പാചകവാതക സിലിണ്ടറുകളിലൂടെ പണം ഇടുക്കിയിലേക്ക്

രാജാക്കാട്: ഹൈറേഞ്ചിലെ ചില മണ്ഡലങ്ങളിള്‍ വിതരണം ചെയ്യാനായി തമിഴ്നാട്ടില്‍നിന്ന് പണമത്തെുന്നതായി വിവരം. പരിശോധന ഊര്‍ജിതമാക്കിയതോടെ പാചകവാതക സിലിണ്ടറുകളിലാണ് പണം കടത്തുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് പണമൊഴുകുന്നത് തടയാന്‍ തെരഞ്ഞെടുപ്പ് കമീഷനും പൊലീസും വാഹന പരിശോധന കര്‍ക്കശമാക്കിയതിനെ തുടര്‍ന്നാണ് പുതിയ രീതി. കാലിയായ ഗ്യാസ് സിലിണ്ടറുകളുടെ ചുവടുഭാഗം തമിഴ്നാട്ടിലെ രഹസ്യകേന്ദ്രങ്ങളില്‍ വെച്ച് കട്ടര്‍ കൊണ്ട് വേര്‍പെടുത്തിയ ശേഷം ആയിരത്തിന്‍െറയും അഞ്ഞൂറിന്‍െറയും നോട്ടുകള്‍ കെട്ടുകളാക്കി ഉള്ളില്‍ നിറക്കുകയും പിന്നീട് ചുവടുഭാഗം വെല്‍ഡ് ചെയ്ത് തിരികെ ഉറപ്പിക്കുകയും ചെയ്യുന്നു. ഇത് പെയിന്‍റ് ചെയ്ത് പഴയപടിയാക്കും. ഇപ്രകാരം തയാറാക്കുന്ന ‘പണ സിലിണ്ടറുകള്‍’ കേരള-തമിഴ്നാട് ട്രിപ് നടത്തുന്ന വാനുകളിലും കമാന്‍ഡര്‍ ജീപ്പുകളിലും കയറ്റിയാണ് പൂപ്പാറ, ഉടുമ്പന്‍ചോല, നെടുങ്കണ്ടം തുടങ്ങിയ അതിര്‍ത്തി പട്ടണങ്ങളില്‍ എത്തിക്കുന്നത്. ഈ സിലിണ്ടറുകള്‍ ഉള്‍പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇരുമ്പുപണിക്കാരുടെ ആലകളില്‍ എത്തിച്ച് ചുവടുഭാഗത്തെ സ്പോട്ട് വെല്‍ഡിങ് വെട്ടി വേര്‍പെടുത്തിയാണ് പണം പുറത്തെടുക്കുന്നത്. അധികൃതര്‍ രാത്രിയും പകലും വാഹനങ്ങള്‍ അരിച്ചുപെറുക്കി പരിശോധിക്കാറുണ്ടെങ്കിലും നിത്യോപയോഗ സാധനങ്ങള്‍ ട്രിപ് വണ്ടികളില്‍ കൊണ്ടുവരുന്നത് സാധാരണമായതിനാല്‍ കാര്യമായി ശ്രദ്ധിക്കാറില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.