കാറ്റിലും മഴയിലും വ്യാപകനാശം

കാഞ്ഞിരപ്പള്ളി: മഴക്കൊപ്പമത്തെിയ കാറ്റില്‍ കാഞ്ഞിരപ്പള്ളി മേഖലയില്‍ വ്യാപകനാശം. മരം വീണ് വീടുകള്‍ തകര്‍ന്നു. റോഡിലേക്ക് മരം വീണ് ഗതാഗതവും സ്തംഭിച്ചു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയുണ്ടായ കാറ്റാണ് നാശം വിതച്ചത്. തമ്പലക്കാട് കളരിക്കല്‍ അരവിന്ദാക്ഷന്‍ നായരുടെ വീടിനു മുകളിലേക്ക് രണ്ട് റബര്‍ മരങ്ങള്‍ ഒടിഞ്ഞുവീണു. വീടിന്‍െറ മൂന്നു മുറികളുടെ മേല്‍ക്കൂരയും ആസ്ബസ്റ്റോസ് ഷീറ്റുകളും തകര്‍ന്നു. ആനക്കല്ല് പൊന്മല കുളമറ്റം ദേവസ്യയുടെ വീടിനു മുകളിലേക്ക് സമീപപറമ്പിലെ ആഞ്ഞിലിമരം കടപുഴകി മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. തൊട്ടടുത്ത പുതുക്കലേങ്ങില്‍ മൊയ്തീന്‍െറ വീടിന് മുകളിലേക്ക് മഹാഗണിയുടെ ശിഖരം ഒടിഞ്ഞുവീണു. മേഖലയിലെ റബര്‍ മരങ്ങള്‍ കടപുഴകി. വൈദ്യുതി ലൈനുകളിലേക്ക് മരംവീണ് പ്രദേശത്തെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ദേശീയപാതയില്‍ ചിറ്റടിക്ക് സമീപം റോഡിലേക്ക് റബര്‍ മരത്തിന്‍െറ ശിഖരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് അഗ്നിശമനസേനയത്തെിയാണ് മരം വെട്ടിമാറ്റിയത്. കാഞ്ഞിരപ്പള്ളി-എരുമേലി റോഡില്‍ കൂവപ്പള്ളിക്ക് സമീപം മരത്തിന്‍െറ ശിഖരങ്ങള്‍ റോഡിലേക്ക് വീണു. നാട്ടുകാരാണ് ശിഖരങ്ങള്‍ വെട്ടിമാറ്റിയത്. പലയിടങ്ങളിലും വൈദ്യുതി ലൈനുകളിലേക്ക് മരങ്ങള്‍ വീണതോടെ വൈദ്യുതി വിതരണം മണിക്കൂറുകള്‍ നിലച്ചു. പാലാ: മഴയിലും കാറ്റിലും രാമപുരം പ്രദേശത്ത് നിരവധിപേരുടെ വീടും കൃഷിയും നശിച്ചു. കാറ്റില്‍ പാലവേലി കോരംകുളത്ത് കാഞ്ഞിരമറ്റത്തില്‍ അവിരാച്ചന്‍െറ വീടിനുമുകളിലേക്ക് പ്ളാവ് വീണു. മരംവീണ ഭാഗത്തെ മുറിയില്‍ അവിരാച്ചന്‍ ഉറങ്ങുകയായിരുന്നു. വീടിന് മച്ച് ഉണ്ടായതുകൊണ്ട് ദുരന്തം ഒഴിവായി. അയല്‍വാസിയുടെ പ്ളാവാണ് വീണത്. പൈനാപ്പ്ള്‍ കൃഷിക്കുവേണ്ടി സ്ഥലം ഒരുക്കിയപ്പോള്‍ പ്ളാവിന്‍െറ വേരുകള്‍ മുറിച്ചുമാറ്റിയതാണ് മരം കടപുഴകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. രാമപുരം വില്ളേജ് ഓഫിസര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് മോളി പീറ്റര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. മുണ്ടക്കയം: മരംവീണ് വീട് ഭാഗികമായി തകര്‍ന്ന് ഗൃഹനാഥന് പരിക്ക്. മുണ്ടക്കയം, അമരാവതി പ്രതാപ് ഭവനില്‍ പ്രേം കുമാറിനാണ് പരിക്കേറ്റത്. മുറ്റത്തുനിന്ന തേക്ക് കാറ്റില്‍ ഒടിഞ്ഞ് വീടിനുമുകളില്‍ വീഴുകയായിരുന്നു. മേല്‍ക്കൂര തകര്‍ന്നാണ് പ്രേം കുമാറിന് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ബ്യൂല തലനാരിഴക്കാണ് രക്ഷപ്പെട്ടത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റ പ്രേംകുമാറിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.