പാടശേഖരങ്ങള്‍ക്ക് തീയിടുന്നത് പതിവാകുന്നു; ജനം ഭീതിയില്‍

തലയോലപ്പറമ്പ്: കൊയ്ത്തൊഴിഞ്ഞ പാടശേഖരങ്ങളില്‍ തീയിടുന്നത് ആശങ്കയുണ്ടാക്കുന്നു. ഉണങ്ങിയ പുല്ലുകള്‍ക്കാണ് കര്‍ഷകര്‍ തീയിടുന്നത്. വര്‍ധിച്ചചൂടുകാരണം പലപ്പോഴും തീയിടുന്നത് നിയന്ത്രണാതീതമാകുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. ഞായറാഴ്ച തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളജിന് സമീപത്തെ അടിയം ചാലില്‍ പാടശേഖരത്തില്‍ തീയിട്ടത് സംഘര്‍ഷത്തിനിടയാക്കി. തൊട്ടടുത്ത പാടശേഖരത്ത് കൊയ്ത്ത് നടക്കുമ്പോഴാണ് കൊയ്ത്തൊഴിഞ്ഞ പാടശേഖരത്ത് തീയിട്ടത്. ദിശതെറ്റിവന്ന കാറ്റുമൂലം തീപടര്‍ന്ന് കൊയ്തുകൊണ്ടിരുന്ന പാടത്തേക്കും പിടിച്ചു. തുടര്‍ന്ന് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. ഒരാഴ്ചമുമ്പ് വടയാറിലെ ആലങ്കേരി പാടശേഖരത്തിലെ കൊയ്തൊഴിഞ്ഞ ഒരേക്കറില്‍ തീയിട്ടിരുന്നു. തീപടര്‍ന്ന് പത്തേക്കര്‍ പാടത്തിലെ പുല്ലും ചെടികളും കത്തിനശിച്ചു. പാടവരമ്പത്തുള്ള വീടുകളില്‍ തീപിടിക്കാതിരിക്കാന്‍ നാട്ടുകാര്‍ നന്നേ പാടുപെട്ടു. കടുത്തുരുത്തിയില്‍നിന്ന് അഗ്നിശമന സേന എത്തിയെങ്കിലും പാടശേഖരത്തിലേക്ക് പോകുവാന്‍ സൗകര്യമില്ലാത്തതിനാല്‍ തിരിച്ചുപോകുകയായിരുന്നു. ഇതേദിവസം തന്നെ തലയോലപ്പറമ്പിലെ ബസ്സ്റ്റാന്‍ഡിന് സമീപത്ത് ചവറുകള്‍ക്ക് തീയിട്ടത് റോഡരികിലെ ചവറുകളിലേക്ക് പടര്‍ന്നത് ആശങ്കയുണ്ടാക്കി. ഓട്ടോ തൊഴിലാളികളാണ് തീയണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.