റബര്‍ വിലയിടിവ്: സ്കൂള്‍ തുറക്കാറായതോടെ കര്‍ഷകര്‍ ദുരിതത്തില്‍

കോട്ടയം: കുട്ടികളെ സ്കൂളിലേക്ക് അയക്കാന്‍ ഒരുങ്ങുന്ന റബര്‍ കര്‍ഷകര്‍ ദുരിതത്തില്‍. തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പ് വില 142 രൂപയായി ഉയര്‍ന്നത് പ്രതീക്ഷയായിരുന്നു. സ്കൂള്‍ ഉല്‍പന്നങ്ങള്‍ കൂടുതലായും വിറ്റഴിക്കാമെന്ന് വ്യാപാരസമൂഹവും കണക്കുകൂട്ടിയിരുന്നു. വില 128ലേക്ക് താഴ്ന്നതോടെ റബര്‍ കര്‍ഷകരുടെ മക്കള്‍ക്ക് കഴിഞ്ഞവര്‍ഷത്തെ ബാഗും കുടയുമൊക്കെ ഇത്തവണയും ഉപയോഗിക്കേണ്ടി വരും. വില ഉയരാനുള്ള സാധ്യതയും തെളിയുന്നില്ല. കുട്ടിയെ സ്കൂളിലേക്ക് അയക്കാന്‍ അധ്യയന വര്‍ഷാരംഭത്തില്‍ കുറഞ്ഞത് 5000 രൂപയെങ്കിലും വേണമെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഇംഗ്ളീഷ് മീഡിയം സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണെങ്കില്‍ ഫീസ് ഉള്‍പ്പെടെ ചെലവ് മൂന്നിരട്ടിലാണ്. ഒന്നിലേറെ കുട്ടികളുണ്ടെങ്കില്‍ പണം കടം വാങ്ങേണ്ട അവസ്ഥയിലാണ് രക്ഷിതാക്കളില്‍ പലരും. റബര്‍ കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവര്‍ക്കാണ് ഇരട്ടി ദുരിതം. ടാപ്പ് ചെയ്താലും ലാഭമൊന്നും കിട്ടാത്തതിനാല്‍ പലരും നിര്‍ത്തിവെച്ചിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് അപ്രതീക്ഷിതായി വില ഉയര്‍ന്നിരുന്നു. ഇതോടെ പ്രതീക്ഷ കൈവന്ന കര്‍ഷകര്‍ ഷേഡ് ഒട്ടിച്ച് ടാപ്പിങ് ഉള്‍പ്പെടെയുള്ളവ നടത്തുന്നതിന് ആവശ്യമായ സാമഗ്രികള്‍ വാങ്ങിവെക്കുകയും ചെയ്തു. ഒരുമരത്തിന് ഷേഡ്, പ്ളാസ്റ്റിക് ഒട്ടിക്കണമെങ്കില്‍ പണിക്കൂലി 40 രൂപയോളം ചെലവാകും. അന്താരാഷ്ട്ര വിലയുടെ ചുവടുപിടിച്ച് ഉയര്‍ന്നവിലയെ അവധിക്കച്ചവടവും ഇറക്കുമതിയും ചേര്‍ന്നു തകര്‍ക്കുകയായിരുന്നു. അവധി വ്യാപാരികള്‍ അനിയന്ത്രിതമായി വില ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തതും തിരിച്ചടിയായി. ഇതിനു പുറമെ ഇന്തോനേഷ്യയില്‍നിന്നുള്‍പ്പെടെ വ്യാപകമായി റബര്‍ ഇറക്കുമതിയും പ്രശ്നമായി. റബര്‍ വിലയിലെ തകര്‍ച്ചക്കൊപ്പം ജില്ലയുടെ കിഴക്കന്‍ മേഖലകളില പടര്‍ന്നുപിടിക്കുന്ന ഡെങ്കിപ്പനിയും ജനത്തെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. നൂറുകണക്കിനാളുകളാണ് ദിനംപ്രതി പനി ബാധിച്ച് ചികിത്സ തേടിയത്തെുന്നത്. ദൈനംദിന ചെലവുകള്‍ക്കൊപ്പം കുട്ടികളുടെ പഠനത്തിനും ചികിത്സക്കുമായി വന്‍ തുകയാണ് ചെലവഴിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.