കിടങ്ങൂര്‍: പൂത്തുലഞ്ഞ പാടത്ത് കൊയ്ത്തുപാട്ടിന്‍െറ താളത്തിനൊത്ത് വിദ്യാര്‍ഥികള്‍ കറ്റകള്‍ കൊയ്തെറിഞ്ഞപ്പോള്‍ കിടങ്ങൂര്‍ ഗ്രാമത്തിന്‍െറ പഴയ കാര്‍ഷിക സമൃദ്ധി ഒരിക്കല്‍കൂടി ഗതകാലസ്മരണ ഉയര്‍ത്തി. നാടിന്‍െറ പൊയ്പോയ കാര്‍ഷിക പ്രതാപം വീണ്ടെടുത്ത് ശനിയാഴ്ച രാവിലെ കുട്ടികള്‍ പരമ്പരാഗത കര്‍ഷക തൊഴിലാളികളുടെ വേഷത്തില്‍ സ്കൂളില്‍നിന്ന് കിടങ്ങൂര്‍ സൗത് കിഴിനാട് പാടശേഖരത്തിലേക്ക് നാടന്‍ പാട്ടുപാടി അധ്യാപകര്‍ക്കൊപ്പം പുറപ്പെട്ടപ്പോള്‍ കുട്ടിക്കര്‍ഷകര്‍ക്ക് അകമ്പടി സേവിക്കാന്‍ നാട്ടുകാരും ഒപ്പം കൂടിയിരുന്നു. എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പരിസ്ഥിതി ക്ളബ് ആഭിമുഖ്യത്തില്‍ കിഴിനാട് പാടശേഖരത്തില്‍ ആറു മാസം മുമ്പ് വിതച്ച ‘രക്തശാലി’ ഇനത്തില്‍പെട്ട നെല്‍വിത്ത് ധനുമാസക്കുളിരിനെയും കുംഭച്ചൂടിനെ അതിജീവിച്ച് കതിര്‍മണിതൂകിയപ്പോള്‍തന്നെ നാട്ടുകാരും കൊയ്ത്തുത്സവത്തെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു. ഒരുസംഘം കുട്ടിക്കര്‍ഷകര്‍ അരിവാള്‍ ഉപയോഗിച്ച് കറ്റകള്‍ കൊയ്തപ്പോള്‍ കറ്റകള്‍ മെതിക്കാന്‍ മറ്റ് കൂട്ടുകാര്‍ അരയും തലയും മുറുക്കി തയാറായി നിന്നിരുന്നു. മെതിച്ച് ചാക്കിലാക്കിയ നെല്‍മണികള്‍ കുത്തി അരിയാക്കാന്‍ കുട്ടിക്കര്‍ഷകരുടെ മറ്റൊരു സംഘവും ഒരുങ്ങിനിന്നിരുന്നു. നാട്ടിലെ പ്രമുഖ കര്‍ഷകനായ ദിവാകരന്‍ നായരുടെ നിര്‍ദേശപ്രകാരമാണ് വിദ്യാര്‍ഥികള്‍ ശനിയാഴ്ച കൊയ്ത്തുത്സവം നടത്തിയത്. മോന്‍സ് ജോസഫ് എം.എല്‍.എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് മാത്രമല്ല നാടിനുപോലും ഇത്തരത്തിലുള്ള കാര്‍ഷിക രീതി മാതൃകയാണെന്ന് എം.എല്‍.എ പറഞ്ഞു. കൃഷി അന്യമായിക്കൊണ്ടിരിക്കുന്ന കാലത്ത് വിദ്യാലയങ്ങളില്‍ ഇത്തരത്തിലുള്ള കാര്‍ഷിക സംസ്കാരം വളര്‍ത്തിയെടുക്കുന്നത് നമ്മുടെ കാര്‍ഷിക ഭാവിയെ ശോഭനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡന്‍റ് സതീശന്‍ കുന്നത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ലിസി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.സി. വിജയകുമാര്‍, ഹെഡ്മിസ്ട്രസ് പി.കെ. ശ്രീകുമാരി, പരിസ്ഥിതി ക്ളബ് കോഓഡിനേറ്റര്‍ പ്രവീണ്‍കുമാര്‍, മറ്റ് അധ്യാപകര്‍, പി.ടി.എ പ്രതിനിധികള്‍ എന്നിവര്‍ കൊയ്ത്തുത്സവത്തിന് നേതൃത്വം നല്‍കി. ബ്ളോക് പഞ്ചായത്ത് അംഗങ്ങളായ പ്രകാശ് ബാബു, ജ്യോതി ബാലകൃഷ്ണന്‍, വാര്‍ഡ് മെംബര്‍മാരായ നീലകണ്ഠന്‍ നമ്പൂതിരി, ഷിജി ജോമോന്‍, ശാന്തി ബാലകൃഷ്ണന്‍, ഭാരതീയ വിദ്യാമന്ദിരം മാനേജര്‍ ദിലീപ് കുമാര്‍, കിടങ്ങൂര്‍ കൃഷി ഓഫിസര്‍ ബിനി ഫിലിപ്പ്, ഹരിതസേന ജില്ലാ കോഓഡിനേറ്റര്‍ വേണുഗോപാല്‍ വാലയില്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.