ളാലം തോടിന്‍െറ സംരക്ഷണഭിത്തി നിര്‍മാണം പൂര്‍ത്തിയായി

പാലാ: അപകടഭീഷണിയിലുള്ള വീടുകള്‍ സംരക്ഷിക്കുന്നതിനായുള്ള ളാലം തോടിന്‍െറ സംരക്ഷണ ഭിത്തി നിര്‍മാണം പൂര്‍ത്തിയായി. നാലുവര്‍ഷത്തോളമായി തീരമിടിച്ചില്‍ ഭീഷണിയിലായിരുന്ന പ്രദേശത്താണ് സംരക്ഷണഭിത്തി നിര്‍മിച്ചുനല്‍കിയിരിക്കുന്നത്. ളാലം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കല്ലില്‍ പൊന്നമ്മ ചന്ദ്രന്‍, കിഴക്കേതില്‍ പങ്കജാക്ഷിയമ്മ എന്നിവരുടെ വീടുകള്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളാണ് അപകടഭീഷണിയിലായിരുന്നത്. 2010 ജൂണില്‍ സംരക്ഷണഭിത്തി തകര്‍ന്ന് ഇവിടുത്തെ വീടുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. വീടുകളും പുരയിടങ്ങളും ഏതുനിമിഷവും തോട്ടിലേക്ക് നിലംപൊത്തുന്ന അപകടാവസ്ഥയിലായിരുന്നു. പാലാ ബൈപ്പാസിന്‍െറ ഭാഗമായി നിര്‍മിച്ച പുതിയപാലം മുതല്‍ താഴേക്കുള്ള പ്രദേശത്തെ ജനവാസമേഖലയിലാണ് നിരന്തരം തീരമിടിയുന്നത്. കഴിഞ്ഞ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലിന്‍െറ തുടര്‍ച്ചയായി ഇപ്പോഴും തീരമിടിയുന്ന അവസ്ഥയായിരുന്നു. മുന്‍ ധനകാര്യമന്ത്രി കെ.എം. മാണി സ്ഥലം സന്ദര്‍ശിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മൈനര്‍ ഇറിഗേഷന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയെങ്കിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മൂന്നുവര്‍ഷത്തോളം നീണ്ടുപോയി. വീട്ടുകാര്‍ വീണ്ടും നിവേദനം നല്‍കിയതിനെ തുടര്‍ന്ന് വീടുകളുടെ അപകടാവസ്ഥ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ജലവിഭവവകുപ്പില്‍നിന്ന് 25 ലക്ഷം രൂപയുടെ അനുമതി ലഭിച്ചു. 26 മീറ്റര്‍ നീളത്തിലും ഏഴ് മീറ്റര്‍ ഉയരത്തിലുമാണ് സംരക്ഷണഭിത്തി നിര്‍മിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.