കോണ്‍ഗ്രസിന് പൂഞ്ഞാറില്ളെങ്കില്‍ പാലായില്‍ മാണി വിയര്‍ക്കുമെന്ന് പോസ്റ്ററുകള്‍

കോട്ടയം: കെ.എം. മാണിക്കെതിരെ പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ യൂത്ത് കോണ്‍ഗ്രസിന്‍െറയും കെ.എസ്.യുവിന്‍െറയും പേരില്‍ പോസ്റ്ററുകള്‍. കെ.എം. മാണിക്ക് പാലായില്‍ ജയിക്കേണ്ടെയെന്ന ചോദ്യം ഉന്നയിക്കുന്ന പോസ്റ്ററുകളില്‍ പൂഞ്ഞാര്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പൂഞ്ഞാര്‍ സീറ്റ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പൂഞ്ഞാര്‍, ഈരാറ്റുപേട്ട മേഖലകളിലാണ് കൂടുതല്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞതവണ പി.സി. ജോര്‍ജ് മത്സരിച്ച പൂഞ്ഞാര്‍ മണ്ഡലം വിട്ടുനല്‍കണമെന്ന് കോണ്‍ഗ്രസ് കടുത്തനിലപാട് സ്വീകരിക്കുന്നതിനിടെയാണ് ഇത്. പൂഞ്ഞാര്‍ മണ്ഡലം വിട്ടുനല്‍കിയില്ളെങ്കില്‍ പാലായില്‍ കാലുവാരുമെന്ന സൂചന നല്‍കുന്ന പോസ്റ്ററുകള്‍ താഴത്തേട്ടില്‍ ഇരുവിഭാഗം പ്രവര്‍ത്തകള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. ഇതോടെ മുന്‍ തെരഞ്ഞെടുപ്പുകളിലേതുപോലെ കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് തര്‍ക്കം കടുക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പുകള്‍ എത്തുമ്പോള്‍ ജില്ലയില്‍ സീറ്റുകളെച്ചൊല്ലി തര്‍ക്കം പതിവാണ്. ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ സീറ്റുകള്‍ തങ്ങള്‍ക്കുവേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇവ വിട്ടുനല്‍കാനാവില്ളെന്നാണ് കേരള കോണ്‍ഗ്രസ് നിലപാട്.അതേസമയം, തങ്ങളുടെ കടമ പൂര്‍ത്തിയാക്കി തിരുവനന്തപുരത്തേക്ക് നോക്കുകയാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളാകേണ്ടവരുടെ ലിസ്റ്റ് സംസ്ഥാന സമിതിക്ക് കൈമാറിയിരിക്കുകയാണ് സി.പി.എം ജില്ലാ നേതൃത്വം. ഇനി തീരുമാനമുണ്ടാകേണ്ടത് സി.പി.എം സംസ്ഥാന സമിതിയില്‍നിന്ന് എല്‍.ഡി.എഫ് സംസ്ഥാന നേതൃത്വത്തില്‍നിന്നുമാണ്. ല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥി സംബന്ധിച്ച് ഏറക്കുറെ തീരുമാനത്തിലത്തെിയിട്ടുണ്ട്. കോട്ടയത്ത് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.ആര്‍. രഘുനാഥന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഹരികുമാര്‍ എന്നിവരുടെ പേരുകളാണ് അന്തിമ പരിഗണനയിലുള്ളത്. ഏറ്റുമാനൂരില്‍ സുരേഷ് കുറുപ്പിന്‍െറ പേരാണ് പ്രധാനമെങ്കിലും പാര്‍ലമെന്‍ററി രംഗത്തുനിരവധി അവസരങ്ങള്‍ ലഭിച്ച ആളെന്ന നിലയില്‍ മാറി നില്‍ക്കണമെന്ന അഭിപ്രായം പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ പലര്‍ക്കുമുണ്ട്. ഈ സാഹചര്യത്തില്‍ ഏറ്റുമാനൂരില്‍ പുതിയ സ്ഥാനാര്‍ഥി വരുമെന്ന അഭൂഹങ്ങളുമുണ്ട്. കടുത്തുരുത്തിയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുകൂടിയായ വനിത ഉള്‍പ്പെടെ മൂന്നു പേരുടെ പേരുകളാണ് പരിഗണനക്കുള്ളത്. പുതുപ്പള്ളിയില്‍ റെജി സഖറിയയുടെ പേര് സജീവമായി പരിഗണിക്കുന്നുണ്ടെങ്കിലും അവസാന നിമിഷം അപ്രതീക്ഷിത സ്ഥാനാര്‍ഥിക്കും സാധ്യതയുണ്ട്. ചങ്ങനാശേരിയില്‍ കേരള കോണ്‍ഗ്രസ് മാണിയില്‍നിന്ന് പുറത്തുപോയ ഡോ. കെ.സി. ജോസഫ് സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. എല്‍.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന്‍െറ തീരുമാനമാകും ഇതിലും നിര്‍ണായകം. ഡോ. ബി. ഇക്ബാലിനെയാണ് സി.പി.എം ഇവിടേക്ക് പരിഗണിച്ചിരുന്നത്. ചങ്ങനാശേരി കെ.സി. ജോസഫിന് നല്‍കുകയാണെങ്കില്‍ ഇക്ബാലിന് പകരം സീറ്റ് കണ്ടെത്തേണ്ടിവരും. സി.പി.ഐയുടെ സിറ്റിങ് സീറ്റായ വൈക്കത്ത് ഇവര്‍ പുതുമുഖത്തെ പരിഗണിച്ചേക്കും. പൂഞ്ഞാറിന്‍െറ കാര്യത്തിലാണ് ജില്ലയില്‍ വലിയ അനിശ്ചിതത്വം നിലനില്‍ക്കുന്നത്. മാണി ഗ്രൂപ്പില്‍നിന്ന് രാജിവെച്ച പി.സി. ജോര്‍ജ്, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ. തോമസ്, മുന്‍ എം.എല്‍.എ ജോര്‍ജ് ജെ. മാത്യു എന്നിവരുടെ പേരുകളാണ് അന്തരീക്ഷത്തില്‍. സി.പി.എം സംസ്ഥാന സമിതിയുടെ തീരുമാനമാണ് ഇവിടെയും നിര്‍ണായകം. കാഞ്ഞിരപ്പള്ളിയില്‍ സി.പി.ഐ തന്നെ മത്സരിക്കുമെന്ന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗത്തിനും ഈ സീറ്റില്‍ നോട്ടമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.