്കും കാഞ്ഞിരപ്പള്ളി സ്റ്റേഷനിലുമടക്കം പരാതി നല്‍കിയിട്ടുണ്ടെന്നും കുട്ടപ്പായി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.