അതിരമ്പുഴ വലിയപള്ളി കൂദാശ സുവര്‍ണജൂബിലി ആഘോഷം നാളെ മുതല്‍

കോട്ടയം: അതിരമ്പുഴ സെന്‍റ്് മേരീസ് ഫൊറോന പള്ളിയുടെ ദൈവാലയ കൂദാശ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കും കാരുണ്യവര്‍ഷാചരണത്തിനും ഞായറാഴ്ച തുടക്കമാവും. വൈകീട്ട് മൂന്നിന് കുര്‍ബാന, തുടര്‍ന്ന് സെന്‍റ് അലോഷ്യസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത പ്രൊട്ടോ സെഞ്ചൂല്ലൂസ് ഡോ. ജോസഫ് മുണ്ടകത്തില്‍ അധ്യക്ഷത വഹിക്കും. അതിരൂപത സെഞ്ചൂല്ലൂസ് ഡോ. മാണി പുതിയിടം ജൂബിലി കാരുണ്യ വര്‍ഷ സന്ദേശപേടക അനാച്ഛാദനവും ഡോ. ജോസഫ് മുണ്ടകത്തില്‍ ജൂബിലി കാരുണ്യ വര്‍ഷ ഭവനനിര്‍മാണ പദ്ധതിയുടെ ഭവന മാതൃകാ അനാച്ഛാദനവും നിര്‍വഹിക്കും. എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ കാരുണ്യ വര്‍ഷ കര്‍മ പദ്ധതികളുടെ ബ്രോഷര്‍ പ്രകാശനം ചെയ്യും. മുന്‍ വികാരിമാരെ ആദരിക്കും. എ.ഡി 835ല്‍ സ്ഥാപിക്കപ്പെട്ട അതിരമ്പുഴ സെന്‍റ് മേരീസ് ദൈവാലയം 1901ലാണ് ഫൊറോന പള്ളിയായി ഉയര്‍ത്തപ്പെട്ടത്. പലതവണ പുതുക്കിപ്പണിത പള്ളി ഏറ്റവും ഒടുവില്‍ പുതുക്കിനിര്‍മിച്ചത് 1966ലാണ്. 1966 ആഗസ്റ്റ് 15നാണ് നിലവിലുള്ള പള്ളിയുടെ കൂദാശ നടന്നത്. സുവര്‍ണ ജൂബിലിയോടും കാരുണ്യവര്‍ഷത്തോടും അനുബന്ധിച്ച് വിവിധ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നതെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജൂബിലി സ്മാരകമായി നിര്‍മിക്കുന്ന 50 ഭവനങ്ങളടങ്ങുന്ന ഭവന പദ്ധതിയാണ് ഇതില്‍ പ്രധാനം. ഒരു വര്‍ഷത്തില്‍ 10 വീടുകള്‍ വീതം അഞ്ച് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കും. ആഗസ്റ്റ് 14ന് ജൂബിലി സമാപനവും നവംബര്‍ 20ന് കാരുണ്യവര്‍ഷ സമാപനവും നടത്തും. അതിനോടകം സമര്‍പ്പിത സംഗമം, വിധവാ-വിഭാര്യ സംഗമം, ദമ്പതി സംഗമം, മാട്രിമോണിയല്‍ സംഗമം, 80 വയസ്സിന് മുകളില്‍ പ്രായമായവരുടെ സംഗമമായ ഓള്‍ഡ് ഈസ് ഗോള്‍ഡ്, സീനിയര്‍ സിറ്റിസണ്‍സ് സംഗമം, കുടുംബസംഗമം, കൃപാഭിഷേക കണ്‍വെന്‍ഷന്‍, യുവജന കണ്‍വെന്‍ഷന്‍, അതിരമ്പുഴ ഫെസ്റ്റ്, തൊഴിലാളി സംഗമം, മാതൃ ഇടവക സംഗമം, ഉദ്യോഗസ്ഥ കൂട്ടായ്മ, പേടക പ്രയാണം, അതിരമ്പുഴ കള്‍ച്ചറല്‍ ഫോറം രൂപവത്കരണം, തീര്‍ഥാടനം എന്നിവ നടത്തുമെന്നും ഇവര്‍ അറിയിച്ചു. വികാരി ഫാ. സിറിയക് കോട്ടയില്‍, ജനറല്‍ കണ്‍വീനര്‍ ഫാ. സോജി ചക്കാലക്കല്‍, കൈക്കാരന്മാരായ ടോമി സെബാസ്റ്റ്യന്‍ ചക്കാലക്കല്‍, ജോണി മാത്യു പണ്ടാരക്കളം, മീഡിയ കണ്‍വീനര്‍, രാജൂ കുടിലില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.