ഭൂമിദാനത്തിലൂടെ ശ്രദ്ധേയനായ വയോധികന്‍ ആത്മഹത്യക്ക് ശ്രമിച്ചു

കോന്നി: ഭൂമിദാനത്തിലൂടെ ശ്രദ്ധേയനായ വയോധികന്‍ റവന്യൂ വകുപ്പിന്‍െറ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചു. കുളത്തുമണ്‍ പോത്തുപാറ നിരവില്‍ വീട്ടില്‍ നടരാജനാണ് (72) വ്യാഴാഴ്ച 11ഓടെ കോന്നി താലൂക്ക് ഓഫിസിന്‍െറ മുകളിലത്തെ നിലയില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചത്. താലൂക്ക് ഓഫിസിനു മുകളില്‍ കയറിയ നടരാജന്‍ കലക്ടറെ വിളിച്ച് റവന്യൂ വകുപ്പിന്‍െറ പീഡനം സഹിക്കാന്‍ കഴിയില്ളെന്നും തനിക്ക് നീതി ലഭിക്കില്ളെന്നും അതിനാല്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നും പറഞ്ഞു. ഉടന്‍ തന്നെ കലക്ടര്‍ കോന്നി തഹസില്‍ദാറെ വിവരം അറിയിച്ചു. താലൂക്കിലെ ജീവനക്കാരത്തെി നടരാജനെ താഴെ ഇറക്കിയെങ്കിലും അദ്ദേഹം അതിനു മുമ്പുതന്നെ കീടനാശിനി കഴിച്ചിരുന്നു. നടരാജനെ കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചു സെന്‍റ് ഭൂമി വീതം 10 പേര്‍ക്ക് സൗജന്യമായി നല്‍കി നിരവധി പേരുടെ പ്രശംസ നേടിയ 72കാരനാണ് നടരാജന്‍. എന്നാല്‍, സ്വന്തം ഭൂമിയില്‍ നിന്ന മരം കാറ്റത്ത് കടപുഴകിയപ്പോള്‍ അതു മുറിച്ചതിന്‍െറ പേരില്‍ റവന്യൂ വകുപ്പ് കള്ളക്കേസെടുത്ത് 46,396 രൂപ പിഴ ചുമത്തിയിരിക്കുകയാണ്. നിത്യവൃത്തിക്കുപോലും വകയില്ലാത്ത നടരാജന് റവന്യൂ വകുപ്പിന്‍െറ നോട്ടീസ് കനത്ത ആഘാതമാണ് നല്‍കിയത്. നോട്ടീസ് കിട്ടിയനാള്‍ മുതല്‍ റവന്യൂ വകുപ്പ്മന്ത്രിയുടെയും കോന്നി താലൂക്ക് ഓഫിസിലും കയറിയിറങ്ങുകയാണ് നടരാജന്‍. പത്തിലധികം ദിവസമായി കോന്നി താലൂക്ക് ഓഫിസിനു മുന്നില്‍ സത്യഗ്രഹം നടത്തിവരികയായിരുന്നു. കാലില്‍ ബാധിച്ച വ്രണം ചികിത്സിക്കാന്‍ പോലും നിവൃത്തിയില്ലാതെ വലയുമ്പോഴാണ് ഇരുട്ടടിയായി റവന്യൂ വകുപ്പിന്‍െറ നോട്ടീസ് ലഭിച്ചത്. നടരാജന്‍ നേരിടുന്ന ദുരിതം സംബന്ധിച്ച് ബുധനാഴ്ച ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2014ലാണ് 10 വ്യക്തികള്‍ക്ക് നടരാജന്‍ തന്‍െറ 1.63 ഏക്കര്‍ ഭൂമിയില്‍ 50 സെന്‍റ് സ്ഥലം ദാനം നല്‍കിയത്. ഒറ്റപ്പെട്ടു കഴിയുന്ന തനിക്ക് അയല്‍പക്കം ഉണ്ടാകുമെന്നും കൂടാതെ കുടിവെള്ള പദ്ധതിയും വൈദ്യുതിയും എത്തുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം ഭൂമി ദാനം ചെയ്തത്. തന്‍െറ പേരിലുള്ള ഭൂമി തട്ടിയെടുക്കാന്‍ തൊട്ടടുത്തുള്ള ക്രഷര്‍ മാഫിയയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ഒത്തുകളിയുടെ ഭാഗമായിട്ടാണ് നടരാജനെതിരെ ഇത്തരത്തില്‍ കേസ് കെട്ടിച്ചമച്ച് ക്രൂരമായി പീഡിപ്പിച്ചതെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.ജി. സന്തോഷ്കുമാര്‍ പറഞ്ഞു. നടരാജന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെ വകുപ്പ് മന്ത്രിക്കെതിരെയും റവന്യൂ വകുപ്പിനെതിരെയും പ്രതിഷേധം ശക്തമായിരിക്കുന്നത്. ദാനം ചെയ്ത ഭൂമി സര്‍ക്കാറിന്‍െറ സീറോ ലാന്‍ഡ്ലെസ് പദ്ധതിയിലേക്ക് നല്‍കണമെന്ന സ്ഥലം എം.എല്‍.എയും റവന്യൂ മന്ത്രിയുമായ അടൂര്‍ പ്രകാശിന്‍െറ അഭ്യര്‍ഥന നടരാജന്‍ നിരസിച്ചിരുന്നു. ഇത് മന്ത്രിയെ ചൊടിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് പാറമട ലോബിയും റവന്യൂവകുപ്പും ചേര്‍ന്ന് നടരാജന്‍െ പീഡിപ്പിക്കാന്‍ തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.