പി.ജെക്ക് ചരിത്രനേട്ടം

തൊടുപുഴ: തൊടുപുഴയില്‍ പി.ജെ. ജോസഫിന് ലഭിച്ചത് റെക്കോഡ് ഭൂരിപക്ഷം. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥിയായ സി.പി.എം സ്വതന്ത്രനെക്കാള്‍ 45,587 വോട്ടിന്‍െറ ഭൂരിപക്ഷമാണ് ജോസഫ് നേടിയത്. 76,564 വോട്ടാണ് പി.ജെ നേടിയത്. തൊടുപുഴ മണ്ഡലത്തില്‍നിന്ന് ഒമ്പതാം തവണയാണ് പി.ജെ. ജോസഫ് ജയിച്ചുകയറുന്നത്. ഇടതുസ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫിലുണ്ടായ അസ്വാരസ്യവും മന്ത്രിയായിരിക്കെ തൊടുപുഴയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുമാണ് വന്‍ ഭൂരിപക്ഷത്തിലേക്ക് പി.ജെയെ ഉയര്‍ത്തിയത്. സംസ്ഥാനത്ത് ഇടതുതരംഗം ആഞ്ഞടിച്ചപ്പോഴും ഭൂരിപക്ഷം ഉയര്‍ന്നത് പി.ജെയുടെ വിജയത്തിളക്കം വര്‍ധിപ്പിച്ചു. 1957 മുതലുള്ള മണ്ഡലത്തിന്‍െറ ചരിത്രം പരിശോധിച്ചാല്‍ ജോസഫ് ഒഴികെ ഒരാള്‍ മാത്രമാണ് ഇടതുമുന്നണിയുടെ പ്രതിനിധിയായി നിയമസഭയിലത്തെിയത്. 1970, 1977, 1980, 1982, 1987, 1996, 2006, 2011 എന്നീ കാലഘട്ടങ്ങളിലെല്ലാം മണ്ഡലത്തെ പ്രതിനിധീകരിച്ചത് പി.ജെ. ജോസഫായിരുന്നു. 1970ല്‍ മുതിര്‍ന്ന സി.പി.എം നേതാവും കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന യു.കെ. ചാക്കോയെ തോല്‍പിച്ചാണ് 29ാം വയസ്സില്‍ പി.ജെ തൊടുപുഴയില്‍നിന്ന് കന്നിജയം നേടുന്നത്. 1989ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റ് നിഷേധിച്ചതോടെ യു.ഡി.എഫുമായി അകന്നു. മുന്നണിവിട്ട് മൂവാറ്റുപുഴയില്‍ ഒറ്റക്ക് മത്സരിച്ചു. 89ല്‍ ഇടതുപക്ഷത്തത്തെി. 2001ല്‍ തൊടുപുഴയില്‍ പി.ടി. തോമസിനോട് പരാജയപ്പെട്ടു. പിന്നീട് 13,781 വോട്ടിന്‍െറ ഭൂരിപക്ഷത്തോടെ പകരംവീട്ടി. ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ച് യു.ഡി.എഫില്‍ എത്തിയതോടെ മണ്ഡലം പൂര്‍ണമായും വലത്തോട്ടായി. അടുത്തിടെ കേരള കോണ്‍ഗ്രസ് നേതാവും പി.ജെയുടെ വലംകൈയുമായ ഫ്രാന്‍സിസ് ജോര്‍ജ് ജനാധിപത്യ കേരള കോണ്‍ഗ്രസിലേക്ക് ചേക്കേറി എല്‍.ഡി.എഫ് സഹയാത്രികനായപ്പോഴും യു.ഡി.എഫില്‍ തന്നെ അടിയുറച്ചുനില്‍ക്കാനാണ് പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കിയത്. തൊടുപുഴ മണ്ഡലത്തില്‍നിന്ന് കുറച്ച് നേതാക്കള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിലേക്ക് പോയപ്പോള്‍ പി.ജെ. ജോസഫിന്‍െറ നില പരുങ്ങലിലാകുമെന്ന് രാഷ്ട്രീയ നിരീക്ഷകരും പ്രവചിച്ചിരുന്നു. എന്നാല്‍, യു.ഡി.എഫിനെപോലും ഞെട്ടിക്കുന്ന ഭൂരിപക്ഷമാണ് തൊടുപുഴയില്‍ പി.ജെ. ജോസഫിന് ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.