ഉത്സവാഘോഷങ്ങള്‍ തകര്‍ക്കാന്‍ ഗൂഢശ്രമം –ഗണേഷ്കുമാര്‍

ഏറ്റുമാനൂര്‍: ഉത്സവങ്ങളും മറ്റ് ആഘോഷങ്ങളും സുരക്ഷിതവും ഭംഗിയായും നടത്താന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കണമെന്ന് കേരളാ എലിഫെന്‍റ് ഓണേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ. കേരളത്തിന്‍െറ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായ ഉത്സവാഘോഷങ്ങള്‍ തകര്‍ക്കാന്‍ വിദേശ പണം കൈപ്പറ്റുന്ന ചില എന്‍.ജി.ഒ സംഘടനകള്‍ ഗൂഢശ്രമം നടത്തുന്നതായും അദ്ദേഹം ആരോപിച്ചു.കേരളാ എലിഫെന്‍റ് ഓണേഴ്സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനം ഏറ്റുമാനൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബംഗളൂരുവിലെ വൈല്‍ഡ് ലൈഫ് റിഹാബിലിറ്റേഷന്‍ സെന്‍റര്‍, കേന്ദ്ര ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ്, പീപ്പ്ള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്‍റ് ഓഫ് ആനിമല്‍സ് (പി.ഇ.ടി.എ) തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളിലെ ആനയെഴുന്നള്ളിപ്പിനെതിരെ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തതും സദുദ്ദേശ്യത്തോടെയല്ല. വൈല്‍ഡ് ലൈഫ് റിഹാബിലിറ്റേഷന്‍ സെന്‍റര്‍ ഏറ്റെടുക്കുന്ന ആനകളെ പട്ടിണിക്കിട്ട് പണം തട്ടിയെടുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഇത്തരം നീക്കങ്ങളെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്‍റ് എം. മധു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി. ശശികുമാര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി പി.എസ്. രവീന്ദ്രനാഥ്, അസിസ്റ്റന്‍റ് സെക്രട്ടറി പോത്തന്‍ വര്‍ഗീസ്, ഹരിപ്രസാദ് വി. നായര്‍, ഫെസ്റ്റിവല്‍ കോഓഡിനേഷന്‍ കമ്മിറ്റി പ്രസിഡന്‍റ് രാജേഷ് പല്ലാട്ട് എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്‍റായി മാത്യു അരീക്കന്‍ (പാലാ), സെക്രട്ടറിയായി മാനുവല്‍ തോമസ് (ഈരാറ്റുപേട്ട) എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്‍റ്- പുഷ്പദാസ് വേമ്പനാട് (വെച്ചൂര്‍), പി.ടി. തോമസ് പ്ളാത്തോട്ടം (ഈരാറ്റുപേട്ട), ജോയന്‍റ് സെക്രട്ടറി- ദേവന്‍ സി. തോട്ടുചാലില്‍ (കുറവിലങ്ങാട്), അസി. സെക്രട്ടറി- വി.കെ. സുധി (നെടുംകുന്നം), ഒ.എസ്. വര്‍ഗീസ് (തോട്ടക്കാട്), ട്രഷറര്‍ - വര്‍ക്കി നടയ്ക്കല്‍ (മുണ്ടക്കയം).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.