മെത്രാന്‍കായലില്‍ ഇനി "ഉമ' വളരും

കോട്ടയം: നൂറുമേനി വിളവ് 120 ദിവസം കൊണ്ട് നല്‍കാനുളള തയാറെടുപ്പോടെ മെത്രാന്‍ കായലില്‍ ‘ഉമ’ നെല്‍വിത്ത് വളരും. കേരള കാര്‍ഷിക സര്‍വകലാശാലയുടെ പട്ടാമ്പി ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ഡി1 ഇനത്തില്‍പെട്ട ഉമ നെല്‍വിത്താണ് മെത്രാന്‍ കായല്‍ പാടശേഖരത്ത് വ്യാഴാഴ്ച വിതക്കുക. കാഞ്ചന, ജ്യോതി തുടങ്ങിയ വിത്തിനങ്ങള്‍ ലഭ്യമാണെങ്കിലും ഉയര്‍ന്ന രോഗപ്രതിരോധശേഷിയും ഉല്‍പാദനക്ഷമതയുമുള്ള ഉമ നെല്‍വിത്ത് കൃഷിചെയ്യാനാണ് മെത്രാന്‍ കായല്‍ പാടശേഖരത്തെ കര്‍ഷകര്‍ക്ക് താല്‍പര്യം. ഒരു ഹെക്ടറില്‍നിന്ന് പത്ത് ടണ്ണിലധികം വിളവ് ഉമ നെല്‍വിത്തില്‍നിന്ന് ആര്‍പ്പൂക്കരയിലെ കര്‍ഷകര്‍ക്ക് ലഭിച്ചതായി കൃഷി വകുപ്പിന്‍െറ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ബ്രൗണ്‍ നിറത്തിലുളള ഉമ അരിയുടെ ചോറിന് രുചി കൂടുതലാണെന്നതും ഇത് തെരഞ്ഞെടുക്കാന്‍ കാരണമായിട്ടുണ്ട്. എട്ടുവര്‍ഷമായി തരിശുകിടക്കുന്ന 402 ഏക്കര്‍ പാടശേഖരത്തിലെ 25 ഏക്കറിലെ കൃഷിക്കാണ് ഇന്ന് വൈകുന്നേരം നാലിന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ തുടക്കം കുറിക്കുന്നത്. വെള്ളം പമ്പ് ചെയ്തും ബണ്ട് ബലപ്പെടുത്തിയും ഒരുക്കിയ പാടശേഖരത്ത് വിതക്കുന്നതിന് ഒരു ഹെക്ടറിന് 100 കിലോ എന്ന കണക്കില്‍ ആയിരം കിലോ വിത്ത് കെട്ടിവെച്ചിട്ടുണ്ട്. കര്‍ഷകര്‍ക്കാവശ്യമായ തുടര്‍ സഹായത്തിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തരിശുനില കൃഷിക്കുള്ള ആനുകൂല്യവും 75 ശതമാനം സബ്സിഡി നിരക്കില്‍ കുമ്മായവും ലഭ്യമാക്കും. കൃഷിയുടെ ഓരോഘട്ടത്തിലും കര്‍ഷകര്‍ക്കാവശ്യമായ സാങ്കേതികസഹായം നല്‍കുന്നതിന് കുമരകം കൃഷി ഓഫിസര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്. കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്‍െറ സാങ്കേതികവിദഗ്ധരുടെ സഹായവും കര്‍ഷകര്‍ക്ക് ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.