സ്കൂട്ടര്‍ യാത്രികയെ റോഡിലിട്ടു മര്‍ദിച്ച പ്രതികളെ തിരിച്ചറിഞ്ഞു

കോട്ടയം: സ്കൂട്ടര്‍ യാത്രികയായ യുവതിയെ റോഡിലിട്ടു മര്‍ദിച്ച സംഭവത്തിലെ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. മണര്‍കാട് സ്വദേശികളായ ഇവരുടെ വീട്ടില്‍ എത്തിയെങ്കിലും രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. മര്‍ദനത്തില്‍ അവശനിലയിലായ കായംകുളം സ്വദേശിയായ ജിന്‍സി (22) കോട്ടയം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ മണര്‍കാട് കവലയില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തി വരികയാണ്. ഒരാഴ്ച മുമ്പ് ബ്യൂട്ടി പാര്‍ലറില്‍നിന്ന് സ്കൂട്ടറില്‍ റോഡിലേക്ക് ഇറങ്ങുമ്പോള്‍ കാര്‍ തട്ടിയ സംഭവത്തില്‍ കാറുടമ ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിരുന്നു. പൊലീസ് സ്റ്റേഷനില്‍ എത്താതെ ഇത് പരിഹരിക്കുകയായിരുന്നു. ഇതാണ് മര്‍ദനത്തിന് കാരണമെന്ന് കരുതുന്നു. ആശുപത്രിയില്‍ കിടക്കുന്ന യുവതിയുടെ വിശദമൊഴി പൊലീസ് തിങ്കളാഴ്ച രേഖപ്പെടുത്തി. കോട്ടയത്തുനിന്ന് സ്കൂട്ടറില്‍ വീട്ടിലേക്കു പോകുകയായിരുന്ന യുവതിയെ പിന്തുടര്‍ന്നു കാറിലത്തെിയവരാണ് ആക്രമിച്ചത്. സ്കൂട്ടറിന് മുന്നില്‍ കാര്‍ നിര്‍ത്തിയ ശേഷം കാര്‍ ഓടിച്ചിരുന്നയാള്‍ വാഹനത്തില്‍നിന്ന് ഇറങ്ങി യുവതിയുടെ കഴുത്തില്‍ അടിച്ചു. അടിയുടെ ആഘാതത്തില്‍ സ്കൂട്ടറില്‍നിന്ന് താഴെ വീണ യുവതിയെ റോഡിലൂടെ വലിച്ചിഴച്ചു. രക്ഷപ്പെടാന്‍ സമീപത്തെ വീട്ടിലേക്കു ഓടിക്കയറിയ യുവതിയെ പിന്നാലെ എത്തിയ അക്രമി മുറ്റത്തുണ്ടായിരുന്ന പൂച്ചട്ടി എടുത്ത് അടിച്ചുവീഴ്ത്തുകയായിരുന്നു. വീട്ടുകാരോടു യുവതി സഹായം അഭ്യര്‍ഥിച്ചെങ്കിലും അക്രമി സംഘത്തെ ഭയന്നു വീട്ടുകാര്‍ പുറത്തിറങ്ങിയില്ല. തുടര്‍ന്ന് മറ്റൊരു വീട്ടിലേക്ക് യുവതി ഓടിക്കയറി. വീടിന്‍െറ ഗേറ്റ് അടച്ചിട്ടു അവര്‍ യുവതിയെ രക്ഷിക്കുകയായിരുന്നു. സംഭവംകണ്ട് നാട്ടുകാരില്‍ ചിലര്‍ രംഗത്ത് എത്തിയെങ്കിലും ഇവര്‍ക്ക് നേരെയും അക്രമി ഭീഷണി മുഴക്കി. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തത്തെിയെങ്കിലും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.