വീണ ജോര്‍ജിന്‍െറ വിജയത്തിന് പിന്നില്‍ ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണയും

പത്തനംതിട്ട: ആറന്മുളയില്‍ സി.പി.എം ടിക്കറ്റില്‍ മത്സരിച്ച മാധ്യമ പ്രവര്‍ത്തക വീണ ജോര്‍ജിനെ വിജയത്തിലേക്ക് നയിച്ചതിനുപിന്നില്‍ ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണയും. യു.ഡി.എഫ് ഉറച്ച സീറ്റായി കരുതിയിരുന്ന ആറന്മുളയില്‍ അട്ടിമറി വിജയമാണ് വീണ കരസ്ഥമാക്കിയത്. ഓര്‍ത്തഡോക്സ് വിഭാഗക്കാരായ 23,000ത്തോളം പേര്‍ മണ്ഡലത്തില്‍ ഉണ്ടെന്നാണ് കരുതുന്നത്. ഇവരില്‍ കാലങ്ങളായി യു.ഡി.എഫിനോട് കൂറു പുലര്‍ത്തിയിരുന്ന വലിയൊരു വിഭാഗം വീണയെ പിന്തുണച്ചത് ശിവദാസന്‍ നായരുടെ പരാജയ കാരണങ്ങളില്‍ പ്രധാനമാണെന്ന് കരുതപ്പെടുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ആറന്മുളയില്‍ വീണ ജോര്‍ജും തിരുവല്ലയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസഫ് എം. പുതുശേരിയും ഓര്‍ത്തഡോക്സ് സഭയുടെ നോമിനികളാണെന്ന ആരോപണം ഉയര്‍ന്നു. വീണയുടെ ഭര്‍ത്താവ് ജോര്‍ജ് ഓര്‍ത്തഡോക്സ് സഭ സെക്രട്ടറിയായതാണ് ആരോപണത്തിന് ഇടയാക്കിയത്. തന്‍െറ സ്ഥാനാര്‍ഥിത്വത്തെ ജാതി, മതവത്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ വീണ ജോര്‍ജ് അന്നേ അപലപിച്ചിരുന്നു. താന്‍ ഒരു സഭയുടെയും ആളല്ളെന്നും സി.പി.എമ്മിന്‍െറ സ്ഥാനാര്‍ഥിയാണെന്നും അവര്‍ പറഞ്ഞു. വെള്ളിയാഴ്ച ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഹെറാള്‍ഡ് എന്ന ഓണ്‍ലൈന്‍ പത്രത്തില്‍ ‘സഭയുടെ മകള്‍ വീണ ജോര്‍ജ് ഇനി എം.എല്‍.എ; യുവജന പ്രസ്ഥാനത്തിന്‍െറയും വിജയം’ എന്ന തലക്കെട്ടില്‍ വാര്‍ത്ത വന്നതോടെ വീണയുടെ സഭാ ബന്ധം വീണ്ടും ചര്‍ച്ചയായി. ഓര്‍ത്തഡോക്സ് സഭയുടെ ഒൗദ്യോഗിക പ്രസിദ്ധീകരണമല്ല ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഹെറാള്‍ഡ്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീണ വളരെ മുന്നിലായിരുന്നു. വലിയ ഫ്ളക്സ് ബോര്‍ഡുകള്‍ മണ്ഡലത്തിലുടനീളം സ്ഥാപിച്ചിരുന്നു. ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പാണ് പ്രചാരണം നയിക്കുന്നതെന്നും പിന്നില്‍ മുത്തൂറ്റ് ഗ്രൂപ്പാണെന്നും ആരോപണം വന്നു. ആറന്മുള വിമാനത്താവള വിഷയവുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ ശിവദാസന്‍ നായര്‍ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. പ്രവര്‍ത്തകരോടും വോട്ടര്‍മാരോടും ശിവദാസന്‍ നായര്‍ പുലര്‍ത്തുന്ന ധിക്കാരപരമായ പെരുമാറ്റവും അദ്ദേഹത്തെ തുണക്കുന്നതില്‍നിന്ന് പലരെയും അകറ്റി. മണ്ഡലത്തില്‍ ഭരണ വിരുദ്ധ വികാരം ആദ്യം പ്രകടമായിരുന്നില്ളെങ്കിലും അവസാനം അത് വ്യക്തമായിരുന്നു. ഇതെല്ലാം ചേര്‍ന്നാണ് വീണയെ വിജയത്തിലേക്ക് നയിച്ചത്. ആറന്മുളയില്‍ എന്‍.എസ്.എസിന്‍െറ പിന്തുണ ലഭിക്കുമെന്ന് യു.ഡി.എഫ് ക്യാമ്പുകള്‍ വിശ്വസിച്ചിരുന്നു. ശിവദാസന്‍ നായരെ പിന്തുണക്കുക എന്ന നിര്‍ബന്ധ നിര്‍ദേശം അണികള്‍ക്ക് എന്‍.എസ്.എസ് നല്‍കിയിരുന്നില്ല. സമദൂരം എന്ന സംഘടനയുടെ നയം അവര്‍ ഏറെക്കുറെ ആറന്മുളയില്‍ സൂക്ഷിച്ചതായാണ് ഫലം നല്‍കുന്ന സൂചന. വിമാനത്താവള പദ്ധതിക്ക് ശക്തമായി വാദിച്ചത് ആറന്മുളയില്‍ കുറച്ച് തിരിച്ചടിയുണ്ടാക്കിയാലും മറ്റിടങ്ങളില്‍ അത് അനുകൂല ഘടകമാകും എന്നാണ് ശിവദാസന്‍ നായര്‍ കണക്ക് കൂട്ടിയത്. വിമാനത്താവള പദ്ധതി വേണ്ടെന്നത് ഏതാനും ചിലരുടെ സ്ഥാപിത താല്‍പര്യമാണെന്നും മണ്ഡലത്തിലെ ബഹു ഭൂരിപക്ഷവും പദ്ധതിയെ അനുകൂലിക്കുന്നവരാണെന്നും അവരുടെ എല്ലാം പിന്തുണ തനിക്ക് ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ശിവദാസന്‍ നായരുടെ തോല്‍വി പദ്ധതിയെ എതിര്‍ത്തവരുടെ വിജയമായി വ്യാഖ്യാനിക്കുന്നുണ്ട്. വോട്ടെണ്ണലിന്‍െറ തുടക്കം മുതല്‍ വീണ ലീഡ് നിലനിര്‍ത്തിയിരുന്നു. ഓരോഘട്ടത്തിലും ലീഡ് ഉയരുകയാണ് ചെയ്തത്. ഹിന്ദു വിഭാഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍പോലും ലീഡ് നേടാന്‍ വീണക്ക് കഴിഞ്ഞു. ജാതി, മത പരിഗണനകള്‍ക്ക് ഉപരി എല്ലാവിഭാഗത്തിന്‍െറയും വിശ്വാസമാര്‍ജിക്കാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞുവെന്നാണ് ഇത് തെളിയിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.