കോട്ടയം: ഗ്രാമങ്ങളില്‍ ആവേശമുയര്‍ത്തി നാടന്‍ പന്തുകളി. കോട്ടയത്തുകാരുടെ ഹൃദയത്തെ സ്പര്‍ശിച്ച കായികമത്സരമായ നാടന്‍ പന്തുകളിയുടെ ആരവങ്ങള്‍ നാട്ടിന്‍പുറങ്ങളെ സമ്പന്നമാക്കുകയാണ്. ഏഴുപേരാണ് ഒരു ടീമില്‍ വേണ്ടത്. പിടിത്തക്കാരന്‍, കാലടികാരന്‍, പൊക്കിവെട്ടുകാരന്‍ എന്നിങ്ങനെയാണ് ടീമിലെ ഓരോ കളിക്കാരന്‍െറയും സ്ഥാനവും യോഗ്യതയും. ഒറ്റ, പെട്ട, പിടിയന്‍, താളം, കീഴ്, ഇണ്ടന്‍ എന്നിങ്ങനെ ആറ് സെറ്റ് കളി വിജയിക്കുന്ന ടീം ഒരു ചക്കര വെക്കും. ഒരു ചക്കര വെച്ച ടീം വീണ്ടും ഒറ്റയില്‍ തുടങ്ങി ഇണ്ടന്‍ വരെ വിജയിച്ച് ചക്കര വെക്കുന്നു. ഒരു ടീം വെട്ടിവിടുന്ന പന്ത് നിലംതൊടാതെ എതിര്‍ ടീമിലെ കളിക്കാരന്‍ കാലുകൊണ്ട് ഉയരത്തില്‍ അടിച്ച് കളം കവിക്കും. അതോടെ ആ വെട്ടുകാരന്‍െറ അവസരം നഷ്ടമാകും. ഇങ്ങനെ വാശിയേറിയ മത്സരം കാണികളെ ആവേശഭരിതരാക്കും. തുകല്‍കൊണ്ട് പ്രത്യേകം തുന്നിയെടുത്ത പന്താണ് കളിക്ക് ഉപയോഗിക്കുന്നത്. പന്തിന്‍െറ ഗതിവേഗങ്ങളും മൈതാനത്തിന്‍െറ കയറ്റിറക്കങ്ങളും അറിഞ്ഞുവേണം കാലടികാരന്‍ പന്തുനേരിടാന്‍. പണ്ടുകാലത്ത് ഏതു മുക്കിലും മൂലയിലും ഉണ്ടായിരുന്ന നാടന്‍ പന്തുകളിയാണ് വീണ്ടും സജീവമാകുന്നത്. പടിഞ്ഞാറന്‍ മേഖലയിലെ ഗ്രാമങ്ങളെയും നഗരത്തെയും കോര്‍ത്തിണക്കി കോട്ടയം വെസ്റ്റ് ക്ളബിന്‍െറ നേതൃത്വത്തില്‍ ഇല്ലിക്കല്‍ മൈതാനത്ത് എട്ടാമത് നാടന്‍ പന്തുകളി മത്സരം ആവേശക്കാഴ്ചയാണ് സമ്മാനിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് നടക്കുന്ന ഫൈനലില്‍ പുതുപ്പള്ളിയും മീനടവും ഏറ്റുമുട്ടും. കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ.പി.ആര്‍. സോന ഉദ്ഘാടനം ചെയ്യും. മേഖലയിലെ മികച്ച ടീമുകളായ കമ്പംമെട്ട്, പുതുപ്പള്ളി, വെള്ളൂര്‍, അഞ്ചേരി, മീനടം, കുഴിമറ്റം, മണര്‍കാട്, കുമാരനല്ലൂര്‍ എന്നിവ ടൂര്‍ണമെന്‍റില്‍ അണിനിരന്നു. പ്രാഥമികറൗണ്ടില്‍ മണര്‍കാടിനെ പുതുപ്പള്ളി തോല്‍പിച്ചാണ് സെമിയിലത്തെിയത്. സെമിയില്‍ കരുത്തരായ കമ്പംമെട്ടിനെ അട്ടിമറിച്ച് ഫൈനലിലും ഇടം നേടി. പ്രാഥമികറൗണ്ടില്‍ കുഴിമറ്റത്തെ തോല്‍പിച്ച് കളത്തിലിറങ്ങിയ മീനടം ടീം സെമിയല്‍ അഞ്ചേരിയെ കീഴടക്കിയാണ് ഫൈനലില്‍ പ്രവേശിച്ചത്. ടൂര്‍ണമെന്‍റിലെ മികച്ച കളിക്കാരന്‍, കാലടികാരന്‍, പിടിത്തക്കാരന്‍, കൈവെട്ട്, കിഴ്കൈവെട്ട് തുടങ്ങിയവര്‍ക്ക് പ്രത്യേക ട്രോഫികള്‍ സമ്മാനിക്കുമെന്ന് വെസ്റ്റ് ക്ളബ് സെക്രട്ടറി ലിയോ മാത്യു ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.