എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് ഷാള്‍ അണിയിച്ച് വീട്ടമ്മ വിവാദത്തില്‍

എരുമേലി: സി.പി.എം പാരമ്പര്യമുള്ള കുടുംബത്തിലെ വീട്ടമ്മ എന്‍.ഡി.എ സ്ഥാനാര്‍ഥിയെ ഷാള്‍ അണിയിച്ചതിനെ ചൊല്ലി വിവാദം. സി.പിഎം ലോക്കല്‍ സെക്രട്ടറി പി.കെ. ബാബുവിന്‍െറ ഭാര്യാ മാതാവും, ബ്രാഞ്ച് സെക്രട്ടറി മധുവിന്‍െറ അമ്മയുമായ എരുമേലി ചുണ്ടില്ലാമറ്റം സുകുമാരി ഗോപിയാണ് വിവാദത്തിലകപ്പെട്ടത്. പൂഞ്ഞാര്‍ നിയോജക മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി എം.ആര്‍. ഉല്ലാസിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ ഭാഗമായി കഴിഞ്ഞദിവസം വയലാപ്പറമ്പില്‍ എത്തിയ സ്ഥാനാര്‍ഥിയെ സുകുമാരി ഗോപി ഷാള്‍ അണിയിച്ച് സ്വീകരിക്കുകയായിരുന്നു. നരേന്ദ്ര മോദിയുടെ ചിത്രം കൈയില്‍പിടിച്ച് എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് ഷാള്‍ അണിയിക്കുന്ന ചിത്രം പ്രചരിച്ചതോടെ പാര്‍ട്ടിക്കുള്ളിലും ഇത് ചര്‍ച്ചയായി. ഇതോടെ വിശദീകരണവുമായി ഇവര്‍ രംഗത്തിറങ്ങി. എസ്.എന്‍.ഡി.പി ശാഖാ സെക്രട്ടറിയും ബി.ഡി.ജെ.എസ് ജില്ലാ ജോയന്‍റ് സെക്രട്ടറിയുമായ സുശീല്‍ കുമാറിന്‍െറ നിര്‍ബന്ധത്തിന് വഴങ്ങിയാണ് എം.ആര്‍. ഉല്ലാസിന് ഷാള്‍ അണിയിച്ചതെന്ന് സുകുമാരി ഗോപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ചിലര്‍ നടത്തിയ ശ്രമത്തിന്‍െറ ഭാഗമാണ് എന്‍.ഡി.എ സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ തന്നെ നിര്‍ബന്ധിച്ചതിന് പിന്നിലെന്ന് സുകുമാരി ഗോപി പറഞ്ഞു. പി.കെ. ബാബു, എം.എന്‍. രാജപ്പന്‍, സുകുമാരി ഗോപി, മധു ഗോപി എന്നിവര്‍ പങ്കെടുത്തു. ഇതിനുപിന്നാലെ വാര്‍ത്താസമ്മേളനം നടത്തിയ സുശീല്‍ കുമാര്‍ സുകുമാരി ഗോപിയും കുടുംബവും പ്രചരിപ്പിക്കുന്ന ആരോപണം തെറ്റാണെന്ന് പറഞ്ഞു. സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ളെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ ഭാഗമായി വോട്ടഭ്യര്‍ഥിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥിയെ കാത്തുനിന്നവരില്‍ ചിലര്‍ക്ക് മുഖം നോക്കാതെ ഷാള്‍ കൊടുത്തിരുന്നെന്നും സ്വമനസ്സാലെ സുകുമാരി ഗോപി ഷാള്‍ വാങ്ങി എന്‍.ഡി.എ സ്ഥാനാര്‍ഥിയെ അണിയിച്ചതാവാമെന്നും സുശീല്‍ കുമാര്‍ പറഞ്ഞു. തന്‍െറ പേരില്‍ ആരോപണങ്ങള്‍ ഉന്നയിച്ച് ലോക്കല്‍ സെക്രട്ടറി പി.കെ. ബാബു തന്നെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞതെന്നും ഇതിനെതിരെ എരുമേലി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സുശീല്‍ കുമാറും പറഞ്ഞു. എസ്.എന്‍.ഡി.പി എരുമേലി യൂനിയന്‍ സെക്രട്ടറി ശ്രീപാദം ശ്രീകുമാര്‍, വൈസ് പ്രസിഡന്‍റ് കെ.ബി. ഷാജി, സുശീല്‍ കുമാര്‍, ബിജി കല്യാണി, ജി. വിനോദ്, വിശ്വനാഥന്‍, സുനു സുരേന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.