വീട് കയറി ആക്രമണം: പ്രതികളെ പൊലീസ് സംരക്ഷിക്കുന്നെന്ന് ആരോപണം

എരുമപ്പെട്ടി: പഴവൂരില്‍ വീട് കയറി വയോധികയെ ഉള്‍പ്പെടെ ആക്രമിച്ച കേസില്‍ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആരോപണം. പഴവൂര്‍ ആനക്കാക്കില്‍ മണികണ്ഠന്‍ (52), മാതാവ് നാരായണി (84), ഭാര്യ ഉഷ (48), മകള്‍ മനീഷ (24) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. മണികണ്ഠന്‍െറ സഹോദര പുത്രന്‍മാരായ പ്രദീപ്, അശോകന്‍, ബബീഷ്, ലാല്‍കൃഷ്ണ എന്നിവരാണ് ആക്രമണം നടത്തിയത്. സി.പി.എം പ്രവര്‍ത്തകനായിരുന്ന മണികണ്ഠന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതിനുശേഷം സഹോദരന്‍മാരുമായി അകല്‍ച്ചയില്‍ കഴിയുകയാണ്. ഇതിന് പുറമെ കുടുംബ ക്ഷേത്രത്തിലെ സാമ്പത്തിക ഇടപാടുകളെ ചൊല്ലി തര്‍ക്കവും നടന്നിട്ടുണ്ട്. പ്രതികള്‍ മണികണ്ഠനെ മുമ്പ് പലതവണ ആക്രമിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മണികണ്ഠന്‍െറ ഭാര്യ ഗൃഹത്തില്‍ നടന്ന മരണാനന്തര ചടങ്ങിന് ക്ഷണിക്കാത്തതിന്‍െറ വൈരാഗ്യമാണ് ഇപ്പോള്‍ നടത്തിയ ആക്രമണത്തിന് കാരണമെന്നാണ് സൂചന. ആയുധങ്ങളുമായിയത്തെിയ പ്രതികള്‍ മണികണ്ഠനെ ആക്രമിക്കുകയും തടയാന്‍ ശ്രമിച്ച അമ്മയെയും ഭാര്യയെയും മകളെയും മര്‍ദിക്കുകയായിരുന്നു. ഇതിനിടെ മണികണ്ഠന്‍ വീടിനകത്ത് കയറി വാതിലടച്ച് രക്ഷപ്പെട്ടു. മണികണ്ഠനെ കിട്ടാതെ വന്നപ്പോള്‍ പ്രതികള്‍ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും തല്ലിത്തകര്‍ത്തു. വീട്ടുകാര്‍ സഹായത്തിനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞാണ് പൊലീസ് എത്തിയതെന്നും മണികണ്ഠന്‍ ആരോപിച്ചു. കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാന്‍ പൊലീസ് തയാറായിട്ടില്ല. പ്രമുഖ സി.പി.എം നേതാവിന്‍െറ മകനും കേസില്‍ പ്രതിയായതിനാല്‍ ഭരണ സ്വാധീനമുപയോഗിച്ച് പ്രതികളെ സംരക്ഷിക്കുകയാണെന്നും തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ലാത്തതിനാല്‍ ഭയപ്പെട്ടാണ് കഴിയുന്നതെന്നും മണികണ്ഠനും കുടുംബവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.