കൊട്ടിക്കലാശം കൊഴുപ്പിക്കാന്‍ മുന്നണികള്‍

കോട്ടയം: പരസ്യ വോട്ടോട്ടത്തിന് ഇനി ഒരുപകല്‍ മാത്രം. ഒന്നരമാസത്തോളം നീണ്ട പ്രചാരണ കോലാഹലങ്ങള്‍ക്ക് ശനിയാഴ്ച വൈകുന്നേരം കൊട്ടിക്കലാശം. നിശ്ശബ്ദ പ്രചാരണത്തിന്‍െറ ഞായറാഴ്ചയും കടന്ന് തിങ്കളാഴ്ച നാട് പോളിങ് ബൂത്തില്‍. ജില്ലയുടെ പല മണ്ഡലങ്ങളിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നതിനാല്‍ കൊട്ടിക്കലാശവും തീപാറും. ജില്ലാ ആസ്ഥാനമായ കോട്ടയത്തിനുപുറമെ മണ്ഡലം ആസ്ഥാനങ്ങളിലും പരസ്യപ്രചാരണത്തിന്‍െറ അവസാനനിമിഷം കൊഴുപ്പിക്കാന്‍ പ്രവര്‍ത്തകള്‍ തടിച്ചുകൂടും. കൊട്ടിക്കലാശം സംഘര്‍ഷത്തിലേക്ക് നീങ്ങാതിരിക്കാന്‍ പൊലീസും വന്‍ തയാറെടുപ്പിലാണ്. ഇത്തവണ വൈകുന്നേരം ആറുവരെയാണ് പരസ്യപ്രചാരണത്തിനുള്ള സമയപരിധി. ഇതിനുശേഷം രാഷ്ട്രീയ സ്വഭാവമുളള കൂട്ട എസ്.എം.എസുകളും സന്ദേശങ്ങളും അയക്കരുതെന്ന് തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി അറിയിച്ചു. പൊതുപ്രചാരണം അവസാനിച്ച ശേഷം മാധ്യമങ്ങളിലൂടെയും പ്രചാരണത്തിനും വിലക്കുണ്ട്. കോട്ടയെന്ന പേര് നിലനിര്‍ത്താന്‍ യു.ഡി.എഫ് ശ്രമിക്കുമ്പോള്‍ കടന്നുകയറാനാണ് എല്‍.ഡി.എഫ് ശ്രമം. ആദ്യം ചെറിയതോതില്‍ ഉയര്‍ന്ന പ്രചാരണച്ചൂട് അവസാനലാപ്പിലായതോടെ കൊടുംചൂടിലായി. എല്ലായിടത്തും ഒപ്പത്തിനൊപ്പമാണ് ഇരുമുന്നണിയുടെയും പ്രചാരണം. ബി.ജെ.പി-ബി.ഡി.ജെ.എസ് വോട്ടുകള്‍ ഇരുമുന്നണിയെയും അങ്കലാപ്പിലാക്കുന്നുമുണ്ട്. ഇവര്‍ പെട്ടിയിലാക്കുന്ന വോട്ടുകള്‍ ആരുടേതാകുമെന്നതാണ് പ്രധാന ചര്‍ച്ചാവിഷയം. ഇത് എങ്ങനെ ബാധിക്കുമെന്ന കണക്കെടുപ്പുകളും തകൃതിയാണ്. ഇടതുമുന്നണിക്കാണ് ഇത് ഏറെ ചങ്കിടിപ്പ് സമ്മാനിക്കുന്നത്. സിറ്റിങ് സീറ്റുകളായ ഏറ്റുമാനൂര്‍,വൈക്കം മണ്ഡലങ്ങളെ ഇത് ബാധിക്കുമോയെന്നും ഇടത് ഉറ്റുനോക്കുന്നു. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന് ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ളെന്നതാണ് ഇതിനുള്ള എല്‍.ഡി.എഫ് മറുപടി. ജില്ലയില്‍ കടുത്ത പോര് നടക്കുന്ന പൂഞ്ഞാറിലാകും കൊട്ടിക്കലാശത്തിന് വീറും വാശിയും ഏറെ. സംസ്ഥാനം ഉറ്റുനോക്കുന്ന പോരാട്ടമാണ് പൂഞ്ഞാറില്‍. തകര്‍പ്പന്‍ മത്സരം നടക്കുന്ന പാലായിലും കൊട്ടിക്കലാശം ആവേശം വിതറും. കടുത്ത മത്സരം നടക്കുന്ന ചങ്ങനാശേരി, ഏറ്റുമാനൂരും വാശിയില്‍ ഒട്ടും പിന്നിലാകില്ളെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. പ്രചാരണത്തിന് അവസാനമാകുമ്പോള്‍ പ്രാദേശികവിഷയങ്ങള്‍ക്ക് പുറമെ സംസ്ഥാന-ദേശീയവിഷയങ്ങളും പ്രധാനചര്‍ച്ചയായി. യു.ഡി.എഫ് പ്രധാനമായും വികസനം ചര്‍ച്ചയാക്കിയപ്പോള്‍ അഴിമതിയായിരുന്നു എല്‍.ഡി.എഫ് ഉയര്‍ത്തിയത്. റബര്‍ വിലയിടവും ഒരുപരിധിവരെ ചര്‍ച്ചചെയ്യപ്പെട്ടു. ഇടത്-വലത് മുന്നണികള്‍ക്കെതിരെ ആഞ്ഞടിച്ചായിരുന്നു ബി.ജെ.പി പ്രചാരണം. ദേശീയ-സംസ്ഥാന നേതാക്കളെല്ലാം ജില്ലയിലെ വിവിധ യോഗങ്ങളില്‍ പങ്കെടുത്തു. പ്രചാരണ അവസാനമണിക്കൂറിലേക്ക് നീങ്ങിയതോടെ വെള്ളിയാഴ്ച തലങ്ങും വിലങ്ങും പ്രചാരണവാഹനങ്ങള്‍ പാഞ്ഞു. മുക്കിലും മൂലയിലും സ്ഥാനാര്‍ഥികളെ വര്‍ണിച്ച് മുന്നണികളുടെ അനൗണ്‍സ്മെന്‍റ് വാഹനങ്ങള്‍ എത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.