സൂക്ഷ്മപരിശോധന പൂര്‍ത്തിയായി; ജില്ലയില്‍ 87 പത്രിക സ്വീകരിച്ചു

കോട്ടയം: നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. ജില്ലയില്‍ ഒമ്പത് മണ്ഡലങ്ങളിലായി 87 പത്രിക സ്വീകരിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു. നിലവിലെ 104 പത്രികകളില്‍ 17 എണ്ണം തള്ളി. ഡമ്മി സ്ഥാനാര്‍ഥികളുടെ പത്രികയാണ് തള്ളിയത്. മേയ് രണ്ടുവരെ പിന്‍വലിക്കാം. കോട്ടയം നിയോജകമണ്ഡലത്തില്‍ ഒമ്പത് സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയിട്ടുണ്ട്. ബി.ജെ.പി, ബി.എസ്.പി, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് യൂനിറ്റി സെന്‍റര്‍ ഓഫ് ഇന്ത്യ (കമ്യൂണിസ്റ്റ്), സമാജ്വാദി പാര്‍ട്ടി എന്നീ പാര്‍ട്ടികളുടെ ഓരോ സ്ഥാനാര്‍ഥിയുടെയും സി.പി.എമ്മിന്‍െറ രണ്ട് സ്ഥാനാര്‍ഥികളുടെയും രണ്ട് സ്വതന്ത്രരുടെയും പത്രിക സ്വീകരിച്ചു. ഏറ്റുമാനൂരില്‍ എട്ട് സ്ഥാനാര്‍ഥികളുടെ പത്രികക്ക് അന്തിമ അംഗീകാരം ലഭിച്ചു. കേരള കോണ്‍ഗ്രസ്-എം , ബി.എസ്.പി, സി.പി.എം, എസ്.ഡി.പി.ഐ, എസ്.യു.സി.ഐ, ബി.ഡി.ജെ.എസ്, പി.ഡി.പി എന്നീ പാര്‍ട്ടികളുടെ ഓരോ സ്ഥാനാര്‍ഥി വീതവും ഒരു സ്വതന്ത്രനുമാണുള്ളത്. പുതുപ്പള്ളിയില്‍ ഒമ്പത് സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിച്ചു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്, സി.പി.എം, ബി.ജെ.പി, ബി.എസ്.പി, എസ്.യു.സി.ഐ എന്നീ പാര്‍ട്ടികളുടെ ഓരോ സ്ഥാനാര്‍ഥിയുടെയും നാല് സ്വതന്ത്രന്മാരുടെയും പത്രികയാണ് സ്വീകരിച്ചത്. വൈക്കത്ത് എട്ട് സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിച്ചു. സി.പി.ഐ, ബി.എസ്.പി, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് യൂനിറ്റി സെന്‍റര്‍ ഓഫ് ഇന്‍ഡ്യ (കമ്യൂണിസ്റ്റ്), ബി.ഡി.ജെ.എസ്, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (എം.എല്‍- റെഡ് സ്റ്റാര്‍), പി.ഡി.പി എന്നീ പാര്‍ട്ടികളുടെ ഓരോ സ്ഥാനാര്‍ഥിയുടെയും ഒരു സ്വതന്ത്രന്‍െറയും പത്രികക്കാണ് അന്തിമ അംഗീകാരം ലഭിച്ചത്. കാഞ്ഞിരപ്പള്ളിയില്‍ എട്ട് സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിച്ചു. ബി.എസ്.പി, കേരള കോണ്‍ഗ്രസ്-എം, സി.പി.ഐ, ബി.ജെ.പി, സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നീ പാര്‍ട്ടികളുടെ ഓരോ സ്ഥാനാര്‍ഥിയുടെയും മൂന്നുസ്വതന്ത്രരുടെയും പത്രികയാണ് സ്വീകരിച്ചത്. കടുത്തുരുത്തിയില്‍ ഏഴ് സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിച്ചു. ബി.എസ്.പി, കേരള കോണ്‍ഗ്രസ്-എം, കേരള ജനതാ പാര്‍ട്ടി, കേരള കോണ്‍ഗ്രസ്-സ്കറിയ തോമസ്, കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ ഓരോ സ്ഥാനാര്‍ഥിയുടെയും രണ്ട് സ്വതന്ത്രരുടെയും പത്രികയാണ് സ്വീകരിച്ചത്. ചങ്ങനാശേരിയില്‍ പത്ത് സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിച്ചു. കേരള കോണ്‍ഗ്രസ്-എം, ബി.എസ്.പി, ബി.ജെ.പി, എസ്.ഡി.പി.ഐ, കേരള കോണ്‍ഗ്രസ്-സെക്കുലര്‍, എസ്.യു.സി.ഐ എന്നീ പാര്‍ട്ടികളുടെ ഓരോ സ്ഥാനാര്‍ഥിയുടെയും നാല് സ്വതന്ത്രരുടെയും പത്രിക സ്വീകരിച്ചു. പാലായില്‍ 10 സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിച്ചു. ബി.ജെ.പി, എന്‍.സി.പി, കേരള കോണ്‍ഗ്രസ്-എം എന്നീ പാര്‍ട്ടികളുടെ ഓരോ സ്ഥാനാര്‍ഥിയുടെയും ഏഴ് സ്വതന്ത്രരുടെയും പത്രികയാണ് സ്വീകരിച്ചത്. പൂഞ്ഞാറില്‍ 18 സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, ബി.ഡി.ജെ.എസ്, പി.ഡി.പി, സോഷ്യലിസ്റ്റ് യൂനിറ്റി സെന്‍റര്‍ ഓഫ് ഇന്ത്യ (കമ്യൂണിസ്റ്റ്), കേരള ജനതാ പാര്‍ട്ടി, സി.പി.ഐ (എം.എല്‍- റെഡ് സ്റ്റാര്‍), കേരള കോണ്‍ഗ്രസ്-എം എന്നീ പാര്‍ട്ടികളുടെ ഓരോ സ്ഥാനാര്‍ഥിയുടെയും 11 സ്വതന്ത്രരുടെയും പത്രികയാണ് സ്വീകരിക്കപ്പെട്ടത്. പൊതുനിരീക്ഷകരുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍, ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍, പുഞ്ച സ്പെഷല്‍ ഓഫിസ്, കോട്ടയം ആര്‍.ഡി.ഒ, അസി. കലക്ടറുടെ ഓഫീസ്, ദേശീയ സമ്പാദ്യഹാള്‍, പാലാ ആര്‍.ഡി.ഒ ഓഫിസ് എന്നിവിടങ്ങളിലാണ് സൂക്ഷ്മപരിശോധന നടന്നത്. വരണാധികാരികളായ പി.ജി. സഞ്ജയന്‍ (പാലാ), ടി.സി. രാമചന്ദ്രന്‍ (കടുത്തുരുത്തി), അലക്സ് പോള്‍ (വൈക്കം), പി.കെ. നളിനി (ഏറ്റുമാനൂര്‍), എം.പി. ജോസ് (കോട്ടയം) ജി. രമാദേവി (പുതുപ്പള്ളി), ടി.വി. സുഭാഷ് (ചങ്ങനാശേരി), കെ.ജെ. ടോമി (കാഞ്ഞിരപ്പള്ളി), സി.കെ. പ്രകാശ് (പൂഞ്ഞാര്‍) എന്നിവര്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നിര്‍വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.