മൂന്നാറില്‍ തുടര്‍ച്ചയായ പവര്‍കട്ട്; സഞ്ചാരികള്‍ വലഞ്ഞു

മൂന്നാര്‍: മുന്നറിയിപ്പില്ലാതെ മൂന്നാറില്‍ രണ്ടുദിവസമായി തുടരുന്ന പവര്‍കട്ട് സഞ്ചാരികളെ വലച്ചു. 36 മണിക്കൂര്‍ തുടര്‍ച്ചയായി പവര്‍ക്കട്ട് അനുഭവപ്പെട്ടതോടെ മൂന്നാറിലെ എ.ടി.എം കൗണ്ടറുകള്‍ അടച്ചു. വ്യാപാര സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും പ്രവര്‍ത്തനം നിശ്ചലമായി. വേനലവധി ആഘോഷിക്കാനത്തെിയ സഞ്ചാരികള്‍ ഭക്ഷണം കഴിക്കാന്‍പോലും വഴിയില്ലാതെ ബുദ്ധിമുട്ടി. ഒടുവില്‍ ഗത്യന്തരമില്ലാതെ നാട്ടിലേക്ക് മടങ്ങിപ്പോയി. പതിനായിരങ്ങള്‍ മുടക്കി വ്യാപാര സ്ഥാപനങ്ങളില്‍ വില്‍പനക്കുവെച്ചിരുന്ന ഐസ്ക്രീം, പാല്‍, ബട്ടര്‍ തുടങ്ങിയവ കേടായി. ടൗണിലും പരിസരങ്ങളിലും വൈദ്യുതി വിതരണം ചെയ്യുന്നത് മൂന്നാറിലെ സ്വകാര്യ കമ്പനിയാണ്. എന്തെങ്കിലും തകരാറുകള്‍ പറഞ്ഞ് ആഴ്ചയില്‍ ചുരുങ്ങിയത് രണ്ടുദിവസം പവര്‍കട്ട് ഏര്‍പ്പെടുത്തുന്നത് കമ്പനിയുടെ സ്ഥിരം പരിപാടിയാണ്. ടൗണില്‍ സഞ്ചാരികളേറെയത്തെുന്ന സമയങ്ങളില്‍ മുമ്പ് പലതവണ പവര്‍കട്ട് ഏര്‍പ്പെടുത്തിയത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. പവര്‍കട്ടില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം നിലച്ചത് കച്ചവടക്കാരെ വിഷമത്തിലാക്കി. കുട്ടികളുടെ പഠനത്തിനായും മറ്റും ബാങ്കുകളെ സമീപിച്ച സാധാരണക്കാര്‍ക്ക് തിരിച്ചടിയായി. തുടര്‍ച്ചയായുണ്ടായ പവര്‍കട്ട് മൂലം ടൗണിലെ ആശുപത്രികളിലെയും മെഡിക്കല്‍ സ്റ്റോറുകളിലെയും മരുന്നുകള്‍ നശിച്ചുപോയി. അറ്റകുറ്റപ്പണികളുണ്ടെങ്കില്‍ അക്കാര്യം രേഖാമൂലമോ മാധ്യമങ്ങള്‍ വഴിയോ ജനങ്ങളെ അറിയിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇത്തരം നിയമങ്ങള്‍ പാലിക്കാത്ത കമ്പനിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ളെന്നാണ് വ്യാപാരികളുടെ ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.