അറിയാതെപോലും ബി.ജെ.പിയോട് മൃദുസമീപനം പാടില്ല –ആന്‍റണി

കോട്ടയം: നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ അറിയാതെപോലും ആരും ബി.ജെ.പിയോട് മൃദുസമീപനം സ്വീകരിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോഴും പഴയ മോദിതന്നെയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍െറയും വര്‍ഗീയ അജണ്ട കേരളത്തില്‍ നടപ്പാക്കാന്‍ മോദി പതിനെട്ടടവും പ്രയോഗിക്കുകയാണ്. അമിതാഭ് ബച്ചനെക്കാള്‍ മികച്ച അഭിനേതാവാണ് മോദിയെന്നും കോട്ടയം പ്രസ് ക്ളബിന്‍െറ ‘നിലപാട്’ പരിപാടിയില്‍ ആന്‍റണി പറഞ്ഞു. ബി.ജെ.പിക്ക് നിയമസഭയില്‍ കാലുകുത്താന്‍ പോലും സാധിക്കില്ളെന്ന് ഉറപ്പായിക്കഴിഞ്ഞു. അതിനുള്ള ഒരവസരവും കേരളത്തിലെ ജനങ്ങള്‍ നല്‍കില്ല. ബി.ജെ.പി വന്നാല്‍ കേരളത്തിലെ സാമുദായിക സൗഹാര്‍ദം തകരും. കേരളത്തില്‍ മൂന്നു മണ്ഡലങ്ങളിലൊഴികെ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് മുഖ്യമത്സരം. മഞ്ചേശ്വരത്തും കാസര്‍കോട്ടും കുട്ടനാട്ടിലും മത്സരം ബി.ജെ.പിയും യു.ഡി.എഫും തമ്മിലാണെന്നും അവിടെ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്താണെന്നും ആന്‍റണി പറഞ്ഞു. സോണിയ ഗാന്ധിക്കും അവരുടെ ഇറ്റാലിയന്‍ ബന്ധത്തിനുമെതിരെ ആക്ഷേപം ഉന്നയിച്ച പ്രധാനമന്ത്രിയുടെ സ്വരം പഴയ ആര്‍.എസ്.എസ് പ്രചാരകനായ നരേന്ദ്രമോദിയുടേതാണ്. വിവാദ ഹെലികോപ്ടര്‍ ഇടപാടിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടക്കുന്നുണ്ട്. സി.ബി.ഐയും എന്‍ഫോഴ്സമെന്‍റും ഐ.ബിയും എല്ലാം പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലാണ്. എന്തുകൊണ്ട് യഥാര്‍ഥ വസ്തുത കണ്ടത്തൊന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നില്ല. കേരളത്തിന്‍െറ മണ്ണില്‍ നിന്ന് ഒരു നേതാവും ഉച്ചരിക്കാന്‍ പാടില്ലാത്ത പരാമര്‍ശത്തിലൂടെ മോദി പ്രധാനമന്ത്രിപദത്തിന്‍െറ അന്തസ്സ് കെടുത്തി. പാര്‍ലമെന്‍റില്‍ പോലും പറയാത്ത കാര്യങ്ങള്‍ അവിടെനിന്ന് ഒളിച്ചോടി മൈതാനപ്രസംഗത്തില്‍ പറഞ്ഞതോടെ പദവിയുടെ നിലവാരംതന്നെ ഇല്ലാതാക്കി. പ്രധാനമന്ത്രി മാപ്പുപറയണമെന്നും ആന്‍റണി ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പണം ഒഴുക്കുകയാണ്. ശുദ്ധരാഷ്ട്രീയം പറയുന്ന ബി.ജെ.പിക്ക് ഇത്രയും പണം എവിടെനിന്ന് കിട്ടുന്നുവെന്നും അദ്ദേഹം ചോദിച്ചു. കേരളത്തില്‍ യു.ഡി.എഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും. ഉമ്മന്‍ ചാണ്ടി-സുധീരന്‍-രമേശ് എന്നിവരുടെ നേതൃത്വം മികച്ച വിജയം നേടാന്‍ സഹായിക്കും. മൂന്ന് മുഖവും വളരെ മനോഹരമാണ്. മൂന്നും താരങ്ങളാണ്. അവര്‍ ത്രീ സ്റ്റാറുകളാണെന്നും ആന്‍റണി പറഞ്ഞു. ആരായിരിക്കും മുഖ്യമന്ത്രിയെന്ന കാര്യം തെരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കും. പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കര്‍ക്കശമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും ആന്‍റണി പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് ടോമി കല്ലാനി, ജോസി സെബാസ്റ്റ്യന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.